തിരുവനന്തപുരം: അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അധികാര സ്ഥാനത്തുനിന്ന് നീക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്കുന്ന നിയമ വ്യവസ്ഥ വീണ്ടും പ്രാബല്യത്തില്‍. കാലാവധി കഴിഞ്ഞ 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിടാതെ വന്നതോടെയാണ് സര്‍ക്കാര്‍ കവര്‍ന്ന അധികാരം ലോകായുക്തയ്ക്ക് തിരിച്ചു കിട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിക്കല്‍ കേസില്‍ പഴയ ലോകായുക്ത നിയമം നിര്‍ണായകമാകും. മറ്റു പത്ത് ഓര്‍ഡിനന്‍സുകള്‍ കൂടി റദ്ദായി. ഓര്‍ഡിനന്‍സുകള്‍ റദ്ദായതോടെ പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ഇന്നലെ രാത്രിയോടെയാണ് ലോകായുക്ത അമന്‍ഡ്മെന്റ് ഉള്‍പ്പെടെ 11 ഓര്‍ഡിനന്‍സുകള്‍ റദ്ദായത്. ഓര്‍ഡിനന്‍സുകള്‍ പൂര്‍ണമായി പഠിക്കാതെ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമസഭാ സമ്മേളനത്തില്‍ ബില്ലായി അവതരിപ്പിക്കാത്ത 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനിച്ചത്.
തീരുമാനം ഗവര്‍ണര്‍ക്ക് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഇതോടെ തിരുത്തലുകള്‍ വരുത്തിയ നിയമങ്ങള്‍ അസാധുവായി. പകരം പഴയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതില്‍ പ്രധാനമാണ് ലോകായുക്ത അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ്. അധികാര ദുര്‍വിനി യോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് കെ.ടി. ജലീലിന് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നു രാജിവയ്ക്കേണ്ടി വന്നത് ലോകായുക്തയുടെ ഈ അധികാരത്തെ തുടര്‍ന്നാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ച കേസ് ലോകായുക്തയുടെ പരിഗണനയിലുണ്ട്. കുറ്റം തെളിയിക്കാനുള്ള വ്യക്തമായ രേഖകള്‍ ലോകായുക്തയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതിഭാഗത്തിന് അനുകൂലമായി വിധി പറഞ്ഞാല്‍ പിണറായി വിജയന് രാജിവയ്ക്കേണ്ടി വരും. ഇത് മുന്‍കൂട്ടി കണ്ടായിരുന്നു ലോകായുക്തയുടെ അധികാരം 2022 ഫെബ്രുവരി ഏഴിന് ഓര്‍ഡിനന്‍സിലൂടെ നീക്കിയത്. മുഖ്യമന്ത്രിക്ക് എതിരേയുള്ള കേസ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ്.
പുതിയ ഓര്‍ഡിനന്‍സ് ഇറക്കണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കണം. ഗവര്‍ണര്‍ ഒപ്പിടാതെ ഫയല്‍ തിരിച്ചയച്ചാല്‍ മാത്രമേ മന്ത്രിസഭാ യോഗം ചേര്‍ന്ന് അതേ പേരില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാനോ അതേ ഓര്‍ഡിനന്‍സ് ഒന്നുകൂടി ഗവര്‍ണര്‍ക്ക് അയയ്ക്കാനോ കഴിയൂ. വീണ്ടും അയച്ചാല്‍ ഗവര്‍ണര്‍ക്ക് ഒപ്പിടേണ്ടി വരും. എന്നാല്‍ ഗവര്‍ണര്‍ക്ക് എത്ര നാള് വേണമെങ്കിലും ഫയല്‍ തിരിച്ചയയ്ക്കാതിരിക്കാം. തിരിച്ചയയ്ക്കാതിരുന്നാല്‍ വേറൊരു പേരില്‍ പുതുതായി മാത്രമേ ഓര്‍ഡിനന്‍സ് ഇറക്കാനാകൂ. പുതിയ ഓര്‍ഡിനന്‍സിന് എത്ര ദിവസം എടുക്കുന്നുവോ അത്രയും സമയത്തെ നിയമസാധുതയ്ക്ക് കൂടി ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ കൊണ്ടു വരണം. അല്ലെങ്കില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിച്ച് പാസാക്കണം. ഇതാണ് സര്‍ക്കാരിന് മുന്നിലുള്ള വഴികള്‍. സര്‍ക്കാര്‍ നിയമ വിദഗ്ധരുമായി കൂടിയാലോചിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: