തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന വിവാദം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയിലുള്ള ഡെപ്യൂട്ടേഷന് കാലാവധി നീട്ടി. നിലവില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടറാണ് പ്രിയ. കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ആയി പ്രിയയെ നിയമിച്ചെങ്കില്‍ മാത്രമേ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി പ്രിയയ്ക്ക് നിയമനം നേടാന്‍ സാധിക്കൂ. ഇത് വിവാദമായ സാഹചര്യത്തില്‍ സര്‍വ്വകലാശാല ഇതുവരെ ഉത്തരവിറക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
പ്രിയയുടെ നിയമനം വിവാദമാവുകയും ഇതിനെതിരെ പരാതി ലഭിച്ചതിന്റേയും അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറോട് വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിര വിശദീകരണം നല്‍കാനാണ് ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസ്സറായി നല്കിയ നിയമനം ചട്ട വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഗവര്‍ണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടയിലാണ് ഭാഷ ഇന്സ്റ്റിറ്റ്യൂട്ടിപ്പോള് ഡെപ്യൂട്ടേഷന് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
നിലവില്‍ കേരള വര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് പ്രിയ. യുജിസി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടെങ്കില്‍ മാത്രമേ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറാകാന്‍ സാധിക്കൂ. എന്നാല്‍ കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുമ്പ് മലയാളം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി അഭിമുഖം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്‍കുകയായിരുന്നു. പരിചയ സമ്പന്നരായ ഒട്ടേറെ അധ്യാപകരെ മാറ്റി നിര്‍ത്തിക്കൊണ്ടാണ് പ്രിയ ഒന്നാമതെത്തിയത്.
പ്രിയയ്ക്ക് ഒന്നാം റാങ്ക് നല്കിയതിനുള്ള പരിതോഷികമായാണ് ഡോ ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി ആയി പുനര്‍നിയമനം ലഭിച്ചതെന്നും ആക്ഷേപമുണ്ട്. അതിനിടെ കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചെങ്കിലും നിയമന ഉത്തരവ് ഇനിയും ഇറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: