തിരുവനന്തപുരം: ഡീസല്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി സര്‍വീസുകള്‍ താറുമാറായി. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകള്‍ ഇന്നലെ മുടങ്ങിയതോടെ പലയിടത്തും ജനങ്ങള്‍ വലഞ്ഞു. ഇന്നും സര്‍വീസുകള്‍ക്കു കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണു കരുതുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രി 20 കോടി രൂപ അനുവദിച്ചു. പണം ബുധനാഴ്ച കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്തും. അതുവരെ എങ്ങനെ പോകുമെന്നതില്‍ ആശങ്കയുണ്ട്.
ഓര്‍ഡിനറി സര്‍വീസുകള്‍ക്കു പുറമേ തിരുവനന്തപുരത്തു നിന്നു തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകളും ഇന്നലെ മുടങ്ങി. രാവിലെ ഡ്യൂട്ടിക്കെത്തിയ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സര്‍വീസ് റദ്ദാക്കിയതറിഞ്ഞപ്പോള്‍ മടങ്ങി. ഓര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങിയതോടെ ഗ്രാമീണ, തീരദേശ, മലയോര മേഖലകളിലെ യാത്രക്കാരാണ് അധികവും പെരുവഴിയിലായത്. സര്‍ക്കാരും മാനേജ്മെന്റുമുണ്ടാക്കിയ പ്രതിസന്ധിയാണിതെന്നാണു യൂണിയനുകള്‍ ആരോപിക്കുന്നത്. ശമ്പളത്തിനുള്ള 20 കോടി സര്‍ക്കാര്‍ നല്‍കാതെ വന്നതിനാല്‍ അതിനുള്ള തുക സമാഹരിക്കേണ്ടി വന്നതാണ് ഡീസല്‍ പ്രതിസന്ധിക്കു കാരണമെന്ന മാനേജ്മെന്റിന്റെ വാദം യൂണിയനുകള്‍ തള്ളി.
ജൂലൈയിലെ കെഎസ്ആര്‍ടിസിയുടെ വരുമാനം 186 കോടി രൂപയാണ്. ഡീസലിനും ശമ്പളത്തിനുമായി 172 കോടി മതി. എന്നിട്ടും ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധമാണു സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്. കെഎസ്ആര്‍ടിസിയെ അടച്ചുപൂട്ടി എല്ലാ ഷെഡ്യൂളും കെ സ്വിഫ്റ്റിലേക്കു മാറ്റാനുള്ള സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും കള്ളക്കളിയാണ് ഇതിനു പിന്നിലെന്നു യൂണിയനുകള്‍ ആരോപിക്കുന്നു.
ഡീസല്‍ ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ 702 സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദ് ചെയ്തത്. 3859 സര്‍വീസില്‍ 3157 സര്‍വീസ് നടത്തിയെങ്കിലും പലതും ഡീസല്‍ തീര്‍ന്ന് പെരുവഴിയിലായി. കിലോമീറ്ററിന് 35 രൂപ വരുമാനമുള്ള ഓര്‍ഡിനറി സര്‍വീസ് മാത്രം തത്ക്കാലം മതിയെന്നാണു മാനേജ്മെന്റ് നിര്‍ദേശം. ഇതില്‍ താഴെ കളക്ഷന്‍ ലഭിക്കുന്ന ട്രിപ്പ് നടത്തിയാല്‍ യൂണിറ്റ് അധികാരി മറുപടി നല്‍കണം. അതേ സമയം, സ്വിഫ്റ്റ് സര്‍വീസൊന്നും മുടങ്ങരുതെന്നു നിര്‍ദേശമുണ്ട്. ഇതു സ്വിഫ്റ്റ് ലാഭകരമാണെന്നു കാണിക്കാനെന്നാണ് ആക്ഷേപം. 123 കോടി രൂപയാണു കെഎസ്ആര്‍ടിസി എണ്ണ കമ്പനികള്‍ക്കു കൊടുക്കാനുള്ളത്. ഓര്‍ഡിനറി സര്‍വീസുകള്‍ വെട്ടിക്കുറച്ചതില്‍ ഗതാഗത മന്ത്രി ആന്റണി രാജു സിഎംഡി ബിജു പ്രഭാകറില്‍ നിന്നു റിപ്പോര്‍ട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: