സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരാഹ്വാനം നടത്തി. ‘ഹര് ഘര്‍ തിരംഗ’. മൂന്നുദിവസം എല്ലാവീടുകളിലും ദേശീയ പതാക ഉയര്‍ത്തുക. മുഖ്യമന്ത്രിമാരും വിദ്യാലയങ്ങളും ബഹുവിധസംഘടനകളും ആഹ്വാനം നെഞ്ചിലേറ്റി. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാരും അതേറ്റെടുത്തു. ഇന്നലെ പത്രങ്ങളിലെല്ലാം പരസ്യം നല്കി. ”സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ പങ്കാളിയാകൂ. എല്ലാ വീടുകളിലും ഓഫീസുകളിലും പൊതു സ്ഥാപനങ്ങളിലും ആഗസ്ത് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തൂ…” എന്നാണ് ആ പരസ്യത്തിലെ വാചകം. രാജ്യത്താകെ 20 കോടി വീടുകളില്‍ ദേശീയ പതാകകള്‍ ഉയരും.
ഇതിനിടയിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ഒരാക്ഷേപം കേട്ടത്. സ്വാതന്ത്ര്യദിനം ആര്‍എസ്എസുകാര്‍ തട്ടിയെടുക്കുന്നു എന്നാണതില്‍ പറയുന്നത്. ഒരു ആര്എസ്എസുകാരന് പോലും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം എല്ലാവര്ക്കും നിശ്ചയമുള്ളതാണല്ലോ. മഹാത്മാഗാന്ധിയെ അവര്‍ എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? നേതാജിയെക്കുറിച്ചുള്ള അവരുടെ നിലപാടെന്താണ്. ‘ജപ്പാന്‍കാരുടെ ചെരുപ്പ് നക്കി’ എന്ന പ്രയോഗമാണവര്‍ എന്നും നടത്തിയിട്ടുള്ളത്. വന്ദേമാതരം… സ്വാതന്ത്ര്യസമരത്തിന്റെ പഞ്ചാക്ഷരമന്ത്രം. കമ്മ്യൂണിസ്റ്റുകാര്‍ പാടുമോ? ഭാരതമാതാ അവര്‍ പറയുമോ?
ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തില്ലേ എന്ന് ചോദിച്ചേക്കാം. അന്ന് അദ്ദേഹം കമ്യൂണിസ്റ്റുകാരനായിരുന്നോ? കെപിസിസി സെക്രട്ടറിയായിരുന്നില്ലെ? ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍ ഇവിടെ ഇഎംഎസിനെ പോലെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുകയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു. വി.ഡി. സവര്‍ക്കര്‍ ആര്എസ്എസ്സുകാരനല്ലെ എന്ന് ചോദിക്കുന്ന ജയരാജന്മാര് ഒന്നറിയണം. സവര്‍ക്കറെ പോലൊരു സ്വാതന്ത്ര്യസമരസേനാനി വേറേ ആരാണുള്ളത്. ശരിയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ല. അമിത്ഷായും സ്വാതന്ത്ര്യസമരസേനാനിയല്ല. സ്വതന്ത്രഭാരതത്തില്‍ പിറന്ന അവരെങ്ങിനെ സ്വാതന്ത്ര്യസമരസേനാനികളാണെന്ന് പറയും.
ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയും അടല്‍ ബിഹാരി വാജ്പേയിയും സ്വാതന്ത്ര്യസമരസേനാനികളായിരുന്നു. എന്നാല്‍ ലാല്‍കൃഷ്ണ അദ്വാനി ഇന്ത്യയില്‍ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നില്ല. സ്വാതന്ത്ര്യം നേടുമ്പോള്‍ കറാച്ചിയില്‍ നിന്നും അഭയാര്‍ത്ഥിയായി ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്ന വ്യക്തിയാണ് അദ്വാനി.
ഒരിക്കല്‍ പോലും ഒരു കമ്മ്യൂണിസ്റ്റ് ഓഫീസിലും ത്രിവര്‍ണ പതാക ഉയര്‍ത്തിയിട്ടില്ല. ത്രിവര്‍ണ പതാക അവര്‍ക്ക് പീറക്കൊടിയായിരുന്നു. 1921 ല്‍ പിംഗലി വെങ്കയ്യ എന്ന ആന്ധ്രക്കാരന് ദേശീയ പതാകയ്ക്ക് രൂപം നല്‍കിയതുമുതല്‍ കമ്യൂണിസ്റ്റുകാരുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അന്നുതന്നെ അതിന്റെ അന്ത്യവും കാണേണ്ടിവന്നേനെ. ആഗസ്തും സ്വാതന്ത്ര്യസമരവുമായി അടുത്ത ബന്ധമാണുള്ളത്. ആഗസ്ത് 2 നാണ് പിംഗല വെങ്കയ്യ ജനിക്കുന്നത്. ആഗസ്റ്റ് 15 നാണ് സ്വാതന്ത്ര്യദിനം. ആഗസ്റ്റ് 9 നായിരുന്നല്ലോ ക്വിറ്റ് ഇന്ത്യാ സമരം. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകൊടുത്ത കൂട്ടരല്ലെ കമ്മ്യൂണിസ്റ്റുകാര്‍.
1921ല്‍ വിജയവാഡയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മച്ചിലിപട്ടണത്തുകാരന് പിംഗലി വെങ്കയ്യ പച്ചയും ചുവപ്പും നിറഞ്ഞ മധ്യത്തില്‍ ചര്‍ക്ക ആലേഖനം ചെയ്ത രണ്ടുവരി പതാക ഗാന്ധിജിക്കു മുന്നില്‍ സമര്‍പ്പിച്ചത്. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വെങ്കയ്യ മുകളില്‍ വെളുത്ത നിറം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ ത്രിവര്‍ണപതാകയുടെ ആദ്യമാതൃക പിറന്നത് അങ്ങനെയാണ്. 1931ല്‍ ചര്‍ക്ക ആലേഖനം ചെയ്ത കുങ്കുമ ശുഭ്ര ഹരിത പതാക കോണ്‍ഗ്രസ് അംഗീകരിക്കും വരെ പിംഗലി വെങ്കയ്യ തയ്യാറാക്കിയ പതാകയായിരുന്നു എല്ലാ കോണ്‍ഗ്രസ് സമ്മേളനങ്ങളിലും ഉയര്‍ത്തിയത്.
മച്ചിലിപ്പട്ടണത്തിലെ കര്ഷകന്, ആന്ധ്ര നാഷണല്‍ കോളജിലെ അധ്യാപകന്, ജിയോളജിസ്റ്റ്, അതിമനോഹരമായി സംസാരിക്കുന്ന പ്രഭാഷകന്‍, ദക്ഷിണാഫ്രിക്കയുടെ വിമോചന പോരാട്ടത്തിനിറങ്ങിയ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സൈനികന്… വെങ്കയ്യ ഇതെല്ലാമായിരുന്നു. ജാപ്പനീസ് ഭാഷയില്‍ പണ്ഡിതനായതിനാല്‍ ജനങ്ങള്‍ ജപ്പാന് വെങ്കയ്യ എന്ന് അദ്ദേഹത്തെ വിളിച്ചു.
സ്വതന്ത്രഭാരതം എഴുപത്തഞ്ചാണ്ടായി ദേശീയപതാക ഉയര്‍ത്തുന്നു. ഇതാദ്യമായി പിംഗലി വെങ്കയ്യയ്ക്ക് രാജ്യം ആദരമര്‍പ്പിക്കുകയും ചെയ്തു. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിംഗലി വെങ്കയ്യയുടെ സ്മരണയ്ക്കായി തപാല്‍ വകുപ്പ് പുറത്തിറക്കുന്ന സ്റ്റാമ്പ് പ്രകാശനം ചെയ്തു. പിംഗലി വെങ്കയ്യ രൂപകല്‍പ്പന ചെയ്ത പതാക സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വെങ്കയ്യയുടെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. നരേന്ദ്രമോദി അവരുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ആഹ്വാനമുള്‍ക്കൊണ്ട് ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം ആഗസ്റ്റ് 9 മുതല്‍ 15 വരെ ത്രിവര്ണപതാകയാക്കി. ആഗസ്ത് ഒമ്പതു മുതല്‍ 13 വരെ എല്ലാ തെരുവുകളിലും ദേശഭക്തിഗാനങ്ങളുമായി പ്രഭാതഭേരി നടത്തണമെന്ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡ്ഡി അറിയിച്ചു. 13 മുതല്‍ 15 വരെ എല്ലാ വീട്ടിലും ദേശീയപതാക ഉയര്‍ത്തും. പാറിപ്പറക്കട്ടെ ‘ഹര് ഘര്‍ തിരംഗ’.
ദേശീയ പതാകയിലെ കുങ്കുമ വര്‍ണ്ണം രാജ്യത്തിന്റെ ത്യാഗം, ധീരത എന്നിവയെ സൂചിപ്പിക്കുന്നു. വെള്ള സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ച നിറം രാജ്യത്തിന്റെ സമ്പത്തിനെയും മണ്ണിന്റെ ഫലപുഷ്ടിയെയും സൂചിപ്പിക്കുന്നു. 24 ആരക്കാലുകളുള്ള അശോക ചക്രത്തിന്റെ സ്ഥാനം പതാകയില്‍ വെളുപ്പിന്റെ ഒത്ത നടുക്കാണ്. നേവി ബ്ലൂ ആണ് ചക്രത്തിന്റെ നിറം. ബുദ്ധമതം അനുശാസിക്കുന്ന 12 ധര്‍മങ്ങളുടെ മുന്നോട്ടും പിന്നോട്ടുമുള്ള പ്രയാണങ്ങളെയാണ് 24 ആരക്കാലുകള്കൊണ്ട് അര്‍ഥമാക്കുന്നത്. ധര്‍മചക്രം എന്നും ഇതിനുപേരുണ്ട്. സാരാനാഥിലെ അശോക സ്തംഭത്തില്‍ നിന്നു കടം കൊണ്ടതാണത്. ദേശീയ പതാകയിലെ വെളുത്ത ഭാഗത്തിന്റെ ഉയരത്തിന്റെ നാലില്‍ മൂന്നു ഭാഗമാണ് അശോക ചക്രത്തിന്റെ വ്യാസം.
എന്റെ പതാക എന്റെ അഭിമാനം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: