ന്യൂദല്‍ഹി : ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനിക പോസ്റ്റിന് നേരെ നടന്ന ഭീകരാക്രമണത്തിനു പിന്നില്‍ ലഷ്കര്‍ ഇ തോയ്ബയെന്ന് സംശയം. കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. ഇതിനോടനുബന്ധിച്ച് എന്‍ഐഎ പ്രത്യേക സംഘം ആക്രമണം നടന്ന രജൗറി ക്യാമ്പില്‍ സന്ദര്‍ശിച്ച് തെരച്ചില്‍ നടത്തി.
സൈനിക വേഷത്തിലാണ് ഭീകരര്‍ രജൗറിയിലെ സൈനിക താവളത്തിലേക്ക് കടന്നു കയറാന്‍ ശ്രമിച്ചത്. കനത്ത സുരക്ഷ നിലനില്‍ക്കുന്ന പ്രദേശത്തില്‍ ആക്രമണം നടത്തിയതിന് പിന്നില്‍ വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തില്‍ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഉടനീളം സുരക്ഷ കര്‍ശനമാക്കിയിരുന്നു. അതിനിടെയിലാണ് സൈനിക ക്യാമ്പിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്കിയതിനാല് സൈന്യം സജ്ജരായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ സൈനികരായ സുബൈദാര്‍ രാജേന്ദ്രപ്രസാദ്, റൈഫിള്‍മാന്‍ മനോജ് കുമാര്‍, ലക്ഷ്മണന് ഡി, നിഷാന്ത് കുമാര്‍ എന്നിവര്‍ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച് കൊന്നതായി സൈന്യം അറിയിച്ചു. ദര്‍ഹാല്‍ പോലീസ് സ്റ്റേഷന് ആറ് കിലോമീറ്റര്‍ ദൂരെയായാണ് സൈനി ക്യാമ്പുള്ളത്. ചാവേര്‍ ആക്രമണവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചും ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.
അതിനിടെ സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ബന്ദിപ്പോരയിലാണ് ഇന്നലെ അര്‍ധരാത്രിയോടെ ബിഹാര്‍ മധെപുര സ്വദേശിയായ മഹൊദ് അമ്റേസിന് നേരെ വെടിവയ്പ്പുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: