കൊല്ലം: തീരമേഖലയില്‍ പാര്‍ട്ടിയുടെ പരിപോഷണത്തിനായി സംഘടിപ്പിക്കുന്ന സംഗമമാണെങ്കിലും മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള എന്തെങ്കിലും ആത്മാര്‍ഥമായ പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും.
കൊല്ലം വാടി കടപ്പുറത്ത് കാല്‍ലക്ഷം മത്സ്യതൊഴിലാളികളെ അണിനിരത്തിയാണ് സിപിഎം നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളിസംഗമം സംഘടിപ്പിക്കുന്നത്. തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അവഗണനയുടെ നടുവിലാണ് മത്സ്യത്തൊഴിലാളികളും തീരവാസികളും. കടലിന്റെ മക്കളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലാത്ത സ്ഥിതിയിലാണ് അവര്‍ കഴിഞ്ഞദിവസം സമരവുമായെത്തി തലസ്ഥാനത്ത് പ്രതിഷേധിച്ചത്. പ്രളയത്തിന്റെ സമയത്ത് രക്ഷാസൈന്യമായിരുന്ന അവരുടെ മുഖത്തെ ദൈന്യത മാറ്റാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. മത്സ്യത്തിന്റെ ലഭ്യതക്കുറവും കാലാവസ്ഥ വ്യതിയാനവും സമുദ്രാന്തര്‍ ഭാഗത്തേക്കുള്ള വിലക്കും അശാസ്ത്രീയമായ മത്സ്യബന്ധനവും മനുഷ്യനിര്‍മിതമായ വിവിധ പ്രശ്നങ്ങളും കാരണം തീരവാസികള്‍ വലയുകയാണ്.
അടിക്കടിയുള്ള കാലാവസ്ഥ മുന്നറിയിപ്പുകള്‍ അന്നംമുടക്കുന്നെന്നാണ് തൊഴിലാളികളുടെ ആരോപണം. മത്സ്യവില്‍പ്പന മേഖലയിലെ പുത്തന്‍കുത്തകകളും ദ്രോഹിക്കുകയാണ്. അതീവഗുരുതര പ്രശ്നം തീരശോഷണമാണ്. അനധികൃത മണല്‍വാരല്‍, അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ മൂലമാണ് തീരം ശോഷിക്കുന്നത്. തീരസംരക്ഷണത്തിനുള്ള മുറവിളിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ 45 ദിവസമായിരുന്ന ട്രോളിംഗ് നിരോധനം 52 ദിവസമാക്കിയതും തീരമേഖലയെ വറുതിയിലാക്കി. മത്സ്യത്തൊഴിലാളികള്‍ പരമ്പരാഗതവള്ളങ്ങളില്‍ പോയാണ് ഈ കാലത്ത് ഉപജീവനം കഴിക്കുന്നത്. തീരദേശവികസനമെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കടുത്ത ദുരിതമാണ് വരുത്തിവയ്ക്കുന്നത്. ഇന്ധനവില വര്‍ധനവും മണ്ണെണ്ണ ക്ഷാമവും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
200 നോട്ടിക്കല്‍ മൈല്‍ദൂരം കിടക്കുന്ന കടലും ഏതാണ്ട് 560 കിലോമീറ്റര്‍ കടല്‍തീരവും ഉണ്ടായിട്ടും തീരജനത ഇന്നും പട്ടിണിയിലാണ്. മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ തന്നെ കാരണം. പത്തു ലക്ഷം പേര് നേരിട്ടും അല്ലാതെയും തൊഴില്‍ എടുത്തു ജീവിക്കുന്നതാണ് മത്സ്യമേഖല. ലോകത്തുള്ള ചെറുതും വലുതുമായ എല്ലാ കടലലോര രാജ്യങ്ങളും പ്രാദേശികമായി സമ്പന്നമായിട്ടുണ്ട്. നോര്‍വെ, മാലി, സിങ്കപ്പൂര്‍, ഇന്‍ഡോനേഷ്യ എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.
പ്രധാനമന്ത്രിയുടെ ബ്ലൂ റവല്യൂഷനില്‍ പെടുത്തി മുന്നൂറ് കോടി രൂപ യാണ് ആദ്യത്തെ ഗഡുവായി അയല്‍സംസ്ഥാനമായ തമിഴ്നാട് വാങ്ങിയത്. അതു തമിഴ്നാട് സര്‍ക്കാര്‍ കൊച്ചിന് ഷിപ്യാര്ഡില് അത്യാധുനിക ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ നിര്‍മിക്കാനായി വിനിയോഗിച്ചു. കേരളമാകട്ടെ ഒരു കോടി രൂപ പോലും ഇതുവരെ കേന്ദ്രത്തില്‍ നിന്നും വാങ്ങി എടുത്തിട്ടില്ല. ഈ ഘട്ടത്തിലാണ് മത്സ്യമേഖലയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകണമെന്ന ആവശ്യം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: