പറ്റ്ന: 2024ലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാം എന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പ്രലോഭനങ്ങളുടെ വലയില്‍ വീണാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടതെന്ന് റിപ്പോര്‍ട്ട്. ബിജെപിയോടൊപ്പം നിന്നാല്‍ ഒരിയ്ക്കലും പ്രധാനമന്ത്രി മോഹം സാധ്യമാകില്ലെന്ന് അറിയാവുന്ന നിതീഷ് കുമാര്‍ തന്റെ ഗൂഢമോഹത്തിന്റെ സാക്ഷാല്ക്കാരാര്ത്ഥമാണ് എന്‍ഡിഎ വിടുന്നതെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ സൂചന നല്കുന്നു.
2024ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുകയാണ് നിതീഷിന്റെ ലക്ഷ്യമെന്നറിയുന്നു. ഇതിനായി കോണ്‍ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നിതീഷിനെ കഴിഞ്ഞ കുറെ നാളുകളായി പ്രലോഭിപ്പിച്ചിരുന്നുവെന്നും അതിന് വശംവദനായാണ് ബിജെപിയെ ഒഴിവാക്കിക്കൊണ്ട് അദ്ദേഹം പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതെന്നുമാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ എന്നിവരുടെ അനുഭവം മറക്കാറായിട്ടില്ല. ഇരുവരും തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ചാണ് മടങ്ങിയത്. പ്രതിപക്ഷം ഐക്യം എന്നത് വെറും ചതിക്കുഴിയാണെന്ന് നിതീഷ് കുമാറും അറിയാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ ദിവസം ബീഹാറില്‍ എത്തിയ അമിത് ഷാ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയും നിതീഷ് കുമാറും കൈകോര്‍ത്ത് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കുമാണ് നിതീഷ്കുമാര്‍ ബിജെപിയുമായി ബന്ധം പിരിയുമെന്ന് പ്രഖ്യാപിച്ചത്. പ്രകോപനത്തിനുള്ള ഇപ്പോഴത്തെ കാരണം ആര്‍സിപി സിങ് എന്ന ജനതാദള്‍ (യു)വിന്റെ കേന്ദ്രമന്ത്രിയുടെ പാര്‍ട്ടിയില്‍ നിന്നുള്ള രാജിയാണ്. ആര്‍സിപി സിങ്ങിന്റെ രാജ്യസഭാംഗത്വം നീട്ടിനല്കാന് നിതീഷ് കുമാര്‍ വിസമ്മതിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുമായി ആര്‍സിപി സിങ്ങ് അടുത്ത സൗഹൃദം പുലര്‍ത്തുന്നു എന്നതായിരുന്നു ഇതിന് കാരണമായി നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് ആര്‍സിപി സിങ് ജനതാദള്‍ യു വില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചത്. നിതീഷ് കുമാറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ ആര്‍സിപി സിങ്ങ് കഴിഞ്ഞ ദിവസം നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി പദമോഹത്തെ കുത്തിനോവിച്ചിരുന്നു. “നിതീഷ് കുമാര്‍ ഏഴ് ജന്മം ജനിച്ചാലും ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കഴിയില്ല”- എന്നതായിരുന്നു ആര്‍സിപി സിങ്ങിന്റെ പ്രകോപനപരമായ പ്രസ്താവന. ഇത് നിതീഷ് കുമാറിനെ കൂടുതല്‍ അരക്ഷിതനാക്കിയെന്നും പറയപ്പെടുന്നു. അതിവേഗ നീക്കത്തിന് പിന്നില്‍ ഇതും ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നു.
അരനൂറ്റാണ്ടുകാലം ബീഹാര്‍ രാഷ്ട്രീയത്തിലുണ്ടായിരുന്ന നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രി എന്നതിനപ്പുറം ദേശീയ പ്രധാന്യമുള്ള ഒരു പദവി തേടിക്കൊണ്ടിരിക്കുകയായിരുന്നു. എന്‍ഡിഎയുടെ രാഷട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ പല കോണുകളില്‍ നിന്നും പ്രധാനമന്ത്രി മോദിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നിതീഷ് കുമാര്‍ ശ്രമിച്ചിരുന്നു. 20വര്‍ഷം മുഖ്യമന്ത്രിയായിരുന്നതിന്റെ അനുഭവപരിചയവും ദീര്‍ഘവീക്ഷണവും രാഷ്ട്രപതിക്കസേരയില്‍ നിതീഷ് കുമാറിനെ അനുയോജ്യനാക്കുമെന്ന് ജനതാദള്‍ (യു) എംപി അലോക് കെ സുമന് തന്നെ പ്രസ്താവിച്ചിരുന്നു. രാഷ്ട്രപതിയാകാനുള്ള അദ്ദേഹത്തിന്റെ മോഹം പ്രധാനമന്ത്രി മോദി തന്നെ തള്ളിയതിനാല്‍ നടന്നില്ല. അപ്പോഴാണ് 2024ല്‍ രാഹുല്‍ഗാന്ധിക്ക് പകരം ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തേടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ നിതീഷ് കുമാറിനെ ആ വഴിക്ക് പ്രലോഭിപ്പിച്ചുകൊണ്ടിരുന്നത്. ഏറെ നാളെത്തെ ശ്രമത്തിന് ശേഷം ഇപ്പോള്‍ നിതീഷ് കുമാര്‍ ആ മോഹവലയത്തില്‍ വീണിരിക്കുകയാണ്.
ബിജെപി അപമാനിച്ചുവെന്നും തന്റെ പാര്‍ട്ടിയായ ജനതാദള്‍ (യു) വിനെ പിളര്‍ത്താന്‍ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് നിതീഷ് കുമാര്‍ സഖ്യം പിരിയാന്‍ കാരണമായി ബിജെപിക്ക് നേരെ എറിയുന്നത്. ലാലുപ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവാണ് ഇതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത്. ഏറെക്കാലമായി മുഖസ്തുതികളിലൂടെ നിതീഷ് കുമാറിനെ വീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു തേജസ്വി യാദവ്. (മുഖസ്തുതികള്‍ നിതീഷ്ന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണ്.) ഏറെക്കാലമായി നിതീഷ് കുമാറിനെ വശത്താക്കാന്‍ തേജസ്വി യാദവ് ശ്രമിച്ച് വരികയായിരുന്നു. ബീഹാര്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തേജസ്വി യാദവ് അവസാനിപ്പിച്ചത് ഈ തന്ത്രത്തിന്റെ ഭാഗമാണ്. തന്റെ അച്ഛനെതിരായ കേസുകളില്‍ നിന്നും തലയൂരാന്‍ നിതീഷ് കുമാറിന്റെ സഹായം ആവശ്യമാണെന്ന തിരിച്ചറിവും തേജസ്വി യാദവിനുണ്ട്. ബീഹാറില്‍ ജാതി സര്‍വ്വേ നടത്താന്‍ നിതീഷ് കുമാറിനെ പ്രേരിപ്പിച്ചതിന് പിന്നിലും തേജസ്വി യാദവാണ്. നിതീഷ് കുമാര്‍ എന്ന പ്രായമായ കാരണവരെ മൂലക്കിരുത്തി അച്ഛന് ലാലുപ്രസാദ് യാദവ് തുടര്‍ന്നുവന്ന കാട്ടീനീതിയും അഴിമതിയും യഥേഷ്ടം നടത്താമെന്ന കണക്കുകൂട്ടലിലാണ് തേജസ്വി യാദവ്. എന്നാല്‍ തേജസ്വി യാദവിന്റെ ഈ ഗൂഢലക്ഷ്യം നിതീഷ് കുമാര്‍ തിരിച്ചറിയുന്നില്ല. പ്രധാനമന്ത്രിപദം എന്ന പ്രത്യാശ നല്കിയാല് ബീഹാറിലെ മുഖ്യമന്ത്രി പദം തനിക്ക് കയ്യടക്കാനാകുമെന്ന് തേജസ്വി യാദവ് കരുതുന്നു. മാത്രമല്ല, എന്നെന്നേക്കുമായി ജനതാദള്‍ (യു)വിനെ കൂട്ടുപിടിച്ച് ബീഹാര്‍ മുഖ്യമന്ത്രി പദത്തില്‍ വാഴാമെന്നതാണ് തേജസ്വി യാദവിന്റെ കണക്കുകൂട്ടല്‍.
എന്തായാലും ബിജെപിയുമായുള്ള കൂട്ടുകെട്ടവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച തന്നെ ഗവര്‍ണറെ കാണുമെന്നാണ് നതീഷ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസും ആര്‍ജെഡിയുമായി ചേര്‍ന്ന് പഴയ മഹാഘട്ബന്ധന് സര്‍ക്കാരാണ് നിതീഷ് കുമാര്‍ വിഭാവനം ചെയ്യുന്നത്.
അധികാരത്തിലേക്ക് തിരിച്ചെത്താന്‍ വെമ്പല്‍ കൊള്ളുന്ന തേജസ്വി യാദവ് ബിജെപി രാഷ്ട്രപതി ഭരണത്തിന് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന താക്കീതാണ് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: