തിരുവനന്തപുരം: കേശവദാസപുരത്ത് മനോരമ എന്ന 68കാരിയെ കൊന്ന് കിണറ്റിലിട്ട ആദം അലി എന്ന 21കാരന് വിചിത്ര ശീലങ്ങളുള്ള യുവാവ്. സ്കൂള്‍ വിദ്യാര്‍ത്ഥികളെ അടിമയാക്കുന്ന പബ് ജി എന്ന ഓണ്‍ലൈന്‍ ഗെയിം സ്ഥിരമായി കളിക്കുന്ന ആദം ആലി ഏതാനും ദിവസം മുന്‍പ് പബ് ജിയില്‍ തോറ്റപ്പോള്‍ ദേഷ്യം അടക്കാനാവാതെ മൊബൈല്‍ തല്ലിത്തകര്‍ത്തതായി കൂടെ താമസിക്കുന്നവര്‍ പറയുന്നു.
അടിക്കടി സിം മാറ്റുന്നതാണ് ഇയാളുടെ മറ്റൊരു സ്വഭാവം. സാധാരണ കുറ്റകൃത്യം ചെയ്യുന്നവരാണ് ഇത്തരം ശീലം പതിവാക്കുന്നത് എന്ന് പൊലീസ് പറയുന്നു. ബംഗാളില്‍ നിന്നും കെട്ടിടനിര്‍മ്മാണ ജോലിക്കാണ് ആദം അലി എത്തിയത്. വെറും രണ്ട് മാസം മുന്‍പ് മാത്രമാണ് മനോരമയുടെ വീടിന് അടുത്ത് ആദം അലി താമസമാക്കിയത്.
മനോരമയുടെ വീട്ടിലേക്ക് ആദം അലി താമസിച്ചിരുന്ന വീട്ടിലേക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയും. ഇതാണ് ആദം അലിയിലേക്ക് പൊലീസിന്റെ സംശയം നീണ്ടത്. മാത്രമല്ല, മൃതദേഹം കണ്ടെത്തിയതിന് ശേഷം ആദം അലി അപ്രത്യക്ഷനായതാണ് സംശയം ഇരട്ടിപ്പിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ മനോരമയുടെ മൃതദേഹം രാത്രി പത്തേമുക്കാലോടെയാണ് അയല്‍വാസിയുടെ കിണറ്റില്‍ കണ്ടെത്തിയത്. മനോരമയുടെ നിലവിളി കേട്ട് നാട്ടുകാര്‍ കതകില്‍ തട്ടിയെങ്കിലും ഉള്ളില്‍ നിന്നാരും കതക് തുറന്നില്ല. പിന്നീട് മൃതദേഹം കിണറ്റില്‍ ഇട്ട ശേഷം ആദം രക്ഷപ്പെട്ടതായിരിക്കാമെന്ന് കരുതുന്നു. മോഷണമാണെന്ന് ആദ്യം കരുതിയെങ്കിലും 60,000 രൂപ നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് ആദം അലിയെ പിടികൂടിയത്. മൃതദേഹം കിണറ്റിലിടുന്ന സിസിടിവി ദൃശ്യമാണ് കുറ്റകൃത്യം ചെയ്തത് ആദം അലിയാണെന്ന നിഗമനത്തില്‍ എത്താന്‍ പൊലീസിനെ സഹായിച്ചത്. രക്ഷപ്പെടുന്നതിനിടയില്‍ ആദം പുതിയ സിമ്മിനായി ഉള്ളൂരില്‍ നിന്നും സുഹൃത്തുക്കളെ വിളിച്ചിരുന്നു. പക്ഷെ സുഹൃത്തുക്കള്‍ എത്തുമ്പോഴേക്കും ആദം രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: