വീരബട്ടിന മൊഗലയ്യയെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? പദമതി സഹോദരങ്ങളെപ്പറ്റി ആരെങ്കിലും വായിച്ചിട്ടുണ്ടോ? നമ്മുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന് ജീവത്യാഗം ചെയ്യേണ്ടിവന്ന, മണ്മറഞ്ഞ ധീരദേശാഭിമാനികളെ അറിയാതെ നാമെങ്ങനെ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ട് സ്വതന്ത്രഭാരതത്തില്‍ ജീവിച്ചുവെന്ന് എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള വേദിയൊരുക്കുകയാണ് സ്വതന്ത്രഭാരതത്തിന്റെ 75-ാം വാര്‍ഷികം. കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ നാം നഷ്ടപ്പെടുത്തിയത് എന്താണെന്ന് തിരിച്ചറിയുകയാണ് നവഭാരതം. അവയെ ഓരോന്നായി വീണ്ടെടുക്കുകയാണ് ഈ രാജ്യം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനായി പൊരുതി മരിച്ച ഓരോ ധീരരേയും സ്മരിക്കുകയാണ് ഈ നാട്.
മുപ്പത്തിമൂന്ന് ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വെറുമൊരു തുണ്ട് ഭൂമി മാത്രമല്ല ഈ നാടെന്ന് പുതുതലമുറ തിരിച്ചറിയുന്നു. രാജ്യത്തെ കോടികോടി ഭവനങ്ങളില്‍ ഉയരുന്ന ദേശീയപതാക, അലയടിച്ചുയരുന്ന ദേശീയതാബോധത്തിന്റെ നേര്‍ക്കാഴ്ചയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നില്‍ നിന്നു നയിക്കുന്ന ദേശീയതയുടെ ഈ ഉദ്ഘോഷത്തിന്റെ പരകോടിയില്‍ ഇന്ന് രാജ്യമെങ്ങും കോടിക്കണക്കിന് ദേശീയപതാകകള്‍ പാറിക്കളിക്കും. 130 കോടി ജനത സ്വാതന്ത്ര്യത്തെ ഏറ്റെടുക്കുന്നത് അങ്ങനെ ലോകം കാണുകയാണ്.
ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന് ഹൈദരാബാദ് നൈസാമിന്റെ ക്രൂരന്മാരായ റസാക്കര്‍ സൈനികര്‍ കൊന്നൊടുക്കിയതാണ് പദമതി സഹോദരങ്ങളെ. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ 1946 ജൂലൈ 29നായിരുന്നു സംഭവം. പദമതി മല കനകയ്യ, പദമതി മല്ലയ്യ സഹോദരങ്ങള്‍ വാറങ്കല്‍ നഗരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിനെ റസാക്കര്‍ സൈന്യം തടയുകയും ഇരുവരെയും നഗരമധ്യത്തില്‍ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. വീരബട്ടിന മൊഗലയ്യയും വാറങ്കലിന്റെ ധീരവിപ്ലവകാരിയാണ്. 1946 ആഗസ്ത് 11ന് വാറങ്കല്‍ കോട്ടയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന് റസാക്കര്‍ സൈന്യം മൊഹലയ്യയെ കൊലപ്പെടുത്തുമ്പോള്‍ നിസ്സഹായയായ മാതാവ് അതിന് ദൃക്സാക്ഷിയായിരുന്നു. പാക്കിസ്ഥാനോട് ചേരാന്‍ മോഹിച്ച ഹൈദരാബാദ് നൈസാമിനെതിരെ ത്രിവര്‍ണ്ണ പതാകയേന്തി പൊരുതി മരിച്ച ആയിരങ്ങളുടെ പ്രതിനിധികളാണ് ഇവര്‍.
1930കള്‍ മുതല്‍ സ്വാതന്ത്ര്യലബ്ദി വരെയുള്ള 17 വര്‍ഷം ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളും നൈസാമിന്റെ വാള്‍ത്തലയും ഏറ്റുവാങ്ങിയ നിരവധി പേരുടെ ഓര്‍മ്മകള്‍ ഓരോ ഭാരതീയനിലും നിറയേണ്ട നിമിഷങ്ങളാണിത്. സ്വതന്ത്രഭാരതത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിന് മരിച്ചു വീഴേണ്ടിവന്ന കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ധീരദേശാഭിമാനികളെയും സുരക്ഷാ സൈനികരെയും കൂടി നമുക്ക് ഈ വേളയില്‍ അനുസ്മരിക്കാം. ത്രിവര്‍ണ്ണ പതാകയുടെ മാനം കാക്കാന്‍ രാജ്യാതിര്‍ത്തികളില്‍ മരിച്ചു വീഴുന്ന പട്ടാളക്കാരുടെ വീര്യത്തെ മറക്കാതിരിക്കാം. അതിനെല്ലാം ഉപരി 25 വര്‍ഷങ്ങള്‍ക്കപ്പുറമുള്ള ജഗദ് ഗുരുവായ ഭാരതത്തെപ്പറ്റി നമുക്ക് സ്വപ്നം കാണാം.
പ്രധാനമന്ത്രിയുടെ ഹര് ഘര്‍ തിരംഗ(എല്ലാ വീടുകളിലും ദേശീയപതാക) ക്യാമ്പയിന് ഇന്നു മുതല്‍ 15ന് വൈകിട്ട് വരെയാണ് നടക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയപതാക ഉയര്‍ത്താനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പൊടുന്നനെയായിരുന്നു. എന്നാല്‍ ആ പ്രഖ്യാപനത്തിന് ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണം അതിലും വേഗത്തിലും ആവേശത്തിലുമായിരുന്നു എന്നതാണ് ശ്രദ്ധേയം. ഖാദിയില്‍ നിര്‍മ്മിക്കുന്ന ദേശീയ പതാകകള്‍ ഇത്രയധികം ലഭ്യമാകാന്‍ പ്രയാസമാണെന്ന് കണ്ടതോടെ പോളിസ്റ്ററിലടക്കം ദേശീയ പതാകകള്‍ തയ്യാറാക്കാന്‍ അനുമതി നല്കി. 25 രൂപ നല്കിയാല് പോസ്റ്റ് ഓഫീസുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ദേശീയപതാക ജനങ്ങള്‍ക്ക് വില്‍പ്പന നടത്തി. വെറും പത്തു ദിവസം കൊണ്ട് ഒന്നേകാല്‍ കോടിയോളം ദേശീയ പതാകകളാണ് ആളുകള്‍ വാങ്ങിയത്. മോദിയുടെ പ്രഖ്യാപനത്തെ ഇന്ത്യന്‍ ജനത എത്ര വൈകാരികമായാണ് കണ്ടതെന്ന് വ്യക്തമാക്കുന്നതാണീ കണക്കുകള്‍.
ദേശീയ പതാകയുമായി ബന്ധപ്പെട്ട ഫ്ളാഗ് കോഡില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയാണ് ഹര് ഘര്‍ തിരംഗ ക്യാമ്പയിന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ മുതല്‍ ആഗസ്ത് 15ന് വൈകിട്ട് വരെ എല്ലാവര്ക്കും ദേശീയ പതാക ഉയര്‍ത്താം. രാത്രിയില്‍ അടക്കം ദേശീയ പതാക പാറിക്കളിക്കുന്ന കാഴ്ച നമുക്കീ രണ്ടു ദിവസങ്ങളില്‍ ദൃശ്യമാവും. ദേശീയ പതാകയ്ക്ക് സമ്പൂര്‍ണ്ണ ആദരവ് നല്കിക്കൊണ്ടു വേണം അവ ഉയര്‍ത്തേണ്ടത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങളും രാജ്യമെങ്ങും വാര്‍ത്താ മാധ്യമങ്ങള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും ജില്ലകളിലും തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും ദേശീയപതാകകള്‍ നിറയുകയാണ്. രാജ്യത്തെ 25 കോടി വീടുകളിലും ദേശീയ പതാകകള്‍ ഉയരും. ലക്ഷക്കണക്കിന് സ്ഥാപനങ്ങളിലും ഫാക്ടറികളിലും കൃഷിയിടങ്ങളിലും വിദ്യാലയങ്ങളിലും സൈനിക ക്യാമ്പുകളിലും നാവിക യുദ്ധക്കപ്പലുകളിലും തുടങ്ങി ഹിമാലയത്തിന് മുകളിലെ സിയാച്ചിനില്‍ വരെ ഇന്ന് നമ്മുടെ ത്രിവര്‍ണ്ണ പതാക പാറിപ്പറക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഈ ആവേശത്തിലൂടെ ദേശീയതയുടെ വീണ്ടെടുപ്പില്‍ നമുക്കെല്ലാം ഭാഗഭാക്കാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: