കൊല്ലം: ഏകമകന് മരിച്ച വൃദ്ധയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമമെന്ന് പരാതി. കടപ്പാക്കട എന്‍ടിവി നഗര്‍ 71 ബിയില്‍ മേരിക്കുട്ടിക്കാണ് ദുര്യോഗം. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മകന് ദീപക് ജോണ്‍ ഒന്നര വര്‍ഷം മുമ്പ് മരിച്ചു. ഇതിനു ശേഷം മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു. അടുത്ത കാലത്തായി മകന്റെ കൂട്ടുകാര്‍ എന്ന പേരില്‍ ചിലര്‍ ഇവരുടെ വീട്ടിലെത്തി മകന് ഉപയോഗിച്ചിരുന്ന ജീപ്പ്, ബൈക്ക്, ഓട്ടുപാത്രങ്ങള്‍ എന്നിവ തുച്ഛമായ തുകയ്ക്ക് കൈക്കലാക്കിയതായും പുരയിടത്തില്‍ നിന്നിരുന്ന മരങ്ങള്‍ മുറിച്ചു കടത്തിയതായും ആരോപണമുണ്ട്.
മകന്റെ രണ്ടാം ഭാര്യ എന്ന പേരില്‍ എത്തിയ സ്ത്രീ സ്വത്തുകളില്‍ അവകാശം അവശ്യപ്പെട്ട് നിയമ നടപടിയിലേക്കും നീങ്ങി. ഇതിനെതിരെ നിയമസഹായം എന്ന പേരില്‍ ചിലര്‍ സമീപിക്കുകയും മുദ്രപത്രങ്ങളില്‍ ഒപ്പിട്ടു വാങ്ങുകയും ചെയ്തു. മേരിക്കുട്ടിയുടെ വീട് കേന്ദ്രീകരിച്ച് ചില സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ തമ്പടിക്കുകയും നാട്ടുകാരെയും പരിസരവാസികളെയും ഭീഷണിപ്പെടുത്തുകയും അവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നത് തടയുകയും ചെയ്തു. എന്നാല്‍ വലിയ ആരോഗ്യ പ്രശ്നം ഇല്ലാത്തിരുന്ന മേരിക്കുട്ടിയെ കഴിഞ്ഞ ദിവസം അവശനിലയില്‍ കാണുകയായിരുന്നു. അപരിചിതരായ ചിലര്‍ ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരുടെ കുടുംബ സുഹൃത്തായ മങ്ങാട് ഡിവിഷന് കൗണ്‍സിലറും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി.ജി. ഗിരീഷ് സ്ഥലത്ത് എത്തുകയും ജില്ലാ കളക്ടര്‍ക്കും, സിറ്റി പോലീസ് കമ്മീഷണര്‍, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
കളക്ടറുടെ ഇടപെടലില്‍ തഹസില്‍ദാര്‍, സാമൂഹ്യനീതി ഒഫീസര്‍, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വൃദ്ധയുടെ വീട്ടില്‍ എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പോലീസ് വിശദമായി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: