കോട്ടയം: ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാര്‍ വഴി തെറ്റി തോട്ടിലേയ്ക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന കുമ്പനാട് സ്വദേശികളായ ഡോക്ടറെയും കുടുംബത്തെയും നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡോ.സോണിയ(32), അമ്മ ശോശാമ്മ(65), സഹോദരന് അനീഷ്(21), സോണിയയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കാർ പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നില്ല. ഡോർ പെട്ടെന്ന് തുറക്കാൻ സാധിച്ചത് രക്ഷാപ്രവർത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാർ പറഞ്ഞു. തിരുവാതുക്കലിന് സമീപം പാറേച്ചാലില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. മഴ പെയ്ത് വെള്ളം നി റഞ്ഞ് കിടന്നതിനാൽ റോഡും തോടും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.
എറണാകുളത്ത് നിന്നും തിരുവല്ലയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. രാത്രി വൈകി എറണാകുളത്തു നിന്ന് യാത്ര തിരിച്ച ഇവര്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കലില്‍ നിന്ന് വഴിതെറ്റി പാറേച്ചാലില്‍ എത്തുകയായിരുന്നു. തിരുവാതുക്കല്‍-നാട്ടകം സിമന്റുകവല ബൈപാസിലൂടെ പാറേച്ചാല്‍ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്.
ശക്തമായ മഴയെ തുടര്‍ന്ന് റോഡിലേയ്ക്ക് വെള്ളം നിറഞ്ഞ അവസ്ഥയായിരുന്നു. തുടര്‍ന്ന് പാറേച്ചാല്‍ ജെട്ടിയുടെ സമീപത്ത് എത്തിയപ്പോള്‍ കൈത്തോട്ടിലേക്ക് പതിച്ച കാര്‍ ഒഴുകിനീങ്ങി. യാത്രക്കാര്‍ നിലവിളിക്കുകയും വശങ്ങളിലെ ചില്ലില്‍ ഇടിച്ച് ശബ്ദം ഉണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. നാട്ടുകാരായ സത്യന്, വിഷ്ണു എന്നിവരാണ് ആദ്യം എത്തിയത്. കാറിനൊപ്പം കരയിലൂടെ ഓടിയ ഇവര്‍ കാറിനു സമീപം എത്തിയപ്പോള്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു.
ഒഴുകിനീങ്ങിയ കാര്‍ കരയിലേക്ക് തള്ളിനീക്കാന്‍ ശ്രമിച്ചെങ്കിലും മുന്‍ഭാഗം ചെളിയില്‍ തറഞ്ഞു. ഇതോടെ നാട്ടുകാര്‍ കയറിട്ടു കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ബന്ധിച്ചു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിരുന്നു. വാതില്‍ തുറന്ന് കുഞ്ഞിനെയും മറ്റുള്ളവരെയും പുറത്തെത്തിച്ചു. യാത്രക്കാരെ സമീപത്തെ വീട്ടില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. ആര്‍ക്കും പരുക്കുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: