ഡോ. ഗോപകുമാര്‍ ചോലയില്‍
സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങളായി അനുഭവപ്പെടുന്ന കാലാവസ്ഥ മാറ്റങ്ങളെ താല്‍ക്കാലിക പ്രതിഭാസമെന്ന് പറഞ്ഞ് എഴുതിത്തള്ളേണ്ടവയല്ല. കാലവര്‍ഷത്തിലടക്കം മഴയുടെ സ്വഭാവവും പെയ്ത്തുരീതികളും അടിമുടി മാറിക്കഴിഞ്ഞു. ഇതോടൊപ്പം മറ്റ് ഋതുക്കളിലും തീവ്രമായ മാറ്റം പ്രകടം.
സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം പാതിയിലാണ് അടുത്തകാലങ്ങളില്‍ അധികമായി മഴ കിട്ടുന്നത്. തുലാമഴ ചിലപ്പോള്‍ ഗണ്യമായി കുറയുകയും മറ്റു ചിലപ്പോള്‍ കൂടുകയും ചെയ്യുന്നു. ഈ രണ്ട് സമയങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീതികള്‍ ഒഴിയുന്നില്ല. മഴ ചിലപ്പോള്‍ ഡിസംബറിലും ജനുവരിയിലും വരെ തുടരുന്നു. ശൈത്യകാലത്ത് ശീതതരംഗവും കനത്ത മഴയും എത്തുന്നത് വന്‍ കൃഷി നാശത്തിനിടയാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ഉഷ്ണതരംഗവും സൂര്യാതപം പോലുള്ളവയും ഏറി വരുന്നു. ഇത്തരത്തില്‍ എല്ലാ സീസണുകളിലും ഒരു വര്‍ഷമല്ലെങ്കില്‍ അടുത്ത വര്‍ഷം തീവ്രമായ മാറ്റമാണ് പ്രകടമാകുന്നത്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ചൂടു കൂടി വരികയാണ്. ഇത്തരത്തില്‍ ചൂട് വര്‍ദ്ധിക്കാന്‍ മുഖ്യകാരണം ആഗോളതാപനമാണ്. ആഗോളതാപനം 1.5 സെന്റീ ഗ്രേഡില്‍ നിയന്ത്രിക്കണമെന്നായിരുന്നു 2015ലെ പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ആഖ്യാനം. എന്നാല്‍ നിലവില്‍ തന്നെ ഇത് 1850കളിലെ വ്യവസായ വിപ്ലവ കാലഘട്ടത്തെ അപേക്ഷിച്ച് 1.2 ഡിഗ്രിക്ക് മുകളിലെത്തി. 5 മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ ചൂട് 1.5 ഡിഗ്രിക്ക് മുകളിലെത്തിയേക്കുമെന്നാണ് ശാസ്ത്രലോകം പറയാതെ പറയുന്നത്.
2100 ഓടെ മൂന്ന് ഡിഗ്രിക്ക് മുകളിലെത്തുമെന്നാണ് കാലാവസ്ഥാ മോഡലുകളെല്ലാം പ്രവചിക്കുന്നത്. ഇത് രണ്ട് ഡിഗ്രിക്ക് മുകളില്‍ പോകരുതെന്നായിരുന്നു ഉച്ചകോടിയിലെ തീരുമാനം. ഇക്കാര്യങ്ങളിലെല്ലാം വലിയ തര്‍ക്കം ശാസ്ത്ര ലോകത്ത് തുടരുന്നു. കേരളത്തിലടക്കം 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ കാലാവസ്ഥാ മാറ്റം സര്‍വസാധാരണമാകും. വരും കാലങ്ങളില്‍ ഋതുക്കള്‍ അനുസരിച്ചുള്ള കാലാവസ്ഥ തന്നെ ഇല്ലാതാകും.
കോട്ടയവും കുട്ടനാടും അടക്കമുള്ള മേഖലകള്‍ ഇതിന്റെ നിലവിലെ ഉദാഹരണങ്ങളാണ്. കുട്ടനാട് പോലുള്ള മേഖലയില്‍ നിന്ന് ജനങ്ങളുടെ പലായനം ആരംഭിച്ച് കഴിഞ്ഞു. ഹൈറേഞ്ചില്‍ നിന്നും വര്‍ഷങ്ങളായി ആളുകള്‍ ഒഴിഞ്ഞുപോകുന്നു. ഭാവിയില്‍ തീരദേശത്ത് നിന്നും ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞു തുടങ്ങും. കോട്ടയത്തെ മാറ്റം അസാധാരണമാണ്. ഉയര്‍ന്ന ചൂടിന് പേര് കേട്ട പാലക്കാടും പുനലൂരിലും ചൂട് കൂടുന്നതിന് ഏറെ മുമ്പ് മധ്യകേരളത്തിലുള്‍പ്പെടുന്ന കോട്ടയത്താണ് വലിയ മാറ്റങ്ങളുണ്ടായത്. ജില്ലയില്‍ ലഭിക്കുന്ന മഴയുടെ തോതും കൂടി. റബര്‍ കൃഷിയുള്ള മേഖലയില്‍ പാരിസ്ഥിതികമായി വന്‍ മാറ്റം വരുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. കനത്തമഴ താങ്ങാനുള്ള ശേഷി എങ്ങും ഇല്ലാതായി. പശ്ചിമഘട്ടത്തിലെ ഒരു ക്വാറി പോലും പ്രശ്നമുണ്ടാക്കാത്തതല്ല.
പഠനത്തിന് ശാസ്ത്രജ്ഞരെത്തിയാല്‍ പോലും ഇവിടേക്ക് കയറ്റിവിടാന്‍ പാറമട മുതലാളിമാര്‍ തയ്യാറാകാറുമില്ല. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് പോലുള്ള ജില്ലകളുടേയും നിലവിലെ സ്ഥിതി ആശാവഹമാണ്. ഇടനാട് സുരക്ഷിതമെന്ന് കരുതിയിരുന്നവര്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച അത്ര ശക്തമല്ലാത്ത മഴയില്‍ പോലും കേരളത്തിന്റെ സ്ഥിതി അതീവ മോശമാണ്.
കനത്തമഴയില്‍ അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറക്കുന്നതും നദികളും കൈവഴികളും നിറയുന്നതും ഇപ്പോള്‍ ആവര്‍ത്തിക്കുന്നു. ശാസ്ത്രീയ പഠനം നടത്തി ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം കണ്ടെത്തണം. ജനങ്ങളെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്ത് എല്ലാ സൗകര്യത്തോടും കൂടി മാറ്റിത്താമസിപ്പിക്കുകയെന്നത് പ്രായോഗികമല്ല. പ്രകൃതി ദുരന്തങ്ങളുടെ തീവ്രത കുറയ്ക്കാനും ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുമാണ് നടപടി വേണ്ടത്.
ഒരു പ്രശ്നം വരുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യുകയും പിന്നീട് ഇത് മനഃപൂര്‍വം മറക്കുന്നതുമാണ് നിലവിലെ പ്രവണത. പരിസ്ഥിതി പ്രശ്നങ്ങളില്‍ രാഷ്ട്രീയം കാണുകയോ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളോ പാടില്ല. മാറുന്ന കാലാവസ്ഥ പിടിച്ചു നിര്‍ത്താന്‍ വന്‍ മുന്നൊരുക്കങ്ങള്‍ തന്നെ വേണം. ഇതിനെ മറികടക്കുകയെന്നതാകും വരും കാലത്ത് ലോകരാജ്യങ്ങള്‍ക്കു മുന്നിലുള്ള വലിയ വെല്ലുവിളി. ഭരണകൂടം, അധികാരികള്‍, ശാസ്ത്രജ്ഞര്‍, സാധാരണ ജനങ്ങള്‍ തുടങ്ങി എല്ലാവരുടേയും പങ്കാളിത്തമുണ്ടാക്കി കൂട്ടായ മുന്നൊരുക്കം തന്നെ ഇതിനായി വേണം.
നമ്മുടെ കൃഷി രീതികള്‍, റോഡ്, കെട്ടിട നിര്‍മാണം, പാറ, മണ്ണ് ഖനനം, പരിസ്ഥി ലോല മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍, മരം മുറി തുടങ്ങിയവ കൃത്യമായി നിയന്ത്രിക്കേണ്ടതും മാറ്റങ്ങള്‍ വരുത്തേണ്ടതും അനിവാര്യം. കാലാവസ്ഥാപരമായ മാറ്റങ്ങള്‍ കൃത്യമായി പഠിച്ച് താല്‍ക്കാലിക, ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കണം. ഏത് ഭരണകൂടം വന്നാലും ഇക്കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിജീവനം പ്രായോഗികമല്ലാതാകും.
മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാനായിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍ ദുരിതങ്ങളുടെ സ്വന്തം നാടായി മാറി. കനത്ത മഴ പെയ്യുമ്പോള്‍ അറബിക്കടല്‍ വെള്ളമെടുത്തില്ലെങ്കില്‍ അത് കേരളത്തെ പ്രളയത്തില്‍ മുക്കും. അടുത്ത മഴപ്പെയ്ത്ത് നോക്കി ജനങ്ങള്‍ മാറി താമസിക്കാന്‍ ഒരുങ്ങി ഇരിക്കേണ്ട ഗതികേടിലാണിപ്പോള്‍.
കൃത്യമായി ഏതൊക്കെ സ്ഥലത്ത് എത്ര അളവില്‍ മഴ ലഭിക്കുമെന്നത് മുന്‍കൂട്ടി പറയുക പ്രായോഗികമല്ല. പ്രകൃതിയിലെ മാറ്റം അത്ര വേഗത്തിലാണ്. നിരവധി കാലാവസ്ഥാ മോഡലുകളുടെ കാലാവസ്ഥാ പ്രവചനം വ്യത്യസ്തമാണ്. കൃത്യമായ മുന്നൊരുങ്ങള്‍ എടുത്തില്ലെങ്കില്‍ ഭാവിയില്‍ കേരളം അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയില്‍ ശ്വാസംമുട്ടി ജീവിക്കുന്ന ഭൂപ്രദേശമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: