വാഷിംഗ്ടണ്‍: യാത്രാവിമാനങ്ങള്‍ വരെ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം ചൈന മിസൈലുകള്‍ തൊടുത്തുവിടുന്ന പശ്ചാത്തലത്തില്‍ അടുത്ത രണ്ടാഴ്ചകളില്‍ തയ് വാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകളും തയ് വാന്‍ മേഖലയില്‍ യുദ്ധവിമാനങ്ങളും അമേരിക്ക വിന്യസിക്കും. അമേരിക്കയുടെ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനോട് ചൈന പ്രതികരിച്ചിട്ടില്ല.
യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് അമേരിക്ക, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എസെക്സ് എന്നി യുഎസ് യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ കിഴക്കന്‍ തയ് വാനിലും ജപ്പാന് തുറമുഖത്തുമായി നങ്കൂരമിട്ട് കിടപ്പുണ്ട്. ഇവയെ തയ് വാന്‍ കടലിടുക്കിലേക്ക് വിന്യസിക്കാനാണ് സാധ്യത.
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ് വാന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ ദീര്ഘുദൂര മിസൈലുകള്‍ വരെ ചൈന തുടര്‍ച്ചയായി തയ് വാന്‍ മേഖലയിലേക്ക് വിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൂലം തയ് വാനിലെ വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെടുകയാണ്. 40 വിമാനസര്‍വ്വീസുകള്‍ ഇത് മൂലം തയ് വാന്‍ റദ്ദാക്കി. വ്യോമപാതയിലൂടെയുള്ള 18 അന്താരാഷ്ട്ര സര്‍വ്വീസുകളെ ഇത് ബാധിക്കുകയാണ്. 27 ചൈനീസ് യുദ്ധവിമാനങ്ങള്‍ തയ് വാന്‍, ബെയ്ജിംഗ് അതിര്‍ത്തി രേഖ (മീഡിയന് ലൈന്‍) ലംഘിച്ച് പറന്നതായും തയ് വാന്‍ ആരോപിക്കുന്നു.
ലോകത്തെ തിരക്കുകളുള്ള കപ്പല്‍പാതയാണ് തയ് വാനിലെ കടലിടുക്ക്. ചൈന, ജപ്പാന്, ദക്ഷിണകൊറിയ, തയ് വാന്‍ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലേക്കുള്ള വിപണിയിലേക്ക് ചരക്കുകള്‍ പോകുന്ന കടല്‍മാര്‍ഗ്ഗമാണിത്. ഇവിടെയും ചരക്ക് നീക്കം ചൈനയുടെ മിസൈല്‍ തൊടുക്കല്‍ കാരണം മുടങ്ങുകയാണ്. ഇതാദ്യമായാണ് ചൈന തയ് വാന്‍ കടലിടുക്കില്‍ മിസൈല്‍ പരീക്ഷിക്കുന്നത്. ഹ്രസ്വദൂര മിസൈലുകള്‍ തയ് വാന്‍ കടലിടുക്കില്‍ വെള്ളത്തിനടിയിലൂടെ ചൈന പറത്തി വിട്ടതായും പരാതിയുണ്ട്. ഇത് ഈ പാതയിലൂടെയുള്ള ചരക്ക് ഗതാഗതം തടയാനാണെന്ന് വ്യക്തം. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള ചൈനയുടെ ഈ സൈനികാഭ്യാസം ഞായറാഴ്ച വരെ തുടരുമെന്ന് പറയുന്നു.
ആസിയാന്‍ രാജ്യങ്ങളും ജി7ഉം ചൈനയെ അപലപിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകള്‍ പിഴച്ച് വന്‍ ദുരന്തങ്ങള്‍ ഉണ്ടായേക്കാമെന്ന് ആശങ്ക നിലനില്ക്കുന്നു. ചൈന തൊടുത്തുവിട്ട ഒമ്പത് ബാലിസ്റ്റിക് മിസൈലുകളില്‍ അഞ്ചെണ്ണം തങ്ങളുടെ സാമ്പത്തിക ഇടനാഴിയില്‍ വീണതായി ജപ്പാന് പ്രതിരോധമന്ത്രി നോബുവേ കിഷി കുറ്റപ്പെടുത്തിയിട്ടുണ്ട്.
ചൈനയുടെ ഈ സൈനികാഭ്യാസം ഏഷ്യാ-പസഫിക് മേഖലയില്‍ വലിയ യുദ്ധഭീഷണി ഉയര്‍ത്തുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ് പറഞ്ഞു.
മിസൈലുകള്‍ തൊടുത്തിവിടുന്നത് തയ് വാനെതിരെ ചൈന ഉപരോധം സൃഷ്ടിക്കുന്നതിനാണെന്ന് ഹോങ്കോങിലെ സൗത്ത് മോണിംഗ് പോസ്റ്റ് പറഞ്ഞു. തയ് വാനില്‍ നിന്നുള്ള മത്സ്യ, പഴ, മിഠായി-ബിസ്കറ്റ് ഇറക്കുമതികള്‍ പാടെ നിലച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: