ന്യൂദല്‍ഹി:വീണ്ടും നിതീഷ് കുമാറിന്റെ നുണവാദം പൊളിച്ച് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ജനതാദള്‍ (യു)വിലെ എംപിയായ ആര്‍സിപി സിങ്ങിനെ മോദി കേന്ദ്രത്തില്‍ മന്ത്രിയാക്കിയത് തന്റെ അറിവോടെയല്ലെന്ന നിതീഷ്കുമാറിന്റെ പ്രചാരണം പച്ചക്കള്ളമാണെന്ന് സുശീല്‍ കുമാര്‍ മോദി തുറന്നടിച്ചു.
“നിതീഷ് കുമാറിനെ അറിയിക്കാതെയാണ് ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് എന്ന വാദം പരക്കുന്നുണ്ട്. ഇത് ശുദ്ധനുണയാണ്. ഇതേക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 2019ലാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്. അന്ന് മഹാരാഷ്ട്രയില്‍ നിന്നും ശിവസേനയ്ക്ക് 19 എംപിമാരും (അന്ന് ബിജെപി സഖ്യകക്ഷിയായിരുന്നു ഉദ്ധവ് താക്കറെയുടെ ശിവസേന) ജനതാദള്‍ (യു)വിന് 16 എംപിമാരും ഉണ്ട്. അന്ന് ബിജെപി തീരുമാനിച്ചത് സഖ്യകക്ഷികളായ ഓരോ പാര്‍ട്ടിക്കും ഓരോ മന്ത്രിസ്ഥാനം കൊടുക്കാം എന്ന് തീരുമാനിച്ചു. ശിവസേനയ്ക്ക് ഒരു മന്ത്രിസ്ഥാനം നല്കി. മറ്റാര്‍ക്കും ഒന്നില്‍ അധികം മന്ത്രിസ്ഥാനം കൊടുക്കേണ്ടെന്ന് തീരുമാനമുണ്ടായിരുന്നു. ഞങ്ങള്‍ നിതീഷ് കുമാറിനോട് ചോദിച്ചപ്പോള്‍ തന്റെ പാര്‍ട്ടിയില്‍ ആരെ മന്ത്രിയാക്കണമെന്ന് ഒരു കൂട്ടായ തീരുമാനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്നാണ്. അതുകൊണ്ട് ഇപ്പോള്‍ മന്ത്രിസ്ഥാനം വേണ്ട, പിന്നീട് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു.”- സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
“പിന്നീട് കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി നടക്കാന്‍ പോകുമ്പോള്‍ മന്ത്രിയാക്കേണ്ട ആളുടെ പേര് പറയൂ എന്ന് അമിത് ഷാ നിതീഷ് കുമാറിനോട് വീണ്ടും ചോദിച്ചു. അപ്പോള്‍ അദ്ദേഹം ആര്‍സിപി സിങ്ങിന്റെ പേര് നല്കി. ഈ ഒരു പേര് നിതീഷ് കുമാര്‍ നല്‍കിയപ്പോഴാണ് ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയാക്കിയത്. “- സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
“ബിജെപി ആരെയും വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ നിതീഷ് കുമാറിനെ ഒരു തവണയല്ല അഞ്ച് തവണ മുഖ്യമന്ത്രിയാക്കി. ആര്‍ജെഡി അദ്ദേഹത്തെ രണ്ട് തവണ മുഖ്യമന്ത്രിയാക്കി. ഞങ്ങള്‍ തമ്മില്‍ 17 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. രണ്ട് അവസരത്തിലും താങ്കള്‍ പൊടുന്നനെയാണ് ബന്ധം മുറിച്ചത്. “- അല്പം പരിഭവത്തോടെ സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ഒരു കാലത്ത് ഇണപിരിയാത്ത കൂട്ടുകാരായിരുന്നു സുശീല്‍ കുമാര്‍ മോദിയും നിതീഷ് കുമാറും. നിതീഷ് കുമാറിന്റെ ബീഹാര്‍ സര്‍ക്കാരില്‍ 10 വര്‍ഷത്തോളം ഉപമുഖ്യമന്ത്രിയായിരുന്നു സുശീല്‍ കുമാര്‍ മോദി. ഇവരുടെ സൗഹൃദമാണ് പിന്നീട് നിതീഷ് കുമാറിനെ ബിജെപിയോട് അടുപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: