കോട്ടയം: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്കാനുള്ള പ്രഖ്യാപനം തുടക്കത്തിലേ പാളി. ഈ മാസം ഒന്ന് മുതല്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ തുക എത്തുമെന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനുള്ള പ്രാഥമിക നടപടികള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ക്ഷീരകര്‍ഷക സംഘങ്ങളില്‍നിന്ന് ഇതിനുവേണ്ടി റിപ്പോര്‍ട്ട് പോലും ആവശ്യപ്പെട്ടിട്ടില്ല. പദ്ധതിക്കായി തുക വകയിരുത്താതെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മുന്‍ വര്‍ഷങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് കര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നാലുരൂപ വീതം ഇന്‍സെന്റീവ് നല്കിയിരുന്നത്. എന്നാല്‍ 15-ാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗ നിര്‍ദേശപ്രകാരം, നാല് രൂപയില്‍ നിന്ന് മൂന്നുരൂപയായി സര്‍ക്കാര്‍ കുറച്ചു. തുടര്‍ന്ന് കര്‍ഷകരുടെ പ്രതിഷേധത്തിനൊടുവില്‍ നാലു രൂപയാക്കിയതായി മന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ അംഗീകൃത സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ കര്‍ഷകര്‍ക്കും ഒരുവര്‍ഷം തുടര്‍ച്ചയായി തുക നല്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
ഉത്പാദനച്ചെലവിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്നും പലരും പശുവളര്‍ത്തല്‍ ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്നും കര്‍ഷകനായ ജോയിമോന്‍ വാക്കയില്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ആലോചനയില്ലാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നും നിയമസഭയില്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ വഞ്ചിക്കുന്നത് ഒഴിവാക്കണമെന്നും പൊതുപ്രവര്‍ത്തകനായ എബി ഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: