വി. കലാധരന്‍
റഷ്യന്‍ സാഹിത്യകാരന്മാരെ ബംഗാളികളും മലയാളികളും അറിയുന്നതുപോലെ ലോകത്ത് മറ്റാര്‍ക്കറിയാം. അതില്‍ത്തന്നെ മലയാളികളാവും റഷ്യയോടും അവിടുത്തെ എഴുത്തുകാരോടും അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്നവര്‍. റഷ്യയും ഉക്രൈനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ട ദിവസങ്ങളില്‍ ഏഷ്യാനെറ്റിന്റെ അന്തിച്ചര്‍ച്ചയില്‍ റഷ്യയിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി എം.കെ. ഭദ്രകുമാര്‍ റഷ്യക്കുവേണ്ടി, വീറോടെ വാദിക്കുന്നതുകേട്ടപ്പോഴൊക്കെ ഞാന്‍ കവിയും പരിഭാഷകനുമായ വേണു വി. ദേശത്തിനെ പേര്‍ത്തും പേര്‍ത്തും ഓര്‍ത്തു. റഷ്യയെച്ചൊല്ലിയുള്ള ഭദ്രകുമാറിന്റെ ഉത്കണ്ഠ തികച്ചും ഭൗതികമെങ്കില്‍ വേണുവിന്റേത് ദസ്തയവ്സ്കിയുമായി ബന്ധപ്പെട്ടത്. ആ രചനകളിലെ അശാമ്യമായ ഖിന്നതകളും ആത്മീയമായ ഉള്‍ക്കാഴ്ചകളും നിലയില്ലാത്ത യാതനാദൃശ്യങ്ങളും വേണുവിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ദസ്തയവ്സ്കി ആത്മവേദനയുടെ പ്രവാചകന്’ സാര്‍ജ്ജവം പ്രപഞ്ചനം ചെയ്യുന്നു.
ദസ്തയവ്സ്കിയുടെ അധികം അറിയപ്പെടാത്ത നോവലുകള്‍ പലതും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള വേണുവിന് ആ രചനകള്പോലെ സുപ്രധാനമാണ് രചയിതാവിന്റെ ജീവിതവും. ഭാവനയെപ്പോലും വെല്ലുന്ന തരത്തില്‍ സംഭവബഹുലവും ഉദ്വേഗഭരിതവുമായിരുന്ന ദസ്തയവ്സ്കിയുടെ നിത്യജീവിതയാഥാര്ഥ്യങ്ങളുടെയും ഭാര്യ അന്നയുടെ അപരിമേയമായ സഹനശേഷിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും ധാരാളം സന്ദര്‍ഭങ്ങളെ കൂട്ടിയിണക്കുന്ന ഹ്രസ്വപ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.
പ്രകാശനം ചെയ്യപ്പെട്ട നിമിഷം മുതല്‍ പുസ്തകത്തിന്റെ അധിപതി വായനക്കാരനെന്നും അതിന്റെ കര്‍ത്താവ് അപ്രസക്തനെന്നുമുള്ള തര്ക്കയുക്തിയില് നിന്ന് വേണു ബഹുദൂരം അകന്നുനില്ക്കുന്നു. ചെറുതും വലതുമായ തന്റെ കൃതികളിലെ സകലകഥാപാത്രങ്ങളുടെയും മനോവിശ്ലേഷണത്തില്‍ അത്യന്തം ശ്രദ്ധാലുവായ ദസ്തയവ്സ്കി എന്ന വ്യക്തിയുടെ വൈചിത്ര്യങ്ങളെ, ചൂതാട്ടത്തിലുള്ള അമിതാസക്തിയെ, ഒഴിയാത്ത കുറ്റബോധത്തെ, അന്നയുടെ മുമ്പിലുള്ള ഏറ്റുപറച്ചിലുകളെ, ദുരന്തസംഘാതം താങ്ങാനാവാതെ വരുമ്പോഴുള്ള വിങ്ങിപ്പൊട്ടലുകളെ, പരാജയബോധത്തെ, വേണു സാന്ദ്രതയ്ക്ക് തെല്ലും ഭംഗം വരാതെ പകര്‍ത്തുന്നു. അകലപ്രാതികൂല്യങ്ങള്ക്കുമപ്പുറം പ്രത്യാശയുടെ കിരണങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന, അതിനായി കര്‍മ്മനിരതനാവുന്ന, ക്രിസ്തുവില്‍ വിശ്രാന്തി തേടുന്ന ദസ്തയവ്സ്കി വേണുവിന്റെ വാക്കുകളില്‍ തെളിമയോടെ വിരാജിക്കുന്നു.
ദര്‍ശനസമൃദ്ധവും ആത്മീയോന്മുഖവുമായ ദസ്തയവ്സ്കിയുടെ സാഹിത്യജീവിതത്തില്‍ സദാ മുങ്ങിനിവരുന്ന വേണുവിന്റെ രുചികള്‍ ഭാരതീയമായ ദര്ശനസംഹിതകളുമായി രമ്യതയില്ത്തന്നെ വര്‍ത്തിക്കുന്നു. വിപ്ലവാനന്തര റഷ്യയില്‍ കണക്കില്ലാതെ കൊണ്ടാടപ്പെട്ട, സാമൂഹികയാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള, സാഹിത്യത്തിന്റെ അതിശയിപ്പിക്കുന്ന പ്രചാരത്തിലും മൂല്യപ്രസരണവ്യഗ്രതയിലും വീണുപോവാതിരിക്കത്തക്കവണ്ണം മൗലികമാണ് വേണുവിന്റെ ചിന്താധാരകള്‍. ഭാരതസംസ്കാരത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുകളിലും ഇതിഹാസങ്ങളിലും ഗേയപാരമ്പര്യങ്ങളിലും അക്ഷയമായ ആഭിമുഖ്യം പുലര്‍ത്തുന്ന ഈ എഴുത്തുകാരന് ദസ്തയവ്സ്കിയോടുള്ള അഭിനിവേശം തീര്‍ത്തും അകൃത്രിമം. കേരളത്തിലെ ഇടതുപക്ഷ സാഹിത്യകാരന്മാര്ക്ക് മാക്സിം ഗോര്‍കിയും പുഷ്കിനും ചെഖോവും പ്രിയപ്പെട്ടവരാവുന്നതിന്റെ കാരണങ്ങളില്‍ പ്രകടമായ രാഷ്ട്രീയമുണ്ട്. നേരെ മറിച്ച് വേണുവിന്റെ ദസ്തയവ്സ്കിയോടുള്ള ക്രമാതീതമായ ഭക്തി തികച്ചും ജൈവികം. ഒരു മിസ്റ്റിക്കിന്റെ മനസ്സ് തിരിച്ചറിയുന്ന വേണുവിന് ടാഗോറും ദസ്തയവ്സ്കിയും ഒരുപോലെ ആരാധ്യരായി മാറുന്നു. ഇതില്‍ വൈരുദ്ധ്യമില്ല. തന്നിലേക്കുതന്നെ നിര്‍ദാക്ഷിണ്യം നോക്കാനും തന്റെ അന്തര്‍രഹസ്യങ്ങളെ നിരന്തരം വിചാരണ ചെയ്യാനും അവശ്യം വേണ്ട ധൈര്യവും നിര്‍മ്മമത്വവും സൂക്ഷിക്കുന്ന ഒരാള്‍ക്കുമാത്രമേ ദസ്തയവ്സ്കിയെ ഈവ്വിധം പിന്തുടരാനാവൂ. ഇന്ത്യന്‍ മിസ്റ്റിസിസത്തിന്റെ വേരുകളില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞ ഒരെഴുത്തുകാരന് റഷ്യന്‍ സാഹിത്യത്തിലെ മഹാനായ തത്വചിന്തകനെ പിന്പറ്റുന്നതില് അസ്വാഭാവികതയില്ല..
കരമസോവ് സഹോദരര്‍, നിന്ദിതരും പീഡിതരും അടക്കം ദസ്തയവ്സ്കിയുടെ പ്രഖ്യാതകൃതികള്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ രചനകളിലേക്ക് നയിച്ച നിമിത്തങ്ങളിലും സാഹചര്യങ്ങളിലും പ്രേരണകളിലുമാണ് വേണുവിന്റെ വാങ്മയം ശക്തിമത്താവുന്നത്. വേണുവിന്റെ ചടുലമായ ഭാഷാശൈലി ഒറ്റയിരിപ്പിന് ഇത് വായിച്ചുതീര്‍ക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു.
പരിഭാഷകളുടെ വിശ്വസ്തത ഏതുകാലത്തും സംശയാസ്പദം. അതുകൊണ്ടാണ് മാര്‍ക്വേസിന്റെ ‘ലവ് ഇന്‍ ദി ടൈം ഓഫ് കോളറ’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരു പത്രപ്രവര്ത്തകന് വിമാനത്തില്‍വച്ച് തന്റെ നേര്‍ക്ക് നീട്ടിയപ്പോള്‍ മുന്‍പ്രധാനമന്ത്രി പി.വി. നരസിംഹറാവു അത് നിരസിച്ചശേഷം ഇങ്ങനെ പറഞ്ഞത്. ‘ചീ. ഠവമിസ ്യീൗ. ക ംമി േീേ ൃലമറ വേല ീൃശഴശിമഹ ശി ടുമിശവെ. എഴുത്തുകാരെ ആഴത്തിലറിഞ്ഞുകൊണ്ടുള്ള പരിഭാഷകള്‍ ചിലപ്പോള്‍ മൂലകൃതിയെ അതിശയിച്ചെന്നിരിക്കും. ദസ്തയവ്സ്കിയുടെ ഇംഗ്ലീഷ് പരിഭാഷകള്‍ വായിച്ചുള്‍ക്കൊള്ളാന്‍ പറ്റാത്തവര്‍ക്ക് വേണുവിന്റെ വിവര്‍ത്തനങ്ങള്‍ സസുഖം വായിക്കാം. ദസ്തയവ്സ്കിയും വേണു വി. ദേശവുമായുള്ള വേഴ്ചയുടെ ആഴവും അര്‍ത്ഥവും അവര്‍ക്ക് മനസ്സിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: