ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫിസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. ഇന്ന് ഉച്ചയ്ക്കാണ് ഇഡി ഉദ്യോഗസ്ഥരെത്തി ഓഫീസ് പൂട്ടി സീല്‍ ചെയ്തത്. ഇന്നലെ നടന്ന റെയ്ഡിന് തുടര്‍ച്ചയായാണ് നടപടി. അന്വേഷണത്തിന് ശേഷമുള്ള തുടര്‍നടപടികളുടെ ഭാഗമായാണ് റെയ്ഡെന്നാണ് ഇ.ഡി വിശദീകരണം. ഈ ഓഫീസ് ഇനി തുറക്കാന്‍ എന്‍ഫോഴ്സ്മെന്റിന്റെ അനുമതി ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ പാഞ്ച്കൂളയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്റെ 64 കോടിയോളം രൂപയുടെ വസ്തു വകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള പരിശോധനകളുടെ ഭാഗമായാണ് ഇന്നലെയും ഡല്‍ഹിയിലെ ആസ്ഥാനത്തടക്കം 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയ്ത്. കേസില്‍ സോണിയ ഗാന്ധിയേയും, രാഹുല്‍ ഗാന്ധിയേയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്.
നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് തവണയായി ഇത്തരത്തില്‍ സോണിയയെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പവന് ബന്‍സാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം സമയം രാഹുല്‍ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: