കൊച്ചി: പരീക്ഷയില്‍ തോറ്റ എസ്എഫ്ഐ വനിതാ നേതാവിനെ വ്യാജ ഗ്രേസ് മാര്‍ക്ക് നൽകി ജയിപ്പിക്കാൻ ശ്രമം. കാലടി സംസ്കൃത സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാല യൂണിറ്റ് പ്രസിഡന്റ് എല്‍സ ജോസഫിനാണ് വ്യാജ ഗ്രേസ് മാര്‍ക്ക് നല്കി ബിരുദ പരീക്ഷയില്‍ ജയിപ്പിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി.
യുവജനോത്സവത്തിൽ മലയാളം സ്കിറ്റില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചന്നൊണ് സര്‍വകലാശാല നല്കിയ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത്. പരീക്ഷയുടെ ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകളില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ എൽസ യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നില്ല. ബി.എ ആറാം സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റ നേതാവിനെ ജയിപ്പിക്കാനാണ് വ്യാജമായി ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് പരാതി.
സംഭവത്തില്‍ സര്‍വകലാശാലയ്ക്കെതിരെ എല്‍സ പങ്കെടുത്തെന്നു പറയുന്ന സ്കിറ്റിലെ വിജയികളാണ് രംഗത്ത് വന്നിരിക്കുന്നത്. എസ്എഫ്ഐ നേതാവിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ സംഭവത്തില്‍ വിസിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ വി.സിക്ക് പരാതി നല്‍കിയിട്ടും അവഗണിച്ചു. പിന്നാലെ, യുവജനോത്സവത്തില്‍ പങ്കെടുത്തവരുടെ രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാതായി. എസ്.എഫ്.ഐ നേതാവിനെ ജയിപ്പിക്കാന്‍ വ്യാജമായി ഗ്രേസ് മാര്‍ക്ക് നല്‍കിയത് റദ്ദാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടറുടെ ശുപാര്‍ശ പ്രകാരമാണ് വിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. തോറ്റ മാര്‍ക്ക് ലിസ്റ്റ് പിന്‍വലിച്ച ശേഷം 10ഗ്രേസ് മാര്‍ക്ക് വ്യാജമായി നല്കി വിദ്യാര്‍ത്ഥിനിയെ ഭരതനാട്യം ഡി ഗ്രേഡില്‍ ജയിപ്പിച്ചതായും ഗവര്‍ണര്‍ക്ക് നല്കിയ പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: