കൊല്ലം: സംസ്ഥാനത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ ഇറങ്ങുന്നത് നിത്യ സംഭവമാകുമ്പോള്‍ അതിന്റെ കാരണം കണ്ടെത്താനാകാതെ വനം വകുപ്പ്. കേരളത്തിലെ കാടുകളില്‍ ആനകളുടെ എണ്ണത്തിലെ വര്‍ധനവാണ് ഇതിന്റെ കാരണമെന്ന് പറയുമ്പോഴും കണക്കില്‍ വ്യക്തതയില്ല.
കാട്ടില്‍ ആനകളുടെ എണ്ണം വര്‍ധിക്കുമ്പോഴും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 849 ആനകള്‍ ചരിഞ്ഞതായാണ് കണക്ക്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത് നൂറിനു മുകളിലാണ്. 2017 ലെ കണക്കെടുപ്പില്‍ സംസ്ഥാനത്തെ വനങ്ങളില്‍ 5076 കാട്ടാനകള്‍ ഉണ്ടെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വനം വകുപ്പ് കണക്കെടുത്തിട്ടില്ല. കാട്ടില്‍ ചരിഞ്ഞ ആനകളില്‍ 50 ശതമാനവും അപകടം സംഭവിച്ചാണ് മരണപ്പെട്ടതെങ്കില്‍ ബാക്കി പ്രായാധിക്യം ചെന്നാണ്. അതേ സമയം കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് 57 പേര് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 പേരാണ് മരിച്ചത്. നാട്ടാനകളുടെ എണ്ണവും സംസ്ഥാനത്ത് കുറഞ്ഞിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് 847 നാട്ടാനകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ അത് 400 ല്‍ താഴെയായി മാറിയിട്ടുണ്ട്. നാട്ടാനകളുടെ കച്ചവടവും ഗതാഗതവും രാജ്യത്ത് നിയന്ത്രിച്ചതിനാല്‍ പുതുതായി ആനകള്‍ കേരളത്തിലേയ്ക്ക് എത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: