ഗോപന് ചുള്ളാളം
തിരുവനന്തപുരത്തെ കല്ലറ പാങ്ങോട് സമര സ്മരണയ്ക്ക് ശതാഭിഷേക കാലമാണിത്. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നാടിനെ ആവാഹിച്ച കലാപത്തിന് 84 ആണ്ട് തികയുന്നു. 1938 സപ്തംബര്‍ 22 മുതല്‍ 30 വരെയായിരുന്നു കലാപം. കല്ലറയിലും പാങ്ങോട്ടും കര്‍ഷകരുടെ ഭരണം സ്ഥാപിക്കപ്പെട്ടു. 30ന് രാത്രിയില്‍ കുതിരപ്പട്ടാളമെത്തി കലാപം അടിച്ചമര്‍ത്തുന്നതുവരെ അത് നീണ്ടുനിന്നു.
1938 ഫെബ്രുവരിയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഹരിപുര സമ്മേളനത്തിന്റെ അലയൊലിയായിരുന്നു കല്ലറ ചന്തയില്‍ തുടങ്ങിയ പ്രക്ഷോഭം. 1938 സപ്തംബര്‍ 21 ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ യോഗം ആറ്റിങ്ങല്‍ വലിയകുന്നില്‍ നടന്നു. ഇതില്‍ പങ്കെടുത്തവരായിരുന്നു ജനദ്രോഹ നികുതി വര്‍ധനയ്ക്കെതിരെ കല്ലറയിലും പാങ്ങോട്ടുമുള്ള ചന്തകളില്‍ സമരത്തിന് നേതൃത്വം നല്‍കിയത്.
കാര്ഷികോല്പന്നങ്ങള് വിറ്റഴിക്കുന്നതിനുള്ള പ്രവേശനച്ചുങ്കം അകാരണമായി വര്‍ധിപ്പിച്ചതിനെതിരെ കൊച്ചപ്പിപിള്ള, പ്ലാക്കീഴ് കൃഷ്ണപിള്ള, ചെല്ലപ്പന് വൈദ്യന്, ചെറുവാളം കൊച്ചുനാരായണന് ആചാരി എന്നിവരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സംഘടിച്ചു. 1938 സപ്തംബര്‍ 22ന് അവര്‍ ചുങ്കപ്പിരിവ് നല്‍കാതെ ചന്തയില്‍ പ്രതിഷേധിച്ചു. പിരിവുകാരെ തല്ലിയോടിച്ചു. 29ന് കൂടുതല്‍ പോലീസെത്തി. കൊച്ചാപ്പിപിള്ളയെ പാങ്ങോട് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചവശനാക്കി. ഇതറിഞ്ഞ് നാട്ടുകാര്‍ പ്രകോപിതരായി. തിരുവനന്തപുരത്തുനിന്നും പാങ്ങോട്ടേക്കുള്ള എല്ലാ റോഡുകളും മരം വെട്ടിയിട്ടും കല്ലുകള്‍ നിറച്ചും അടച്ച് പോലീസ് സേനയെ തടഞ്ഞു. പാലോട്, പെരിങ്ങമ്മല, നന്ദിയോട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകര്‍ കല്ലറയിലേക്കെത്തി. റോഡ് ഉപരോധം നീക്കാന്‍ ശ്രമിച്ച കുഞ്ഞുകൃഷ്ണനെന്ന പോലീസുകാരനെ സമരക്കാര്‍ അടിച്ചുകൊന്നു. ഉച്ചയോടെ നാട്ടുകാര്‍ പാങ്ങോട് പോലീസ് ഔട്ട്പോ
സ്റ്റിലേക്ക് നാടന്‍തോക്കുകളും പണിയായുധങ്ങളുമായി മാര്‍ച്ച് ചെയ്തു. വെടിവയ്പ്പില്‍ സമരനേതാക്കളായ പ്ലാക്കീഴ് കൃഷ്ണപിള്ളയും ചെറുവാളം കൊച്ചുനാരായണന് ആചാരിയും മരിച്ചുവീണു. ഓലമേഞ്ഞ പോലീസ് ഔട്ട്പോസ്റ്റിന് സമരക്കാര്‍ തീയിട്ടു. വെടിയേറ്റുവീണ സമരനേതാക്കളുടെ മൃതശരീരം അവിടെത്തന്നെ കിടന്നു. രാത്രിയില്‍ ഗോപാലന് എന്ന കര്ഷകന് പോലീസ് വേഷത്തിലെത്തി മൃതദേഹങ്ങള്‍ സ്റ്റേഷനുമുന്നില്‍ മറവുചെയ്തു. അടുത്ത ദിവസം കൂടുതല്‍ പോലീസ് എത്തി. കുതിരപ്പട്ടാളം സമരക്കാരെ കുതിരയുടെ കാലില്‍ കെട്ടിവലിച്ചിഴച്ചു. പലരെയും കൊലപ്പെടുത്തി. സമരക്കാരുടെ മൃതദേഹം വീടുകളിലും പുറത്തുംകിടന്ന് പുഴുവരിച്ചു. പോലീസ് അതിക്രമത്തെത്തുടര്‍ന്ന് പലരും നാടുവിട്ടു. സമരം ക്രൂരമായി അടിച്ചമര്‍ത്തി.
സമരസേനാനികളായ കൊച്ചപ്പി പിള്ളയേയും പട്ടാളം കൃഷ്ണനെയും 1940 ഡിസംബര്‍ 17നും 18 നുമായി തൂക്കിക്കൊന്നു. മറ്റുള്ളവരെ കഠിനതടവിന് ശിക്ഷിച്ചു. പോലീസ് വീട് വളഞ്ഞപ്പോള്‍ രാമേലിക്കോണം പദ്മനാഭന് ആത്മാഹുതി ചെയ്തു. പാലുവള്ളി അബ്ബാസ് ചട്ടമ്പി, മടത്തുവാതുക്കല്‍ ശങ്കരന് മുതലാളി, മാങ്കോട് ഹനീഫ ലബ്ബ, ഡ്രൈവര്‍ വാസു, ഗോപാലന്, പനച്ചക്കോട് ജമാല്‍ ലബ്ബ, കല്ലറ പദ്മനാഭപിള്ള, മാധവക്കുറുപ്പ്, കൊച്ചാലുംമൂട് അലിയാരുകുഞ്ഞ്, മുഹമ്മദാലി, വാവാക്കുട്ടി, കുഞ്ഞന്‍പിള്ള, പാറ നാണന് തുടങ്ങിയവരായിരുന്നു സമരനേതാക്കള്‍. ഇന്നും അവരെ നെഞ്ചേറ്റുന്ന ഒരു ജനതയുണ്ടിവിടെ. ഓര്‍മ്മകളിലും സ്വാതന്ത്ര്യവീര്യം തുടിക്കുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: