ന്യൂദല്‍ഹി: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ 61 മെഡലുകള്‍ നേടിയ ഇന്ത്യയുടെ വിജയത്തിന്റെ ക്രെഡിറ്റ് യുവ കായികമന്ത്രി അനുരാഗ് താക്കൂറിന് നല്‍കുന്നത് പലര്‍ക്കും ഇഷ്ടമല്ല. അവര്‍ തിരിച്ചടിക്കുന്നത് ഇങ്ങിനെ ഒരു ചോദ്യം ചോദിച്ചിട്ടാണ്: 2018ല്‍ ആസ്ത്രേല്യയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയില്ലേ? ശരിയാണ്. അന്ന് ഇന്ത്യ വാരിക്കൂട്ടിയത് 66 മെഡലുകളാണ്. പക്ഷെ മനസ്സിലാക്കേണ്ടത് അന്ന് ഷൂട്ടിംഗ് എന്ന ഇനം കോമണ്‍വെല്‍ത്തില്‍ ഉണ്ടായിരുന്നു എന്നതാണ്. അന്ന് ഇന്ത്യയ്ക്ക് എറ്റവും കൂടുതല്‍ മെഡലുകള്‍-16 എണ്ണം വന്നത് ഷൂട്ടിംഗില്‍ നിന്ന് മാത്രമാണ്.
ഷൂട്ടിംഗ് എന്ന ഇനം ഒഴിവാക്കിയതുകൊണ്ട് 2022ല്‍ മെഡലുകള്‍ കുറയുമെന്ന ആശങ്കയാണ് ട്രാക്ക് ആന്റ് ഫീല്‍ഡ് ഉള്‍പ്പെടെ വിവിധ ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടി ഇന്ത്യന്‍ താരങ്ങള്‍ ഒഴിവാക്കിയത്.
അത്ലറ്റിക്സ്
2018ല്‍ – ഒരു സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ മൂന്ന് മെഡലുകള്‍
2022ല്‍ – ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡലുകള്‍
2018ല്‍ ഇന്ത്യയുടെ ഏക അതലറ്റിക്സ് സ്വര്‍ണ്ണം നേടിക്കൊടുത്തത് നീരജ് ചോപ്രയായിരുന്നു. അദ്ദേഹം 2022ല്‍ പങ്കെടുത്തിരുന്നില്ല.
ബാഡ്മിന്റണ്‍
2018ല്‍- 2 സ്വര്‍ണ്ണം ഉള്‍പ്പെടെ 6 മെഡലുകള്‍
2022ല്‍- 3 സ്വര്‍ണ്ണം ഉള്‍പ്പെടെ 6 മെഡലുകള്‍.
ഷൂട്ടിംഗ്
2018ല്‍- 7 സ്വര്‍ണ്ണം ഉള്‍പ്പെടെ 16 മെഡലുകള്‍.
2022ല്‍- ഷൂട്ടിംഗ് എന്ന ഇനം ഇല്ല.
ഇനി 2010ല്‍ ദല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പരിശോധിക്കാം. അന്ന് ഇന്ത്യ 101 മെഡലുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പക്ഷെ ഇതിലും 30 മെഡലുകള്‍ കിട്ടിയത് ഷൂട്ടിംഗില്‍ നിന്നും മാത്രമാണെന്നറിയുക.
2002ല്‍ ഇന്ത്യ 30 സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ 69 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തായി. ഇതില്‍ 14 സ്വര്‍ണ്ണമെഡലുകള്‍ ഷൂട്ടിംഗിലാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 2006ല്‍ ഇന്ത്യ 22 സ്വര്‍ണ്ണമെഡലുകള്‍ ഉള്‍പ്പെടെ 50 മെഡലുകള്‍ നേടി ഇന്ത്യ നാലാം സ്ഥാനത്തായി. അന്ന് 16 സ്വര്‍ണ്ണമെഡലുകള്‍ ഷൂട്ടിംഗിലായിരുന്നു.
എന്തായാലും 2022ല്‍ 22 സ്വര്‍ണ്ണമുള്‍പ്പെടെ 61 മെഡലുകള്‍ നേടി ഇന്ത്യ വീണ്ടും നാലാം സ്ഥാനത്തെത്തുമ്പോള്‍ ഷൂട്ടിംഗ് എന്ന ഇനം ഇല്ലാത്ത കോമണ്‍വെല്‍ത് ഗെയിംസ് ആയിരുന്നു ഇത് എന്നും ഓര്‍ക്കണം. അതുകൊണ്ടാണ് ബര്‍മിങ് ഹാമിലെ കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്ക്ക് പിന്നില്‍ അനുരാഗ് താക്കൂര്‍ എന്ന യുവ കായിക മന്ത്രിയുടെ കരസ്പര്‍ശമുണ്ട് എന്ന് പറയുന്നത്. അദ്ദേഹം നടപ്പാക്കിയ ഖേലോ ഇന്ത്യയും മിഷന് ഒളിമ്പിക് സെല്ലും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി. ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് വളരാനുള്ള പണവും ആഗോളസൗകര്യവും വേണമായിരുന്നു. അനുരാഗ് താക്കൂര്‍ അത് രണ്ടും നല്കി. അതോടെ കായികരംഗം ആഗോളനിലവാരത്തില്‍ പൂത്തുലഞ്ഞു.
ഖേലോ ഇന്ത്യ വഴി 2438 കോടി രൂപയാണ് ചെലവഴിച്ചത്. 299 സ്പോര്‍ട്സ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിപ്പിച്ചു. ലോകനിലവാരത്തിലുള്ള അത്ലറ്റിക് ട്രാക്കുകള്‍, ഫുട്ബാള്‍ മൈതാനങ്ങള്‍ , നീന്തല്‍ക്കുളങ്ങള്‍, ഹോക്കി ടര്‍ഫുകള്‍, ഷൂട്ടിംഗ് റേഞ്ചുകള്‍ എന്നിവ ഗ്രാമങ്ങളിലും അര്‍ധ പട്ടണങ്ങളിലും വരെ ഒരുക്കി. ഇനി അടുത്ത ലക്ഷ്യം 2023ലെ ഏഷ്യന്‍ ഗെയിംസും 2024ലെ പാരിസ് ഒളിമ്പിക്സുമാണ്.
ഇന്ത്യയ്ക്ക് പ്രധാനമായും സ്വര്‍ണ്ണം കിട്ടുന്ന ഷൂട്ടിംഗ് എന്ന ഇനം ഒഴിവാക്കിയതിനെതിരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയെ ദുര്‍ബ്ബലമാക്കാന്‍ കോമണ്‍വെല്‍ത്തിലെ മറ്റ് രാജ്യങ്ങള്‍ നടത്തുന്ന ഗൂഢാലോചനയാണെന്ന് വരെ ആരോപണമുണ്ടായിരുന്നു. എന്തായാലും ഇന്ത്യ ഈ ആശങ്കയെയും മറികടന്ന് ബര്‍മിഗ് ഹാമില്‍ കുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: