തിരുവനന്തപുരം: ഇന്ത്യ ചരിത്രവിജയം നേടിയ തോമസ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കാളികളായ മലയാളികളെ കേരള സര്‍ക്കാര്‍ പറഞ്ഞ് പറ്റിച്ചു. 2022 മെയില്‍ ഇന്‍ഡോനേഷ്യയിലെ ബാങ്കോക്കില്‍ നടന്ന തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മലയാളികളായ എച്ച് എസ് പ്രണോയ്, എംആര്‍ അര്ജുന് എന്നീ കായിക താരങ്ങള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതുവരെയും സര്‍ക്കാരിന്റെ പണം ലഭിച്ചില്ലെന്ന് എച്ച് എസ് പ്രണോയ് പറഞ്ഞു.
എച്ച് എസ് പ്രണോയ്, എംആര്‍ അര്ജുന് എന്നീ കായിക താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം പാരിതോഷികം നല്കാന് ജൂണ്‍ ആറിന് ചേര്‍ന്ന മന്ത്രസിസഭാ യോഗമാണ് തീരുമാനിച്ചത്. എന്നാല്‍, പണം ഇവര്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അറിയില്ലെന്നാണ് സ്പോര്‍ട്സ് മന്ത്രി വി അബ്ദുറഹിമാന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ ബൈറ്റില്‍ പറയുന്നത്.
മെയ് മാസത്തില്‍ നടന്ന തോമസ് കപ്പ് ഫൈനലില്‍ 14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തുരത്തിയാണ് ടീം ഇന്ത്യ ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്പി.
തോമസ് കപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളുടെ നേട്ടത്തില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി രംഗത്തുവന്നിരുന്നു. കളിയുടെ വിവിധ തലങ്ങളെക്കുറിച്ചും അനുവഭങ്ങളെക്കുറിച്ചും കളിക്കാര്‍ മനസുതുറന്നുവെന്നും ബാഡ്മിന്റണ്‍ താരങ്ങളുടെ നേട്ടത്തില്‍ രാജ്യം ഒന്നാകെ അഭിമാനം കൊള്ളുന്നുവെന്നും എച്ച്.എസ് പ്രണോയ് അടക്കമുള്ളവരുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമായി ഒരു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: