മംഗളൂരു : കര്‍ണ്ണാടക യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബ്, റിയാസ്, ബഷീര്‍ എന്നീ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവുടെ എണ്ണം പത്തായി.
പ്രതികളെ കാസര്‍കോഡു നിന്നാണ് പിടികൂടിയതെന്ന് മംഗളൂരു അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അലോക് കുമാര്‍ അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാനിരിക്കേയാണ് സംസ്ഥാന പോലീസ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ആവശ്യപ്പെടുമെന്ന് എഡിജിപി അറിയിച്ചു. കേസുമായി ബന്ധമുള്ളവര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളും. ഇനിയും ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ വാറണ്ട് പുറത്തിറക്കും. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
പ്രതികളില്‍ ചിലര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധങ്ങളുണ്ട്. ഇതുസംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതിനുശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും എഡിജിപി ആലോക് കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 27 നാണ് കര്‍ണാടക സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് നെട്ടാരു സ്വദേശി പ്രവീണിനെ വെട്ടിക്കൊന്നത്. ബെല്ലാരെയിലെ ഒരു പൗള്‍ട്രി ഫാമിന്റെ ഉടമയായ പ്രവീണ്‍ രാത്രി ഫാം അടച്ച് വീട്ടിലേക്ക് പോവാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള രജിസ്ട്രേഷനുള്ള ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രവീണിനെ വളഞ്ഞ് വെട്ടിവീഴ്ത്തി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പുറകില്‍ നിന്ന് തലയ്ക്ക് വെട്ടേറ്റ പ്രവീണ്‍ നെട്ടാരു സംഭവസ്ഥലത്ത് തന്നെ മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: