തൃശൂര്‍: ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കേരള ക്ഷേത്ര വിമോചന സമരസമിതിയുടേയും, ഹിന്ദു ഐക്യവേദിയുടേയും ആഭിമുഖ്യത്തില്‍ കേരളത്തിലെ അഞ്ഞൂറോളം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ നാമജപയജ്ഞം നടത്തി. സര്‍ക്കാര്‍ ക്ഷേത്രം വിട്ടു പോവണമെന്ന ആവശ്യം ഉന്നയിച്ച് ഗുരുവായൂര്‍ മമ്മിയൂര്‍ ശിവക്ഷേത്രത്തിനു മുന്നില്‍ നടന്ന പരിപാടി ക്ഷേത്ര വിമോചന സമരസമിതി ജനറല്‍ കണ്‍വീനര്‍ പി. സുധാകരന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ഭരണത്തില്‍ സുതാര്യത പുലര്‍ത്താത്ത സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും പി. സുധാകരന് പറഞ്ഞു. സര്‍ക്കാര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണം ഭക്തജനങ്ങള്‍ക്ക് തിരിച്ചുനല്‍കാന്‍ തയ്യാറാകണമെന്ന പതിറ്റാണ്ടുകളായുള്ള ഹിന്ദുസമൂഹത്തിന്റെ ആവശ്യത്തിനെതിരെ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ മുഖം തിരിക്കുകയാണ്.
അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ വീണ്ടെടുക്കാന്‍ അനുകൂലമായ ഹൈക്കോടതി വിധി ലഭിച്ചിട്ടും വിധി നടപ്പിലാക്കാന്‍ വിമുഖത കാട്ടുകയാണ് സര്‍ക്കാര്‍. ഇടതുപക്ഷ ഭരണം ആറു വര്‍ഷം പിന്നിടുമ്പോള്‍ ഹിന്ദുവിരുദ്ധ നടപടികളും ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും പിടിച്ചെടുക്കലും ക്ഷേത്രഭൂമി കൈയേറ്റങ്ങളും നിര്‍ബാധം തുടരുകയാണ്, പി. സുധാകരന് പറഞ്ഞു.
യോഗത്തില്‍ ക്ഷേത്ര വിമോചന സമരസമിതി ചാവക്കാട് താലൂക്ക് കണ്‍വീനര്‍ വി. മുരളീധരന് അധ്യക്ഷനായി. മഹിളാ ഐക്യവേദി ജില്ലാ സെക്രട്ടറി ഷീബ സുനില്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എം.വി. മധുസൂദനന്, ജില്ലാ പ്രസിഡന്റ് വി. മുരളിധരന്. താലൂക്ക് പ്രസിഡന്റ് സോമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: