മുംബൈ: ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഷിന്‍ഡെ-ഫഡ്നാവിസ് എന്നീ രണ്ടു പേരിലൊതുങ്ങുമെന്നും തര്‍ക്കം കാരണം കൂടുതല്‍ മന്ത്രിമാരുണ്ടാവില്ലെന്നും പ്രചരിപ്പിച്ചിരുന്ന ശിവസേനയ്‌ക്കും എന്‍സിപിയ്‌ക്കും മറുപടി കൊടുത്ത് ചൊവ്വാഴ്ച 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബിജെപിയിൽ നിന്നും ശിവസേനയിൽ നിന്നും ഒൻപത് പേർ വീതം 18 പേർ മന്ത്രിസഭയുടെ ഭാഗമായി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ബി.എസ് കോശിയാരി പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞ ചെയ്തവരില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത പാട്ടീലും ഉള്‍പ്പെടും. ഇതോടെ മുഖ്യമന്ത്രി ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ഫഡ്നാവിസ് എന്നിവര്‍ ഉള്‍പ്പെടെ ഷിന്‍ഡെ മന്ത്രിസഭയിലെ എണ്ണം 20 ആയി. കണക്കനുസരിച്ച് 43 മന്ത്രിമാർ വരെയാകാം. ചെറിയ മന്ത്രിസഭയാണെന്നും ബാക്കിയുളള കാര്യങ്ങൾ ക്രമേണ തീരുമാനിക്കുമെന്നും ഷിൻഡെ വ്യക്തമാക്കി.
ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫട്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസവും എട്ട് ദിവസവും പിന്നിട്ട ശേഷമാണ് മന്ത്രിസഭാ വികസനം നടന്നത്. ചന്ദ്രകാന്ത് പാട്ടീലിനെ കൂടാതെ രാധാകൃഷ്ണ വിഖെ പാട്ടീൽ, സുധീർ മുങ്കാന്തിവാർ, വിജയ് കുമാർ ഗാവിത്, ഗിരീഷ് മഹാജൻ, സുരേഷ് ഖാഡെ, രവീന്ദ്ര ചവാൻ, അതുൽ സാവെ, മംഗൽ പ്രഭാത് ലോധ എന്നിവര്‍ ബിജെപിയിൽ നിന്നും മന്ത്രിമാരായെത്തി.
ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ നിന്നും ഗുലാബ് റാവു പാട്ടീൽ, ദാദ ബൂസെ, സഞ്ജയ് രാത്തോഡ്, സാന്ദിപൻ ബൂമ്രെ, ഉദയ് സാമ്രാട്ട്, തനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കെസർക്കാർ, ശംഭുരാജ് ദേശായ് എന്നിവരാണ് മന്ത്രിമാരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: