ഹെല്‍സിങ്കി: വലിയ വേദികളിലെ മികവ് റയല്‍ മാഡ്രിഡ് ആവര്‍ത്തിച്ചു. ജര്‍മന്‍ ടീം എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ കീഴടക്കി റയല്‍ യൂറോപ്യന്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കി. യുവേഫ ചാപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍, യൂറോപ്പ ലീഗ് ജേതാക്കളായ എയ്ന്‍ട്രാക്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തു. ചാമ്പ്യന്‍സ് ലീഗ്, യുറോപ്പ ജേതാക്കള്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കപ്പില്‍ റയലിന്റെ അഞ്ചാം കിരീടമാണ്. എസി മിലാനും ബാഴ്‌സലോണയും മാത്രമാണ് അഞ്ച് കിരീടങ്ങള്‍ നേടിയിട്ടുള്ളത്.
ഹെല്‍സിങ്കിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ 37-ാം മിനിറ്റില്‍ ഡേവിഡ് അലബയും 65-ാം മിനിറ്റില്‍ കരിം ബെന്‍സേമയുമാണ് റയലിനായി ഗോള്‍ നേടിയത്. എതിരാളിയുടെ പെരുമ ഭയക്കാതെ തുടക്കത്തില്‍ എയന്‍ട്രാക്ട് പൊരുതിയെങ്കിലും പതുക്കെ റയല്‍ കളം പിടിച്ചു. കാസിമിറോയ്‌ക്കൊപ്പമുള്ള മുന്നേറ്റമാണ് അലബയുടെ ആദ്യ ഗോളിന് വഴിതെളിച്ചത്. കാസിമോറയുടെ ഹെഡ്ഡര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വലയിലെത്തിച്ചു അലബ. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിനൊപ്പമുള്ള മുന്നേറ്റം മാഡ്രിഡ് സംഘത്തിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കി. കഴിഞ്ഞ സീസണില്‍ ഈ കൂട്ടുകെട്ട് 111 തവണ എതിരാളികളുടെ വല നിറച്ചിരുന്നു.
ചാമ്പ്യന്‍സ് ലീഗിലെ മികച്ച താരമായി ബെന്‍സമയും യുവതാരമായി വിനീഷ്യസും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ നാല് തവണ സൂപ്പര്‍ കപ്പ് ഉയര്‍ത്തുന്ന പരിശീലകനായി റയലിന്റെ കാര്‍ലോ ആന്‍സലോട്ടി. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നിലനിര്‍ത്താനൊരുങ്ങുന്ന റയലിന്ആത്മവിശ്വാസം പകരുന്നതായി സീസണിലെ ആദ്യ കിരീട നേട്ടം.
ഓഫ്‌സൈഡ് നിര്‍ണയിക്കാന്‍ സെമി ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ യൂറോപ്യന്‍ ഫുട്‌ബോളില്‍ ആദ്യമായി ഉപയോഗിച്ച മത്സരമെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: