ന്യൂദല്‍ഹി : ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാത്രിയോടെ പുറത്തുവരും. പാര്‍ലമെന്റ് മന്ദിരത്തില്‍ വൈകീട്ട് അഞ്ചു മണി വരെയുള്ള വോട്ടെടുപ്പിന് ശേഷം ഇന്നു രാത്രിയോടെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജഗ്ദീപ് ധന്‍കറാണ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്നത്. മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന് വേണ്ടിയും മത്സരിക്കുന്നുണ്ട്.
ഇന്ന് രാവിലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിങ്, ധര്‍മേന്ദ്ര പ്രധാന്, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് ചന്ദ്രശേഖര്‍, ജിതേന്ദ്ര സിങ്, അശ്വിനി വൈഷ്ണവ് തുടങ്ങിയവര്‍ പാര്‍ലമെന്റിലെത്തി വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് വീല്‍ചെയറിലെത്തിയാണ് വോട്ടുചെയ്തത്. അതേസമയം കോണ്‍ഗ്രസുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും.
ലോക്സഭയിലെ 543 എംപിമാരും രാജ്യസഭയിലെ 245 എംപിമാരും വോട്ട് ചെയ്താണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈ മാസം പത്തിന് സ്ഥാനമൊഴിയും. ഇന്നു തെരഞ്ഞെടുക്കപ്പെടുന്ന പുതിയ രാഷ്ട്രപതി ഓഗസ്റ്റ് പതിനൊന്നിന് ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: