കൊച്ചി: എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് 2022ല്‍ (എആര്‍ആര്‍സി) എക്കാലത്തെയും മികച്ച പ്രകടനവുമായി ഐഡെമിറ്റ്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. ഏഷ്യയിലെ ഏറ്റവും കടുപ്പമേറിയ റോഡ് റേസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താണ് ഹോണ്ട റേസിങ് ഇന്ത്യ താരം രാജീവ് സേതു ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യമാണ്.
മൂന്നാം റൗണ്ടിലെ രണ്ടാം റേസിലാണ് രാജീവ് അഞ്ചാം സ്ഥാനത്തെത്തിയത്. എപി250 വിഭാഗത്തിലായിരുന്നു രാജീവിന്റെ നേട്ടം. വിജയത്തോടെ 11 പോയിന്റുകളും ഹോണ്ട റേസിങ് ഇന്ത്യ ടീമിന് ലഭിച്ചു. സിംഗിള്‍ റേസില്‍ എക്കാലത്തെയും ഉയര്‍ന്ന പോയിന്റ് കൂടിയാണിത്. രാജീവിന്റെ സഹതാരം സെന്തില്‍ കുമാര്‍ നനഞ്ഞ റേസ്ട്രാക്ക് കാരണം ആദ്യ ലാപ്പില്‍ തന്നെ പുറത്തായി.
ഹോണ്ട റേസിങ് ഇന്ത്യക്ക് ഇത് സന്തോഷകരമായ ദിവസമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രകടനം ഒരു റെക്കോഡ് സൃഷ്ടിക്കുക മാത്രമല്ല, മുഴുവന്‍ ടീമിന്റെയും മനോവീര്യം ഉയര്‍ത്തുകയും ചെയ്തു. സെന്തില്‍ കുമാര്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് 25ാമത് എഡിഷന്റെ മൂന്നാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ അഞ്ച് റൗണ്ട് മത്സരങ്ങളാണുള്ളത്. 2022 മാര്‍ച്ച് 22ന് തായ്ലാന്‍ഡിലെ ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ മത്സരങ്ങള്‍ ഈ വര്‍ഷം നവംബറില്‍ ഇതെ സര്‍ക്യൂട്ടില്‍ തന്നെയായിരിക്കും അവസാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: