കാസര്‍കോട്: ഡീസല്‍ ക്ഷാമത്തെ തുടര്‍ന്ന് ഒരാഴ്ചയായി തറുമാറായ ജില്ലയിലെ കെഎസ്ആര്‍ടി സര്‍വ്വീസ് ഇന്നലെ മുതല്‍ സാധാരണ നിലയിലായി. കിലോ മീറ്ററിന് 35 രൂപക്ക് മുകളില്‍ എല്ലാ ട്രിപ്പുകളുംഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനില്നിന്നും സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച് സര്‍വീസ് നടത്താവുന്നതാണെന്ന ഉത്തരവിനെ തുടര്‍ന്നാണ് ജില്ലയിലെ സര്‍വ്വീസ് സാധാരണ നിലയിലേക്ക് എത്തിയത്.
ഇന്നലെ രാവിലെ 5.30നുള്ള കോഴിക്കോട് സര്‍വ്വീസ് ഒഴികെ 67 സര്‍വ്വീസും റോഡിലിറങ്ങി. സര്‍വ്വീസുകളെല്ലാം ലാഭകരമായതിനാല്‍ സ്വകാര്യ പമ്പില്‍ നിന്ന് ഡീസല്‍ അടിച്ച് തുടങ്ങിയതോടെയാണ് ഡീസല്‍ ക്ഷാമത്തിന് പരിഹാരമായത്. മാത്രമല്ല അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ ഓടുന്ന ബസുകള്‍ കര്‍ണാടകയില്‍നിന്ന് ഡീസല്‍ നിറക്കാന്‍ തുടങ്ങിയാല്‍ പ്രതിദിനം ഒരുലക്ഷം രൂപയില്അധികം ലാഭിക്കാന്‍ സാധിക്കും.
മംഗ്ലൂരു, പൂത്തൂര്‍, സുള്യ റൂട്ടുകളില്‍ പ്രതിദിനം 3500 ലിറ്റര്‍ ഡീസലാണ് വേണ്ടത്. കേരളത്തെ അപേക്ഷിച്ച് 8.50 രൂപയോളം കുറവുള്ള കര്‍ണാടകയില്‍ നിന്ന് ഡീസലിടിച്ചാല് ഈ റൂട്ടില്‍ മാത്രം മാസത്തില്‍ 8 ലക്ഷം രൂപയാണ് കേരളത്തിലെ വില തട്ടിച്ച് നോക്കുമ്പോള്‍ കിട്ടുന്ന വ്യത്യാസം. ഈ പണം വേണമെങ്കില്‍ മൂന്ന് മാസമായി ശമ്പളം കിട്ടാത്ത മെക്കനിക്കുകള്ക്ക് വരെ നല്‍കാനാകും.
കാസര്‍കോട് ഡിപ്പോയിലെ വണ്ടികള്‍ കൂടാതെ കൊട്ടാരക്കര-കൊല്ലൂര്‍, തലശേരി-മംഗ്ലൂരു, തിരുവനന്തപുരം മംഗ്ലൂരു സ്കാനിയ, ബംഗ്ലുരു തുടങ്ങിയ മറ്റ് ഡിപ്പോകളിലെ ബസുകള്‍ അധികവും കാസര്‍കോട് നിന്നാണ് ഇന്ധനം നിറച്ചിരുന്നത്. അത് ഒഴിവാക്കി തലപ്പാടിയില്‍ നിന്നോ കര്‍ണാടകയിലെ പമ്പുകളില്‍ നിന്നും ഡീസലടിച്ച് തുടങ്ങിയാല്‍ വീണ്ടും ലാഭകരമാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കും.
കാസര്‍കോട് ഡിപ്പോയില്‍ പ്രതിദിനം 8,000 ലീറ്ററോളം ഡീസല്‍ ആവശ്യമായി വരുന്നുണ്ട്. 40 ലക്ഷത്തിലേറെയാണു കെഎസ്ആര്‍ടിസി ഡീസല്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള കുടിശിക. കുടിശിക കൊടുത്ത് തീര്‍ക്കാത്തത് കാരണം ഡീസല്‍ തരാന്‍ സാധിക്കില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ പറഞ്ഞതോടെയാണ് പണം കൊടുത്ത് ഡീസലടിക്കാന്‍ കഴിഞ്ഞ ദിവസം എംഡിക്ക് സര്‍ക്കുലര്‍ ഇറക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: