ഇടുക്കി : അനുവദനീയമായ സംഭരണശേഷിയിലും ഉയര്‍ന്നതോടെ ഇടുക്കി ചെറുതോണി ഡാമിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും. ഞായറാഴ്ച രാവിലെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് വെള്ളം പെരിയാറിലേക്ക് ഒഴുക്കിയിരുന്നു. എന്നിട്ടും ഡാമിലെ ജല നിരപ്പില്‍ കാര്യമായ കുറവ് വരാതായതോടെയാണ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുന്നത്.
രണ്ട് ഷട്ടറുകള്‍ വൈകിട്ട് നാലരയ്ക്കു തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിലൂടെ 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും. നിലവില്‍ 2384.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 2383.53 ആണ് റൂള്‍ കര്‍വ്. ഷട്ടറുകള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഇടുക്കി ഡാമില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടുക്കി ഡാമിലും വൃഷ്ടി പ്രദേശങ്ങളിലും മഴ തുടരുന്നതിനാല്‍ ഇവിടെ നിന്നും ഒഴുക്കിവിടുന്ന ജലത്തിന്റെ പരിധി 200 ഘനമീറ്റര്‍ ആക്കി ഉയര്‍ത്തുമെന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങള്‍ക്ക് നോട്ടിസ് നല്‍കുകയും 26 ക്യാംപുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്.
ജനവാസ മേഖലയിലേക്ക് വെള്ളം കയറില്ലെങ്കിലും പെരിയാറിന്റെ തീരത്തുള്ള അഞ്ച് വില്ലേജുകളിലും ആറ് പഞ്ചായത്തുകളിലും അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 4 തവണ അണക്കെട്ട് തുറന്നിരുന്നു. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് കൂടുകയും മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറക്കുകയും ചെയ്തതോടെയാണ് ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നത്.
അതേസമയം ഇടമലയാര്‍ ഡാം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ആദ്യം 50 ഘനമീറ്റര്‍ വെള്ളവും തുടര്‍ന്ന് 100 ഘനമീറ്റര്‍ വെള്ളവുമാണ് തുറന്നു വിടുക. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍.
ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകിയെത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. അതിനാല്‍ ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.
രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: