കൊളംബോ: ചൈനീസ് ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് എത്തുന്നത് അനിശ്ചിതമായി നീട്ടിവയ്‌ക്കാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടു. ഇന്ത്യയുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ശ്രീലങ്കയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്. യുവാന്‍ വാങ് 5 എന്ന ചാര കപ്പല്‍ ചൈനീസ് തുറമുഖമായ ജിയാങ് യിന്നില്‍ നിന്നാണ് ഹംബന്‍തോട്ട ലക്ഷ്യമാക്കി വ്യാഴാഴ്ച പുറപ്പെട്ടത്. ആഗസ്ത് 11 ന് കപ്പല്‍ എത്തുമെന്നും 17 വരെ അവിടെയുണ്ടാകുമെന്നുമായിരുന്നു അറിയിപ്പ്.
ഇന്ധനം നിറയ്‌ക്കാനെന്ന പേരിലാണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ ചൈനീസ് ചാര കപ്പലെത്തുന്നത് എന്നായിരുന്നു അറിയിപ്പ്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ പിടിച്ചെടുത്തു വിശകലനം ചെയ്യാന്‍ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാന്‍ വാങ് 5. ഗവേഷണ-പര്യവേക്ഷണ കപ്പല്‍ എന്നാണ് ചൈനയുടെ അവകാശവാദം.
ചൈനീസ് ചാരക്കപ്പല്‍ ഹംബന്‍തോട്ടയില്‍ നങ്കൂരമിട്ട് ചാരപ്രവര്‍ത്തനം നടത്താനുള്ള നീക്കത്തിന് എതിരെ ഇന്ത്യ ശ്രീലങ്കയെ അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യയുടെ സുരക്ഷാ-സാമ്പത്തിക താല്‍പര്യങ്ങളെ ബാധിക്കുന്നതുകൊണ്ട് തന്നെ വിദേശ കാര്യ മന്ത്രാലയം ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
2014 ല്‍ ചൈനയുടെ ആണവ അന്തര്‍വാഹിനി കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് അടുപ്പിച്ചതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മുന്‍ പ്രസിഡന്റ് ഗോദഭയ രജപക്ഷെയും മുന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്ഷെയും വന്‍തോതില്‍ വായ്പ ചൈനയില്‍ നിന്നും സ്വീകരിച്ചിരുന്നു. ഇതാണ് ശ്രീലങ്കയുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: