ന്യൂദല്‍ഹി: മാലദ്വീപിന് 100 മില്ല്യന്‍ ഡോളറിന്റെ (786 കോടി രൂപ) വായ്പ കൂടി അനുവദിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചര്‍ച്ചകളാലാണ് തീരുമാനം. ഇപ്പോള്‍ നല്‍കിവരുന്ന സഹായത്തിനു പുറമേയാണ് വായ്പ. ഭവന നിര്‍മാണത്തിനാണ് ഈ വായ്പ. 4000 വീടുകള്‍ പണിയാനാണ് പദ്ധതി. ഇതിനു പുറമേ 2000 വീടുകള്‍ക്കും സാമ്പത്തിക സഹായം നല്‍കും.

മാലദ്വീപില്‍ ഇന്ത്യ നടപ്പാക്കുന്ന മുഴുവന്‍ പദ്ധതികളും സമയത്തിന് പൂര്‍ത്തിയാക്കുമെന്നും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ദിശയില്‍ എത്തിയതായും ചര്‍ച്ചയില്‍ മോദി ചൂണ്ടിക്കാട്ടി. ഏത് കാര്യത്തിലും മാലയ്ക്ക് ആദ്യം ആശ്രയിക്കാവുന്ന സുഹൃത്താണ് ഇന്ത്യയെന്നും മോദി പറഞ്ഞു. ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട് ഉദ്ഘാടനംമോദിയും സോലിഹും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം വളരുകയാണെന്ന് ചടങ്ങില്‍ മോദി ചൂണ്ടിക്കാട്ടി. മാലദ്വീപിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ഇന്ത്യയുടെ സഹായത്തോടെ നടപ്പാക്കുന്ന ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്.
പദ്ധതി പ്രകാരം 4000 സാമൂഹ്യ ഭവന യൂണിറ്റുകളാണ് നിര്‍മിക്കുന്നത്. ഇത് കൂടാതെ 2000 സാമൂഹ്യ ഭവന യൂണിറ്റുകള്‍ക്ക് കൂടി ഇന്ത്യ സാമ്പത്തിക സഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഏറ്റവും വലിയ ഭീഷണിയാണ് അന്താരാഷ്ട്ര കുറ്റകൃത്യങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും. മോദി പറഞ്ഞു.

ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രസിഡന്റ് മാലദ്വീപില്‍ റുപേ കാര്‍ഡുകള്‍ പ്രാവര്‍ത്തികമാക്കിയത് മികച്ച തീരുമാനമാണെന്നും പറഞ്ഞു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം തുടര്‍ന്നു.
ആറു കരാറുകളില്‍ ഒപ്പിട്ടു; ഭീകരതക്കെതിരെ ഒന്നിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ ഇന്ത്യയും മാലദ്വീപും ആറു കരാറുകളില്‍ ഒപ്പുവച്ചു. ശേഷി വര്‍ദ്ധന, സൈബര്‍ സുരക്ഷ, ഭവന നിര്‍മാണം, ദുരന്ത നിവാരണം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ബന്ധം ശക്തമാക്കാനുള്ളതാണ് കരാറുകള്‍. ഭീകരതക്കെതിരെ ഒന്നിച്ചു നീങ്ങാനും രണ്ടു രാജ്യങ്ങളും തീരുമാനിച്ചു. തിങ്കളാഴ്ച ഇന്ത്യയില്‍ എത്തിയ സോലിഹ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായും ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: