തിരുവനന്തപുരം: 27-ാമത് കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍. വാസവന്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരുന്നു മേള.
ഇത്തവണ അന്താരാഷ്‌ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് ഡിസംബറില്‍ തന്നെ നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു. മത്സര വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ 2022 ആഗസ്ത് 11 മുതല്‍ സ്വീകരിക്കും. 2022 സപ്തംബര്‍ 11 വൈകിട്ട് അഞ്ച് മണി വരെ IFFK.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി എന്‍ട്രികള്‍ സമര്‍പ്പിക്കാം. എന്‍ട്രികള്‍ അയയ്‌ക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ ലഭ്യം.
















