തൃശൂര്‍: കനത്ത മഴയില്‍ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലാവുകയും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുമ്പോള്‍ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ സ്റ്റോക്കില്ലാതെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് (കെഎംഎസ്സിഎല്). മലിനജലത്തില്‍ ഇറങ്ങി ജീവന്‍രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രതിരോധമായിട്ടാണ് ഡോക്സിസൈക്ലിന്‍ ഗുളിക നല്‍കുന്നത്. മഴക്കാലത്തിന് മുമ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ ഗുളിക കൂടുതലായി സംഭരിക്കാറുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നതും ഡോക്സിസൈക്ലിന്‍ മരുന്നിനാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സ്റ്റോക്കില്‍ ആശുപത്രികളില്‍ ബാക്കിയുള്ള നൂറില്‍ താഴെ ഗുളികകളാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് ആശ്രയം.
കാരുണ്യ ഫാര്‍മസി വഴി 48 ലക്ഷം ഗുളിക വാങ്ങാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചെങ്കിലും മരുന്ന് നല്‍കേണ്ട രണ്ട് കമ്പനികളും ഒരു ഗുളിക പോലും എത്തിച്ചിട്ടില്ല. കെഎംഎസ്സിഎല്ലിന്റെ ചരിത്രത്തിലാദ്യമായി 3 മാസത്തോളം വൈകിയ ടെണ്ടര്‍ നടപടികള്‍ തന്നെയാണ് പ്രശ്നമായത്. അസംസ്കൃത വസ്തുക്കളുടെ വിലമാറ്റം കാരണം ജൂണില്‍ വിളിച്ച പൊതു ടെണ്ടറില്‍ ഒരു കമ്പനി പോലും ഡോക്സിസൈക്ലിന്‍ ക്വാട്ട് ചെയ്തില്ല.
ജൂലൈ എട്ടിനാണ് കാരുണ്യ വഴി പുതിയ ക്വട്ടേഷന്‍ ക്ഷണിച്ചത്. 1.06 രൂപയ്ക്ക് ക്വാട്ട് ചെയ്ത ദല്‍ഹി കമ്പനിക്ക് 60 ശതമാനം ഓര്‍ഡര്‍ നല്കി. രണ്ടാം സ്ഥാനത്തെത്തിയ ആന്ധ്ര കമ്പനി ഇതേ നിരക്കിന് 40 ശതമാനം ഗുളിക നല്‍കാമെന്ന് ഏറ്റു. എന്നാല്‍ ഒന്നാം സ്ഥാനത്തെത്തിയ കമ്പനി പിന്‍വാങ്ങി. അതോടെ 100 ശതമാനം മരുന്നും നല്‍കേണ്ട ഉത്തരവാദിത്തം രണ്ടാം സ്ഥാനക്കാര്‍ക്കായി. ഓര്‍ഡര്‍ ലഭിച്ചതുമുതല്‍ 45 ദിവസമെങ്കിലും കഴിയാതെ മരുന്ന് എത്തിക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നല്‍കാമെന്നേറ്റ 40 ശതമാനം മരുന്ന് മാത്രമേ 1.06 രൂപയ്ക്ക് നല്‍കാനാകൂ എന്നും ബാക്കി മരുന്നിന് ആ വില പോരെന്നുമാണ് കമ്പനി നിലപാട്.
മങ്കി പോക്സിനുള്ള എസൈക്ളോവീര്‍ ഇന്ജക്ഷന്, വിവിധ ആന്റി ബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ തുടങ്ങിവയ്ക്കെല്ലാം ജില്ലയില്‍ കടുത്ത ക്ഷാമമാണ് നേരിടുന്നത്. മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും വന്‍ പ്രതിസന്ധിയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: