ശ്രീനാരായണ ഗുരുദേവന് സിപിഎമ്മുകാര്‍ക്ക് സിമന്റ് നാണുവായിരുന്നു. ഗുരുദേവനെ കുരിശില്‍ തറച്ചവരാണ്. ഈഴവശിവനെ ശിവഗിരിയില്‍ പ്രതിഷ്ഠിച്ച് നവോത്ഥാന വിപ്ലവത്തിന് നേതൃത്വം നല്കിയ ശ്രീനാരായണഗുരുദേവന്‍ ഇന്നവര്‍ക്ക് സ്വീകാര്യനായിരിക്കുന്നു. ഗുരുദേവസന്നിധിയിലെത്താന്‍ ഇന്ന് നേതാക്കന്മാര് മത്സരിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കിയ ഗാന്ധിജി സിപിഎമ്മുകാര്‍ക്ക് വാര്‍ധയിലെ കള്ളദൈവമായിരുന്നു. ”ഇന്ത്യ മാന്തി പുണ്ണാക്കി, ഗാന്ധി മാന്തി പുണ്ണാക്കി” എന്ന് ഗാന്ധിജിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്ക് ഇന്ന് ഗാന്ധിജി സ്വീകാര്യനായി. ”നിങ്ങള്‍ എനിക്ക് രക്തം തരൂ- ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം” എന്ന് ആഹ്വാനം ചെയ്ത് ഐഎന്‍എ രൂപീകരിച്ച് ബ്രിട്ടീഷ് സിംഹാസനത്തെ വിറപ്പിച്ച നേതാജി സുഭാഷ്ചന്ദ്രബോസിനെ ”ഞങ്ങടെ നേതാവല്ലീ ചെറ്റ, ജപ്പാന്‍കാരുടെ കാല്‍നക്കി” എന്ന് മുദ്രാവാക്യം വിളിച്ചാക്ഷേപിച്ചവര്ക്ക് ഇന്ന് നേതാജി ആരാധ്യനാണ്. ”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, ഞാനത് നേടുകതന്നെ ചെയ്യും” എന്ന് പറഞ്ഞ്, ഭഗവത്ഗീതയും കയ്യിലേന്തി, ഗണേശോത്സവത്തെ സ്വാതന്ത്ര്യപോരാട്ടത്തിനുള്ള പ്രേരണാസ്രോതസ്സാക്കി മാറ്റിയ ബാലഗംഗാധര തിലകന് കമ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗ്ഗീയവാദിയായിരുന്നു. ഇന്നവര്‍ തിലകനെ ആരാധിക്കുന്നു. പ്രചാരണ ബോര്‍ഡുകളില്‍ സ്ഥിരം സാന്നിധ്യമാക്കുന്നു.
എന്റെ ചെറുപ്പകാലത്ത് വേദം പഠിച്ച വര്‍ഷങ്ങള്‍ എനിക്ക് വലിയ നഷ്ടമായി എന്ന് വിലപിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പിന്‍ഗാമികള്‍, വേദം പഠിച്ചവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നു പറഞ്ഞവര്‍, സംസ്കൃതം മൃതഭാഷയാണെന്ന് പ്രചരിപ്പിച്ചവര്‍ സംസ്കൃത സര്‍വ്വകലാശാലയുടെ തലപ്പത്തിരിക്കുന്നു, ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വേദപാഠശാലകള്‍ക്ക് നേതൃത്വം നല്കുന്നു. ക്ഷേത്രങ്ങള്‍ ഭരിക്കുന്നു.
കാലം എല്ലാറ്റിന്റെയും കണക്കു ചോദിക്കുന്നു. ഇന്നിപ്പോള്‍ സിപിഎം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു. ആര്‍എസ്എസിനെക്കുറിച്ച് അണികളെ പഠിപ്പിക്കുന്നു. ആര്‍എസ്എസിനെ അനുകരിക്കാന്‍ ശ്രമിച്ച്, പഠിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിരവധി അനുഭവങ്ങള്‍ സഖാക്കള്‍ക്കുണ്ട്. പണ്ട് അടിയന്തരാവസ്ഥക്കുശേഷം കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ശക്തിപ്പെടാന്‍ തുടങ്ങി. അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ പോരാട്ടം സാധാരണക്കാരെ വളരെയധികം സ്വാധീനിച്ചിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ചതിനുശേഷം കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍പ്പോലും ആര്‍എസ്എസിന്റെ ശാഖകള്‍ ആരംഭിച്ചു. ശാഖയിലേക്ക് സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലെ വീടുകളില്‍നിന്നുപോലും കുട്ടികളും യുവാക്കളും എത്താന്‍ തുടങ്ങി. സിപിഎം അക്രമത്തിലൂടെ ഇതിനെ തടയാന്‍ ശ്രമിച്ചു. സംഘര്‍ഷങ്ങള്‍ പലപ്പോഴും നിത്യസംഭവമായി. സിപിഎമ്മില്‍നിന്നു ശാഖയിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് അക്രമങ്ങള്‍കൊണ്ടു തടയാന്‍ കഴിയാതെ വന്നപ്പോള്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍, ശാഖയുടെ രഹസ്യം എന്താണെന്നും എന്തുകൊണ്ടാണ് യുവാക്കള്‍ ശാഖയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും അറിയാന്‍ എന്തുചെയ്യണമെന്നാലോചിച്ചു. ഇതറിയാല്‍ ശാഖയിലേക്ക് ചെറുപ്പക്കാരായ സഖാക്കളെ രഹസ്യമായി പറഞ്ഞയക്കാന്‍ തീരുമാനിച്ചു. ഇങ്ങനെ പോകുന്നവര്‍ക്ക് ഗോപാലസേന എന്ന പേരും നല്കി. ഇവര്‍ എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണം എന്നായിരുന്നു നിര്‍ദ്ദേശം. ആദ്യ ആഴ്ചകളില്‍ അയച്ച എല്ലാവരും റിപ്പോര്‍ട്ട് നല്കി. അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വിശദീകരണം നല്കി. ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വിവരം നല്കല് കുറഞ്ഞുവന്നു. വിവരം നല്‍കുന്നവരുടെ എണ്ണവും കുറഞ്ഞു. മാസങ്ങള്‍ പിന്നിട്ടപ്പോള്‍ റിപ്പോര്‍ട്ടിംഗ് പൂര്‍ണമായും നിലച്ചു. ശാഖയിലേക്ക് പോയവരെക്കുറിച്ച് അന്വേഷിച്ചു ചെന്നപ്പോള്‍ എ.കെ. ഗോപാലന് അടക്കമുള്ള നേതാക്കള്‍ ഞെട്ടി. എല്ലാ വാളണ്ടിയര്‍മാരും ശാഖയില്‍ ലയിച്ച്, ശാഖയില്‍ അലിഞ്ഞ് സ്വയംസേവകരായി. അതോടെ ഗോപാലസേനക്ക് സ്വാഭാവിക മരണം സംഭവിച്ചു.
തുടര്‍ന്ന് ആര്‍എസ്എസിനെ അനുകരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നു. റൂട്ട്മാര്‍ച്ച് നടത്താന്‍ സിപിഎം ശാഖകള്‍ പോലും ആരംഭിച്ചിരുന്നതായി സൂചനയുണ്ടായിരുന്നു. നിത്യവും ശാഖയിലെന്നപോലെ ദണ്ഡയും പിടിച്ച് റൂട്ടുമാര്‍ച്ച് പരിശീലനം നടത്തിയിരുന്നു. ആര്‍എസ്എസ് നടത്തിയിരുന്നതുപോലെ ബാന്‍ഡ്മേളങ്ങളോടെ റൂട്ട്മാര്‍ച്ച് നടത്തുന്ന രീതിയും സിപിഎം പിന്തുടര്ന്നു. സംഘത്തിന്റെ സേവന വിഭാഗമായ സേവാഭാരതി ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്വയംസേവകരും സേവനസന്നദ്ധരായി എല്ലാ ഗ്രാമത്തിലും ഉണ്ടാകും. ശാഖ കഴിഞ്ഞാലും ശാഖക്കു മുന്‍പും ഗൃഹസമ്പര്‍ക്കം, കല്യാണവീടുകളിലും മരണവീടുകളിലും സഹായഹസ്തവുമായി എത്തുന്നത്, ദുരന്തമുഖത്ത് സേവനസന്നദ്ധരായി എത്തുന്നത് എല്ലാം സംഘത്തിന്റെ മുഖമുദ്രയാണ്. ഹൃദയത്തില്‍നിന്ന് ഉള്‍ക്കൊണ്ടാണ് സേവനം ചെയ്യുന്നത്. ദുരന്തമുഖത്തും പ്രളയമായാലും അപകടമായാലും കൊടുങ്കാറ്റടിച്ചാലും കുലുങ്ങാത്ത ആത്മധൈര്യവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനരംഗത്തുണ്ടാവും. ഇത് സംഘസ്വാധീനം വര്‍ധിക്കാന്‍ കാരണമായി. കണ്ണൂര്‍ അടക്കമുള്ള ജില്ലകളിലെ സിപിഎം കേന്ദ്രങ്ങള്‍ ക്രമേണ സംഘസ്വാധീന മേഖലകളായി. 80കളില്‍ സ്വയംസേവകരെ ആക്രമിച്ചും, കൊന്നും ആര്‍എസ്എസ് പ്രവര്‍ത്തനത്തെ തടയാന്‍ ശ്രമിച്ചു. നിരവധി സ്വയംസേവകര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കഴിയില്ല എന്നു സിപിഎം മനസ്സിലാക്കി. അങ്ങിനെയാണ് സേവാഭാരതി മാതൃകയില്‍ കണ്ണൂരില്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ സന്നദ്ധസേന രൂപീകരിക്കുന്നതും സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും.
കര്‍ക്കടകവാവ് ബലിതര്‍പ്പണം നടക്കുന്ന സ്ഥലങ്ങളില്‍, തിരുനാവായയിലും വരക്കല്‍ കടപ്പുറത്തും അടക്കം എല്ലാ വര്‍ഷവും നൂറുകണക്കിന് സേവാഭാരതി പ്രവര്‍ത്തകര്‍ സേവനവുമായി രംഗത്തിറങ്ങാറുണ്ട്. ഇത് മനസ്സിലാക്കിയാണ് പി. ജയരാജന് ബലിതര്‍പ്പണച്ചടങ്ങുകളില്‍ സഖാക്കള്‍ പങ്കെടുക്കണമെന്നും, ബലിയിടാന്‍ വരുന്നവര്‍ക്ക് സഹായം നല്‍കണമെന്നും സഖാക്കള്‍ക്ക് ആഹ്വാനം നല്‍കിയത്. ആര്‍എസ്എസ് ഒരു നൂറ്റാണ്ടായി സേവനം നടത്തുന്നത് ഹൃദയത്തില്‍നിന്ന് ഒഴുകിയെത്തുന്ന സേവന മനോഭാവത്തോടെയാണ്. സിപിഎം സേവനത്തിന് ആഹ്വാനം നല്‍കുന്നത് ആര്‍എസ്എസ് നടത്തുന്ന സേവനത്തിന് പ്രതിരോധം തീര്‍ക്കാനാണ്. അതുകൊണ്ട് ആയിരംവട്ടം ബലിതര്‍പ്പണം നടത്തിയാലും ആര്‍എസ്എസ് നടത്തുന്ന സേവനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയില്ല എന്നു ജയരാജന് മനസ്സിലാക്കാനിരിക്കുന്നതേയുള്ളു. സിപിഎം കൊന്നുതള്ളിയ ജീവിതങ്ങളുടെ ശാപം പതിറ്റാണ്ടുകളായി അവരെ വേട്ടയാടുകയാണ്. പ്രത്യേകിച്ചു പി. ജയരാജനെ. കൊലവിളിച്ചും കൊല്ലിച്ചും പാര്‍ട്ടി വളര്‍ത്തി രാജാവായി വാണിരുന്ന ജയരാജന് പാര്‍ട്ടിയില്‍നിന്ന് അവഹേളനം നേരിട്ട്, ഒരു ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായി കഴിയേണ്ടിവരുന്നു. ശാപങ്ങളില്‍നിന്നു മോക്ഷം കിട്ടണമെങ്കില്‍ ഒരായിരം വട്ടം ബലിതര്‍പ്പണവും സേവനവും നടത്തിയാലും മതിയാവുമെന്ന് തോന്നുന്നില്ല. ആര്‍എസ്എസിനെക്കുറിച്ച് ഒരു നൂറ്റാണ്ട് പഠിച്ചിട്ടും സിപിഎമ്മിന് ഒന്നും മനസ്സിലായിട്ടില്ല. മനസ്സിലാക്കാന്‍ കഴിയുകയുമില്ല.
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ സിപിഎം പ്രായശ്ചിത്തം ചെയ്യാനുള്ള തിരക്കിലാണ്. ക്വിറ്റിന്ത്യാ സമരത്തെ ഒറ്റുകൊടുത്തു. ആഗസ്റ്റ് 15 ആപത്ത് പതിനഞ്ചായി ആചരിച്ചു. സ്വാതന്ത്ര്യസമരസേനാനികളെ അപമാനിച്ചു. 75 വര്‍ഷം വേണ്ടിവന്നു സിപിഎമ്മി
ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍, പാര്‍ട്ടി ഓഫീസില്‍ പതാക ഉയര്‍ത്താന്‍. എത്ര ആഘോഷിച്ചാലും, ആയിരം വട്ടം ഗംഗയില്‍ സ്നാനം ചെയ്താലും, ഈ രാജ്യത്തോട് ചെയ്ത വഞ്ചനയ്ക്കും ദ്രോഹത്തിനും കമ്യൂണിസ്റ്റുകള്‍ക്ക് മാപ്പില്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: