ബെയ്ജിങ്: ചൈനയിലെ ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളില്‍ പുതിയ ലാംഗ്യ വൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കു പടരുന്ന തരത്തിലുള്ള ലാംഗ്യ ഹെനിപാ വൈറസാണ് കണ്ടെത്തിയത്. പനി ബാധിച്ചവരുടെ തൊണ്ടയിലെ സ്രവ സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് പുതിയ തരം ഹെനിപാ വൈറസിനെ കണ്ടെത്തിയതെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2018ല്‍ ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളായ ഷാന്‍ഡോങ്, ഹെനാന്‍ എന്നിവിടങ്ങളിലായിരുന്നു ലാംഗ്യ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച അവസാനമാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തായ്വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (സി.ഡി.സി) ആണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ട കര്‍ഷകരിലാണ് വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റുചിലരില്‍ രക്തകോശ രോഗങ്ങളുടെ ലക്ഷണങ്ങളും കരള്‍, വൃക്ക തകരാറുകള്‍ എന്നിവയുടെ ലക്ഷണങ്ങളും കാണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഹെനിപാവൈറസ് ബാധിച്ചവര്‍ക്കു വേണ്ടി മരുന്നുകളോ വാക്സിനുകളോ കണ്ടുപിടിച്ചിട്ടില്ല. ഇതുവരെ പനി ബാധിച്ച 35 പേര് ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
വൈറസ് മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ ഗുരുതര രോഗത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. 40 മുതല്‍ 75 ശതമാനമാണ് മരണനിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: