ചെന്നൈ: 44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യ എ ടീം അര്‍മേനിയയ്‌ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ചെസ് ഒളിമ്പ്യാഡില്‍ വെറും 12ാം സീഡുള്ള അര്‍മേനിയ രണ്ടാം സീഡായ ഇന്ത്യ എ ടീമിനെ 2.5-1.5 ന് തോല്‍പിച്ചു. ആദ്യകളിയില്‍ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ പി.ഹരികൃഷ്ണ അര്‍മീനിയയുടെ ഗ്രാന്‍റ് മാസ്റ്റര്‍ ഗബ്രിയേല്‍ സര്‍ഗീസിയനോട് തോല്‍വി ഏറ്റുവാങ്ങി. മറ്റ് മൂന്ന് മത്സരങ്ങളും സമനിലയിലായി. ഗ്രാന്‍റ്മാസ്റ്റര്‍ മെല്‍കുംയാനെ വിദിത് സമനിലയില്‍ തളച്ചു. അര്‍ജുന്‍ എര്‍ഗിയാസി ഗ്രാന്‍റ് മാസ്റ്റര്‍ സഹാക്യാനെയും എസ്. എല്‍. നാരായണന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹൊവ്ഹന്നിസ്യാനെയും സമനിലയില്‍ കുടുക്കി. ഇതോടെ മത്സരം 2.5-1.5ന് അര്‍മേനിയ ജയിച്ചു.
ഇതോടെ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ എ ടീം വളരെ പിന്നിലായി. ഇപ്പോള്‍ അര്‍മീനിയ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ 15 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രഗ്നാനന്ദയും ഗുകേഷും നിഹാല്‍സരിനും സധ്വാനിയും അണിനിരക്കുന്ന ബി ടീം 14 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ഉസ്ബെക്കിസ്ഥാനും 14 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. ജര്‍മ്മനിയെ 2.5-1.5 ന് തോല്‍പിച്ചാണ് ഉസ്ബെക്കിസ്ഥാന്‍ 14 പോയിന്‍റ് നേടി രണ്ടാംസ്ഥാനത്തേക്കുയര്‍ന്നത്. ഇന്ത്യ ബി ടീം പോലെ കൗമാരതാരങ്ങളാണ് ഉസ്ബെക്കിസ്ഥാനിലും. നെതര്‍ലാന്‍റ്സ്, ഇറാന്‍, അസര്‍ബൈജാന്‍ എന്നിവര്‍ 13 പോയിന്‍റുകളോടെ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ത്യ എ ടീം 12 പോയിന്‍റോടെ നാലാം സ്ഥാനത്തും കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സീഡായ യുഎസ് 12 പോയിന്‍റോടെ അഞ്ചാം സ്ഥാനത്തുമാണ്. ചെസ് ഒളിമ്പ്യാഡില്‍ 2006,2008. 2012 വര്‍ഷങ്ങളില്‍ കിരീടം നേടിയ ടീമാണ് അര്‍മീനിയ.
ഏഴാം റൗണ്ടില്‍ അമേരിക്കയുടെ ഷാങ്ക് ലാന്‍റ് നടത്തിയ അനധികൃത നീക്കം (രാജാവിനെ എതിരാളിയുടെ നീക്കത്തിന്റെ സമയത്ത് നീക്കാന്‍ ശ്രമിച്ചത് ) കാരണം 2-2 എന്ന സമനിലയാണെങ്കിലും അര്‍മേനിയ ജയിച്ചതായി പ്രഖ്യാപിച്ചതാണ് അര്‍മേനിയക്ക് അനുഗ്രഹമായത്. ഇതോടെ ഏഴാം റൗണ്ടില്‍ അര്‍മേനിയ 13 പോയിന്‍റ് നേടി മുന്നിലായി. പിന്നീട് എട്ടാം റൗണ്ടില്‍ ഇന്ത്യ എ ടീമിനെ തോല്‍പിച്ചതോടെ അര്‍മേനിയയ്‌ക്ക് 15 പോയിന്‍റായി.
വനിത വിഭാഗത്തില്‍ കൊനേരു ഹംപിയും പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും ഉള്‍പ്പെടുന്ന എ ടീം 15 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഉക്രൈനെതിരെ നടന്ന മത്സരം 2-2 സമനിലയില്‍ പിരിഞ്ഞു. നാല് മത്സരവും സമനിലയിലായി. രണ്ട് മുന്‍ ലോകചാമ്പ്യന്‍മാരായ മരിയ മുസിചുക്കും അന്ന ഉഷേനിന എന്നിവര്‍ ഉണ്ടായിട്ടും ഉക്രൈനെ ഇന്ത്യ സമനിലയില്‍ തളച്ചു. വൈശാലിയാണ് അന്ന ഉഷെനിനയെ സമനിലയില്‍ കുരുക്കിയത്. അന്ന മുസിചുക്കിനെ ഹരിക ദ്രോണാവല്ലി സമനിലയില്‍ തളച്ചു. ഉക്രൈന്റെ നതാലിയ ബുക്സയും ഇന്ത്യയുടെ തനിയ സച്ദേവും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇന്ത്യയ്‌ക്ക് തൊട്ടുപിന്നില്‍ 14 പോയിന്‍റുകളോടെ ജോര്‍ജ്ജിയയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: