പറ്റ്ന: ജനതാദള്‍ (യു)വിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിച്ചുവെന്ന നിതീഷ് കുമാറിന്റെ ആരോപണം ശുദ്ധനുണയെന്ന് ബീഹാറിലെ ബിജെപി നേതാവും ഒരു കാലത്ത് നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്തുമായ സുശീല്‍ കുമാര്‍ മോദി. ട്വീറ്റിലൂടെയാണ് സുശീല്‍ കുമാര്‍ മോദിയുടെ പ്രതികരണം.
ബീഹാര്‍ രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന്റെ ആള്‍രൂപമാണ് സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാറിന്റെ സമ്മതമില്ലാതെയാണ് ജെഡി(യു) എംപിയായ ആര്‍സിപി സിങ്ങിനെ ബിജെപി കേന്ദ്രമന്ത്രിയാക്കിയതെന്ന നിതീഷ് കുമാറിന്റെ ആരോപണത്തിലും കഴമ്പില്ലെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം ഒഴിയാന്‍ നിതീഷ് കുമാര്‍ ഒരു കാരണമുണ്ടാക്കിയതാകാം. എന്തായാലും 2024ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു. ബിജെപി അപമാനിച്ചുവെന്നും തന്റെ പാര്‍ട്ടിയായ ജനതാദള്‍(യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ ഉയര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം ബീഹാറില്‍ എത്തിയ അമിത് ഷാ 2024ലെ പൊതുതെരഞ്ഞെടുപ്പിലും 2025ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയും നിതീഷ് കുമാറും കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് നിതീഷ് കുമാര്‍ ബിജെപിയുമായി ബന്ധം പിരിയുമെന്ന് പ്രഖ്യാപിച്ചത്. പ്രകോപനത്തിനുള്ള ഇപ്പോഴത്തെ കാരണം ആര്‍സിപി സിങ് എന്ന ജനതാദള്‍ (യു)വിന്റെ കേന്ദ്രമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയാണ്. ആര്‍സിപി സിങ്ങിന്റെ രാജ്യസഭാംഗത്വം നീട്ടിനല്കാന് നിതീഷ് കുമാര്‍ വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായി ആര്‍സിപി സിങ്ങ് അടുത്ത സൗഹൃദം പുലര്‍ത്തുന്നു എന്നതായിരുന്നു ഇതിന് കാരണമായി നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് ആര്‍സിപി സിങ് ജനതാദള്‍(യു) വില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചത്. നിതീഷ് കുമാറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ആര്‍സിപി സിങ്ങ് കഴിഞ്ഞ ദിവസം നിതീഷ് കുമാറിന്റെ പ്രധാനമന്ത്രിപദം എന്ന മോഹത്തെ കുത്തിനോവിച്ചിരുന്നു. “നിതീഷ് കുമാര്‍ ഏഴ് ജന്മം ജനിച്ചാലും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല”- എന്നതായിരുന്നു ആര്‍സിപി സിങ്ങിന്റെ പ്രകോപനപരമായ പ്രസ്താവന.
ചൊവ്വാഴ്ച മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാര്‍ ബുധനാഴ്ച തേജസ്വി യാദവിന്റെ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പഴയതുപോലെ മഹാഘട്ബന്ധന് എന്ന പേരില്‍ മഹാസഖ്യം രൂപീകരിച്ച് വീണ്ടും അധികാരമേല്ക്കുകയാണ്. 2015ല്‍ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച മഹാഘട്ബന്ധന് എന്ന മഹാസഖ്യമാണ് വീണ്ടും തിരിച്ചുവരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് 2017ല്‍ ഈ സഖ്യത്തെ തഴഞ്ഞ് നിതീഷ് കുമാര്‍ ബിജെപിയുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. 2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് ജെഡി(യു) അധികാരത്തില്‍ വന്നപ്പോള്‍ ബിജെപിയായിരുന്നു വലിയ ഒറ്റകക്ഷിയെങ്കിലും വെറും 43 സീറ്റുകളുള്ള ജെഡി(യു)വിന് നിതീഷ് കുമാറിനെ ബഹുമാനിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: