ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബര്‍മിങ്ഹാമില്‍ കൊടിയിറങ്ങി. മികച്ച പ്രകടനവുമായി ഇന്ത്യ നാലാം സ്ഥാനവും നേടി. 2018ലെ ഗോള്‍ഡ്കോസ്റ്റ് ഗെയിംസില്‍ നേടിയത്ര എണ്ണം സ്വര്‍ണം ഇത്തവണ നേടാന്‍ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനമാണ് പങ്കെടുത്തവരെല്ലാം ഇന്ത്യക്കായി കാഴ്ചവെച്ചത്. 280 സ്വര്‍ണ മെഡലുകള്‍ക്കായി 72 രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങളാണ് ഇംഗ്ലണ്ടിലേക്ക് പറന്നിറങ്ങിയത്. ട്രാക്കിലും ഫീല്‍ഡിലും സ്റ്റേഡിയത്തിലുമെല്ലാമായി അവര്‍ റെക്കോഡുകളും നേട്ടങ്ങളും വാരിക്കൂട്ടാന്‍ മത്സരിക്കുകയും ചെയ്തു. 22 സ്വര്‍ണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഗെയിംസില്‍ 26 സ്വര്‍ണവും 20 വീതം വെള്ളിയും വെങ്കലവുമടക്കം 66 മെഡലുകളായിരുന്നു ഇന്ത്യയ്ക്ക്. ഇത്തവണ മത്സരയിനത്തില്‍ നിന്ന്് ഷൂട്ടിങ് ഒഴിവാക്കിയതാണ് മെഡല്‍ എണ്ണത്തില്‍ ചെറിയ കുറവു വരാന്‍ കാരണം. അത്ലറ്റിക്സ്, ബാഡ്മിന്റന്‍, ടേബിള്‍ ടെന്നീസ്, ഗുസ്തി, ഭാരോദ്വഹനം, ബോക്സിങ് തുടങ്ങി എല്ലാ ഇനങ്ങളിലും കഴിവിന്റെ പരമാവധി പ്രകടനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ ശ്രമിച്ചു. പ്രത്യേകിച്ച് അത്ലറ്റിക്സില്. മെഡല്‍ പ്രതീക്ഷിച്ച ചില താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്നില്ലെങ്കിലും മിന്നുന്ന പ്രകടനവുമായി ചിലര്‍ രാജ്യത്തിന്റെ കായികാഭിമാനം വാനോളം ഉയര്‍ത്തി. രാജ്യത്തിനു മെഡല്‍ ജേതാക്കളെ നല്കിയ കേരളത്തിനും അഭിമാനത്തിന്റെ മേളയായിരുന്നു ഇത്.
ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സില്‍ നീരജ് ചോപ്രയിലൂടെ അത്ലറ്റിക്സില് ആദ്യമായി പൊന്നുനേടിയത് കായികതാരങ്ങള്‍ക്ക് എത്രമാത്രം ഉത്തേജനം നല്കി എന്നതിന്റെ സൂചനകൂടിയാണ് ബര്‍മിങ്ഹാമില്‍ കണ്ടത്. പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ മലയാളി താരം എം. ശ്രീശങ്കര്‍, ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണം നേടിയ എല്‍ദോസ് പോള്‍, വെള്ളി നേടിയ അബ്ദുള്ള അബൂബക്കര്‍, സ്റ്റീപ്പിള്‍ചേസിലെ വെള്ളി ജേതാവ് അവിനാശ് സാബ്ലെ, 10 കി.മീ. നടത്തത്തില്‍ പ്രിയങ്ക ഗോസ്വാമി, ഹൈജമ്പില്‍ വെങ്കലം നേടിയ തേജസ്വിന് ശങ്കര്‍, പുരുഷ 10 കി.മീ. നടത്തത്തില്‍ സന്ദീപ്കുമാര്‍, വനിതാ ജാവലിനില്‍ അന്നു റാണി എന്നിവരെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. എല്‍ദോസ് പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് അത്ലറ്റിക്സില് വ്യക്തിഗത സ്വര്‍ണം നേടുന്ന ആദ്യ മലയാളി എന്ന ബഹുമതികൂടി സ്വന്തമാക്കി. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരേ ഇനത്തില്‍ രണ്ട് മലയാളികള്‍ മെഡല്‍ നേടുന്ന അപൂര്‍വ നിമിഷത്തിനുമാണ് ബര്‍മിങ്ഹാം വേദിയായത്. ലോക നിലവാരത്തിലുള്ള പ്രകടനമാണ് താരങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും കാഴ്ചവെച്ചത് എന്നത് ഇന്ത്യന്‍ കായികരംഗത്തിന്റെ ഭാവി ശോഭനമാണ് എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. പുരുഷ ഹോക്കി ഫൈനലിലെ കനത്ത തോല്‍വി വേദനാജനകമാണെങ്കിലും വെള്ളി മെഡല്‍ നേട്ടം അഭിനന്ദനാര്‍ഹം തന്നെ.
ഗെയിംസില്‍ ഇന്ത്യ എന്നും കരുത്തു കാണിച്ചിട്ടുള്ള ഗുസ്തിയിലും ടേബിള്‍ ടെന്നിസിലും ഭാരോദ്വഹനത്തിലും ബോക്സിങ്ങിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനം എടുത്തു പറയേണ്ടതുതന്നെയാണ്. ബാഡ്മിന്റണില്‍ രണ്ട് മെഡല്‍ നേടിയ ട്രീസ ജോളി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. കൂടാതെ ലോണ്‍ബോളില്‍ ആദ്യമായി ഇന്ത്യ സ്വര്‍ണം നേടുന്നതിനും ബര്‍മിങ്ഹാം വേദിയായി. വനിതകളുടെ ടീം ഫോര്‍ വിഭാഗത്തിലായിരുന്നു പൊന്ന്. പുരുഷ ഫോര്‍ വിഭാഗത്തില്‍ വെള്ളിയും ഇന്ത്യ സ്വന്തമാക്കി. ടേബിള്‍ ടെന്നിസില്‍ അജന്ത ശരത് കമലിന്റെ വ്യക്തിഗത സ്വര്‍ണ നേട്ടവും ടീം ഇനത്തിലെ സ്വര്‍ണനേട്ടവും എടുത്തു പറയേണ്ടതാണ്.
വിനേഷ് ഫോഗട്ട് തുടര്‍ച്ചയായ മൂന്നാം ഗെയിംസിലും സ്വര്‍ണം നേടിയതും ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, ബാഡ്മിന്റണില്‍ പി.വി. സിന്ധു തുടങ്ങിയവര്‍ തുടര്‍ച്ചയായി മൂന്നാം മെഡല്‍ നേടിയതും പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍, ഭാരോദ്വഹനത്തില്‍ യുവതാരം ജെറെമി ലാല്റിന്നുങ്ക, ബോക്സിങ്ങില്‍ നിഖാത്ത് സരിന്, നിതു ഘന്‍ഘാസ് എന്നിവരുടെ സ്വര്‍ണനേട്ടവും എടുത്തുപറയണം. അഞ്ച് ഗെയിംസുകളില്‍ നിന്ന് ടേബിള്‍ ടെന്നിസില്‍ ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലുമായി ഏഴ് സ്വര്‍ണവും മൂന്നുവീതം വെള്ളിയും വെങ്കലവും നേടി അജന്ത ശരത് കമല്‍ ഗെയിംസ് ചരിത്രത്തില്‍ ഇടംപിടിച്ചതും ഏറെ അഭിനന്ദനാര്‍ഹമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ, സമീപനവും പ്രോല്‍സാഹനവും കായിക രംഗത്തുണ്ടാക്കിയ ഉണര്‍വിനു പുതിയ ഉദാഹരണമാണ് ഇന്ത്യയുടെ നേട്ടങ്ങള്‍. മെഡല്‍ നേടിയവരെ അഭിനന്ദിച്ചും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചും താരങ്ങളുമായി നേരിട്ടു സംവദിച്ച മോദിയുടെ സമീപനം കായിക രംഗത്തിനു പുത്തന്‍ അനുഭവമാണു പകരുന്നത്. മികച്ച താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ ആരംഭിച്ച ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്കീം കായികതാരങ്ങള്‍ക്ക് എത്രമാത്രം ഗുണം ചെയ്തു എന്നുകൂടിയാണ് ഈ കോമണ്‍വെല്‍ത്ത് ഗെയിംസ് തെളിയിക്കുന്നത്. താരങ്ങളെ താഴേത്തട്ടില്‍നിന്ന് കണ്ടെത്തുക മാത്രമല്ല, അവര്‍ക്ക് വേണ്ട വിദേശ പരിശീലനമുള്‍പ്പെടെയുള്ള കാര്യങ്ങളുടെ ചെലവുവരെ വഹിക്കുകയും ചെയ്യുന്നുണ്ട് കേന്ദ്ര സര്‍ക്കാര്‍. ടോക്കിയോ ഒളിംപിക്സിലും ഇന്ത്യ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടം കൈവരിച്ചതും ഈ പദ്ധതിയുടെ വിജയമായിരുന്നു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍ നടന്നത് നമുക്കു മികവു തെളിയിക്കാന്‍ ഏറ്റവും മികച്ച അവസരമായിരുന്നു. പക്ഷേ കോണ്‍ഗ്രസ് നയിച്ച യുപിഎ സര്‍ക്കാരിനു കീഴില്‍ സംഘാടകര്‍, അഴിമതിയില്‍ സ്വര്‍ണം നേടാനാണ് ആ അവസരം വിനിയോഗിച്ചത്. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നുവല്ലോ സുരേഷ് കല്‍മാഡിയുടെ നേതൃത്വത്തില്‍ നടന്നത്. അതുമായി താരതമ്യം ചെയ്തുവേണം ഈ ടാര്‍ഗറ്റ് ഒളിംപിക് പോഡിയം സ്കീമിനെ കാണാന്‍.
മറ്റ് സംസ്ഥാനങ്ങള്‍ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ പാരിതോഷികങ്ങള്‍ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതുവരെ മിണ്ടിയിട്ടില്ല. വൈകാതെ കേരളവും മലയാളി താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് അവരുടെ മുന്നോട്ടുള്ള കുതിപ്പിന് ഊര്‍ജ്ജം പകരുമെന്ന് പ്രതീക്ഷിക്കാം. ടാര്‍ഗറ്റ് ഒളിംപിക്സ് പോഡിയം സ്കീം പോലെ സംസ്ഥാന സര്‍ക്കാരും കായികതാരങ്ങളുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളും മറ്റും ചെയ്യുമെന്നുകൂടി പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: