”…രാരീ രാരീരം രാരോ…
പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടി മെല്ലെ,
നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളെ…”
‘ഒന്നുമുതല്‍ പൂജ്യം വരെ’ യെന്ന ചലച്ചിത്രത്തില്‍ ഒഎന്‍വി എഴുതി മോഹന്‍സിതാര ഈണമിട്ട ഈ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണടച്ചു പോകുന്നവരാണ് മലയാളികള്‍. ആ താരാട്ടുപാട്ടില്‍ ലയിച്ചങ്ങനെ സുഖനിദ്രയെ പുണരാന്‍ കൊതിക്കുന്നവരേറെയാണ്. അത്രയ്ക്ക് മധുരോദായകമാണ് ആലാപനം. ജി. വേണുഗോപാലെന്ന ഗായകന്റെ ശബ്ദത്തിലല്ലാതെ ആ വരികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല മലയാളി. മനോഹരമായ ശബ്ദവും വരികളുടെ അര്‍ത്ഥവും ആഴവും അറിഞ്ഞുള്ള ആലാപനവും. 1986ല്‍ പുറത്തുവന്ന ആ ഗാനമത്രയ്ക്ക് ഹൃദ്യമായത് വേണുഗോപാലിന്റെ ശബ്ദത്തിനുവേണ്ടിയെഴുതിയ വരികളാണത് എന്നതുകൊണ്ടുകൂടിയാണ്. ഇക്കാലമത്രെയും ചലച്ചിത്രഗാനാസ്വാദകരുടെ മനംകവരുന്ന പാട്ടായി അതു നിലനില്ക്കുന്നതും അതിനാലാണ്. മലയാളികളുടെ മാണിക്യക്കുയിലായി വേണുഗോപാല്‍ അടയാളപ്പെടുത്തിയ ചലച്ചിത്രഗാനവും മറ്റൊന്നല്ല.
ജയദേവകവിയുടെ ഗീതഗോവിന്ദം വേണുഗോപാലിന്റെ ശബ്ദത്തില്‍ ഒഴുകിയെത്തുമ്പോഴും ശ്രോതാവിന്റെ ഹൃദയത്തില്‍ ഭക്തിയുടെ അനുഭൂതി നിറയുന്നു.
”ചന്ദനചര്‍ച്ചിത നീലകളേബര
പീതവസനവനമാലീ
കേളിചലന്മണികുണ്ഡലമണ്ഡിത-
ഗണ്ഡയുഗസ്മിതശാലീ,
ഹരിരിഹ മുഗ്ദ്ധവധൂനികരേ
വിലാസിനി വിലസതി കേളിപരേ…”വേണുഗോപാലിന്റെ ആലാപന സൗകുമാര്യത്തില്‍ മുഴുകി ഭഗവാനും കണ്ണടച്ചു തൊഴുതുപോകുമെന്ന് പറയുന്നത് ഒട്ടും അതിശയോക്തിയല്ല. കദളിപ്പഴം, മുരളിക, ഹരിചന്ദനം, കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാര്‍ദ്ദന, ആരോമല്ക്കണ്ണന് തുടങ്ങിയ സംഗീതാല്ബങ്ങളിലൂടെയുമെല്ലാം വേണുനാദത്തില്‍ നാം കേട്ടാസ്വദിച്ചത് നിരവധി കൃഷ്ണ ഭക്തിഗാനങ്ങള്‍.
കൃഷ്ണഭക്തിക്ക് കാലമേറുന്തോറും പ്രസക്തിയേറുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിവുണ്ട്. അത് വേണു പറഞ്ഞിട്ടുമുണ്ട്. ”ശ്രീകൃഷ്ണഭഗവാനോട് കേരളീയര്‍ക്ക് പ്രത്യേക അഭിവാഞ്ഛയുണ്ട്. ഏതുപ്രായത്തിലും നമ്മുടെ മനസ്സില്‍ ശ്രീകൃഷ്ണന് നിറഞ്ഞുനില്ക്കുന്നു. ബാല്യരൂപത്തിലും യൗവനരൂപത്തിലും ഗീതോപദേശകനായും തത്വചിന്തകനായും കൃഷ്ണന് മനുഷ്യന്റെയുള്ളിലുണ്ട്. മനുഷ്യനും ഈശ്വരനും എല്ലാം ഒത്തുചേര്‍ന്ന സങ്കല്പമാണ് കൃഷ്ണന്.” കുട്ടികളുടെ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലം നല്കുന്ന ജന്മാഷ്ടമി പുരസ്കാരം ഇന്ന് വേണുഗോപാലിന് നല്കുമ്പോള് അര്‍ഹതപ്പെട്ട ഇടത്തേക്കു തന്നെയാണ് വീണ്ടും പുരസ്കാരമെത്തുന്നതെന്ന് അഭിമാനിക്കാം. ഭഗവാന് ശ്രീകൃഷ്ണനു കൂടി സന്തോഷം നല്കുന്ന സദ്കൃത്യമാകുമതെന്നതില് സംശയം വേണ്ട.
പാട്ടുള്ള വീട്ടിലാണ് വേണുഗോപാല്‍ പിറന്നത്. പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതജ്ഞരായ രാധാമണി, ശാരദാമണി എന്നിവരുടെ അനുജത്തിയുടെ മകനാണ് ജി. വേണുഗോപാല്‍. രാധാമണിയാണ് കുട്ടിയായിരുന്ന വേണുവിനെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അഭ്യസിപ്പിച്ചിരുന്നത്. സിനിമാ രംഗത്തെത്തുന്നതിനു മുന്‍പേ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലുകളില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അഞ്ചു വര്‍ഷം തുടര്‍ച്ചയായി കേരള യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്നു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തെ പാട്ടുവേദിയില്‍ നിന്നാണ് വേണുവിന്റെ സംഗീതവഴി മാറിമറിഞ്ഞത്. പുത്തരിക്കണ്ടത്ത് എല്ലാ വര്‍ഷവും സംഗീത മത്സരമുണ്ട്. അവിടെ ഒരിക്കല്‍ കണ്ട വിധി കര്‍ത്താവാണ് തന്റെ സംഗീത ജീവിതത്തിന്റെ വിധി നിര്‍ണ്ണയിച്ചതെന്ന് വേണു തന്നെ പറഞ്ഞിട്ടുണ്ട്. സംഗീത സംവിധായകന് എം.ജി.രാധാകൃഷ്ണനായിരുന്നു ആ വിധിയെഴുത്തുകാരന്. ഏഴാംതരം വിദ്യാര്‍ത്ഥിയായിരുന്ന വേണു സ്റ്റേജില്‍ കയറി പാടിയത് എം.ജി.രാധാകൃഷ്ണന് ഈണമിട്ട ‘ഓടക്കുഴലേ…ഓടക്കുഴലേ…’ എന്ന ഗാനം. ഒന്നാം സമ്മാനം ലഭിച്ചതിനൊപ്പം ആകാശവാണിയിലേക്ക് ക്ഷണവും വന്നു. ഓഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടു. ധ്രുവചരിതം എന്ന സംഗീതപരിപാടിയില്‍ പാടി. ധ്രുവന്റെ ശബ്ദത്തില്‍ ആദ്യമായി വേണുഗോപാലിനെ ലോകം ശ്രവിച്ചു. പിന്നീട് ആകാശവാണിയില്‍ ബാലലോകം പരിപാടിക്ക് ക്ഷണമുണ്ടായി. തുടര്‍ന്നങ്ങോട്ട് ആകാശവാണി ജീവിതമായി.
1984ല്‍ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലെ ഗാനത്തിന് ഒരു ചെറിയ ഹിന്ദി ഭാഗം പാടിക്കൊണ്ടാണ് വേണുവിന്റെ ചലച്ചിത്ര പിന്നണിഗാനരംഗ പ്രവേശം. അതേ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ നിറക്കൂട്ടില്‍ ‘പൂമാനമേ ഒരു രാഗമേഘം താ…’എന്ന ഗാനം പാടിയെങ്കിലും അത് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ സിനിമയില്‍ പ്രത്യക്ഷമായില്ല. 1984ല്‍ പുറത്തിറങ്ങിയ ‘പറയാനും വയ്യ പറയാതിരിക്കാനും വയ്യ’ എന്ന ചിത്രത്തിലെ സംഘഗാനമായ ‘അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്ത്…’ എന്ന ഗാനവും വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ 1986 ല്‍ പുറത്തിറങ്ങിയ രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലെ ‘പൊന്നിന് തിങ്കള്‍ പോറ്റും മാനേ…’. ‘രാരി രാരിരം രാരോ…’ എന്നീ പാട്ടുകള്‍ ഏറെ ശ്രദ്ധേയമായി. പിന്നീടുള്ള കാലമിങ്ങോട്ട് ശ്രോതാവിന്റെ മനസ്സില്‍ കയറിയിരുന്ന് വേണുഗോപാല്‍ പാടുകയായിരുന്നു. നാമോരോരുത്തരും കേള്‍ക്കാന്‍ ആഗ്രഹിച്ച വരികളില്‍, ഈണത്തില്‍ നിരവധി പാട്ടുകള്‍. പിന്നണിപ്പാട്ടുകളായും ലളിത ഗാനങ്ങളായും ഭക്തിഗാനങ്ങളായും അതെല്ലാം മലയാളി ഏറ്റുവാങ്ങി.
ഒന്നാം രാഗം പാടി…, ചന്ദന മണിവാതില്‍ പാതി ചാരി…, താനേ പൂവിട്ട മോഹം…, പൂത്താലം വലം കൈയില്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ നാനൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ സംഗീതാല്ബങ്ങളിലും പാടി. കേരള സര്‍ക്കാര്‍ നല്കുന്ന മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്കാരം, ഉണരുമീ ഗാനം…(മൂന്നാം പക്കം), താനേ പൂവിട്ട മോഹം…(സസ്നേഹം), ആടടീ ആടാടടീ…(ഉള്ളം ) എന്നീ ഗാനങ്ങള്‍ക്കു നേടി. 1987ലും 1989 ലും മികച്ച ഗായകനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും വേണുസംഗീതത്തിനായിരുന്നു. ജി.ദേവരാജന്‍, കെ.രാഘവന് എന്നിവരോടൊപ്പം നാടക രംഗത്തും സാന്നിധ്യമറിയിച്ചു. പ്രൊഫഷനല്‍ നാടകങ്ങളില്‍ പാടിയ അദ്ദേഹത്തിനു 2000ലെ നാടക രംഗത്തെ മികച്ച ഗായകനുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ‘സബ്കോ സമ്മതി ദേ ഭഗവാന്’ എന്ന നാടകത്തിലൂടെ ലഭിച്ചു.
പ്രശസ്തരായ മലയാള കവികളുടെ മികച്ച കവിതകള്‍ ആലപിച്ചും വേണു നമ്മുടെ ഹൃദയം കവര്‍ന്നു. ഒഎന്‍വി കുറുപ്പ്, സുഗതകുമാരി, കടമ്മനിട്ട രാമകൃഷ്ണന്, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി.മധുസൂദനന് നായര്‍, എന്‍.എന്‍.കക്കാട്, ബാലചന്ദ്രന് ചുള്ളിക്കാട്, ഡി.വിനയചന്ദ്രന് എന്നിവരുടെ കവിതകള്‍ വേണുഗോപാല്‍ ആലപിച്ചു.
വേണുഗോപാല്‍ പാടുമ്പോള്‍ ഏറെനാള്‍ നമ്മോടടുത്തിടപഴകുന്ന സുഹൃത്ത് ചേര്‍ന്നിരുന്ന് പാടുന്നതുപോലെയാണ് അനുഭവപ്പെടുക. ചെവിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ഇയര്‍ഫോണിലൂടെ ഒഴുകിവരുന്ന ആ ശാന്ത ശബ്ദത്തിനൊപ്പം എല്ലാം മറന്നങ്ങനെ കിടന്നുപോകും…
”കൈ നിറയേ വെണ്ണ തരാം
കവിളിലൊരുമ്മ തരാം കണ്ണന്
കവിളിലൊരുമ്മ തരാം
നിന് മടിമേലെ തല ചായ്ച്ചുറങ്ങാന്‍
കൊതിയുള്ളൊരുണ്ണിയിതാ ചാരേ…”
ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരം വേണുഗോപാലിന് നല്കാന് തീരുമാനിച്ചതിലൂടെ മലയാളത്തിന്റെ സംഗീതപാരമ്പര്യം കൂടിയാണ് ആദരിക്കപ്പെടുന്നത്. ആനന്ദഭൈരവിയില്‍ രാഗം മുറുകുമ്പോള്‍ കാര്‍മുകില്‍വര്‍ണ്ണനും സന്തോഷാതിരേകത്തില്‍ അലിയുന്നു…
”പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ്
രസമോടെ നുണയുകയായ്…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: