ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് പതിനാറുകാരിയായ ദേവനന്ദ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പാതിവഴിയില്‍. ദേവവന്ദയുടെ മാതാവ് ഇ.വി.പ്രസന്നയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 3 ലക്ഷം രൂപ മാത്രം ധനസഹായം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥിനി മരണപ്പെട്ടിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് ജന്മഭൂമി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഷവര്‍മയില്‍ അടങ്ങിയ ഷിഗല്ലയാണ് മരണകാരണമായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഹോട്ടല്‍ നടത്തിപ്പുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പരിശോധനകള്‍ ഊര്‍ജിതമായിരുന്നുവെങ്കിലും ഇപ്പോള്‍ തുടര്‍നടപടികള്‍ എല്ലാം ഇഴയുന്ന മട്ടാണ്. ദേവനന്ദക്കൊപ്പം ഭക്ഷ്യവിഷബാധയേറ്റ് ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റു കുട്ടികളുടെ കുടുംബത്തിനും ആരോഗ്യ വകുപ്പോ സര്‍ക്കാരോ ഇതുവരെ ഒരു രൂപയുടെ ധനസഹായം പോലും അനുവദിച്ചിരുന്നില്ല.
മുഖ്യമന്ത്രി അമേരിക്കയില്‍ ആയിരുന്ന സമയത്താണ് ഷവര്‍മ ദുരന്തം നടന്നത്. നാട്ടില്‍ തിരിച്ചെത്തി ധനസഹായം പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയുടെ കൂടി ഫലമായാണ് മരണമെന്നരിക്കേ ദേവനന്ദയുടെ കുടുംബത്തോട് സര്‍ക്കാരിന്റെ ഈ കടുംഅനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുവേയാണ് സര്‍ക്കാരിന്റെ ധനസഹായ പ്രഖ്യാപനം വന്നത്.
പതിനാറാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ഏകമകള്‍ ദേവനന്ദയെ പ്രസന്നയ്ക്ക് നഷ്ടമായത്. ദേവനന്ദയുടെ മരണത്തിന് മൂന്ന് മാസം മുന്‍പാണ് അച്ഛന് മരണപ്പെട്ടത്. കുടുംബത്തിന്റെ എക സന്തതിയാണ് നഷ്ടമായത്. എന്നിട്ട് പോലും സര്‍ക്കാര്‍ തുച്ഛമായ തുക മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.കഴിഞ്ഞ മെയ് ഒന്നിനാണ് ദേവനന്ദ മരണപ്പെടുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചെറുവത്തൂര്‍ ബസ്സ്റ്റാന്റ് പരിസരത്തെ ഐഡിയല്‍ ഫുഡ്കോര്‍ണറില്‍ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: