പട്ന: പത്തു വര്‍ഷത്തില്‍ കൂടുതല്‍ നരേന്ദ്ര മോദിക്ക് ഇന്ത്യ ഭരിക്കാനാകില്ലെന്ന് ജെ.ഡി(യു) നേതാവ് നിതീഷ് കുമാര്‍. ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് അദേഹത്തിന്റെ ‘ഉദ്ദവ് താക്കറെ’ മോഡല്‍ വെല്ലുവിളി. 2014ല്‍ വിജയിച്ച് അധികാരത്തില്‍ വന്നവര്‍ക്ക് 2024ലും തുടരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. 2020ല്‍ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്നില്ല. ബി.ജെ.പിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്ന് മുഖ്യമന്ത്രിയായതെന്നു അദേഹം പറഞ്ഞു. തനിക്ക് പ്രധാനമന്ത്രിയാവാന്‍ മോഹമില്ലെന്നും നിതീഷ് പറഞ്ഞു.
ബിഹാറില്‍ ‘മഹാഘട്ബന്ധന്’ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്നാണ് അധികാരത്തിലേറിയത്. നിതീഷ് കുമാര്‍ എട്ടാംതവണയും മുഖ്യമന്ത്രിയായപ്പോള്‍ ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.അതേസമയം, ജനതാദള്‍ (യു)വിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിച്ചുവെന്ന നിതീഷ് കുമാറിന്റെ ആരോപണം ശുദ്ധനുണയെന്ന് ബീഹാറിലെ ബിജെപി നേതാവും ഒരു കാലത്ത് നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്തുമായ സുശീല്‍ കുമാര്‍ മോദി. ട്വീറ്റിലൂടെയാണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം.
ബീഹാര്‍ രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാറിന്റെ സമ്മതമില്ലാതെയാണ് ജെഡി(യു) എംപിയായ ആര്‍സിപി സിങ്ങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതെന്ന നിതീഷ് കുമാറിന്റെ ആരോപണത്തിലും കഴമ്പില്ലെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം ഒഴിയാന്‍ നിതീഷ് കുമാര്‍ ഒരു കാരണമുണ്ടാക്കിയതാകാം. എന്തായാലും 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ബിജെപി അപമാനിച്ചുവെന്നും തന്റെ പാര്‍ട്ടിയായ ജനതാദള്‍(യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ബീഹാറില്‍ എത്തിയ അമിത് ഷാ 2024ലെ പൊതുതെരഞ്ഞെടുപ്പിലും 2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും നിതീഷ് കുമാറും കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് നിതീഷ് കുമാര്‍ ബിജെപിയുമായി ബന്ധം പിരിയുമെന്ന് പ്രഖ്യാപിച്ചത്. പ്രകോപനത്തിനുള്ള ഇപ്പോഴത്തെ കാരണം ആര്‍സിപി സിങ് എന്ന ജനതാദള്‍ (യു)വിന്റെ കേന്ദ്രമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയാണ്.
ആര്‍സിപി സിങ്ങിന്റെ രാജ്യസഭാംഗത്വം നീട്ടിനല്കാന് നിതീഷ് കുമാര്‍ വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായി ആര്‍സിപി സിങ്ങ് അടുത്ത സൗഹൃദം പുലര്‍ത്തുന്നു എന്നതായിരുന്നു ഇതിന് കാരണമായി നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് ആര്‍സിപി സിങ് ജനതാദള്‍(യു) വില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചത്. നിതീഷ് കുമാറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ആര്‍സിപി സിങ്ങ് കഴിഞ്ഞ ദിവസം നിതീഷ് കുമാറിന്റെ പ്രധാനമന്ത്രിപദം എന്ന മോഹത്തെ കുത്തിനോവിച്ചിരുന്നു. ‘നിതീഷ് കുമാര്‍ ഏഴ് ജന്മം ജനിച്ചാലും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല’ എന്നതായിരുന്നു ആര്‍സിപി സിങ്ങിന്റെ പ്രകോപനപരമായ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: