ന്യൂദല്‍ഹി: യുപിഐ ഇടപാടുകളില്‍ 2016ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ച ജൂലൈയില്‍ നേടിയതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇതൊരു മികച്ച നേട്ടമാണ്. പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാനും സമ്പദ്വ്യവസ്ഥയെ ശുദ്ധമാക്കാനുമുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ദൃഢനിശ്ചയത്തെ ഇത് സൂചിപ്പിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
കോവിഡ് 19 മഹാമാരിയുടെ സമയത്താണ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സഹായകമായതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി ജൂലൈയില്‍ 6 ബില്യണിലധികം ഇടപാടുകളാണ് നടത്തിയത്. 2016ലെ ആരംഭത്തിനു ശേഷം ഇന്ത്യയുടെ മുന്‍നിര ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിലെ എക്കാലത്തെയും ഉയര്‍ന്ന ഇടപാടാണിത്.
പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 6.28 ബില്യണ്‍ ഇടപാടുകള്‍ 10.62 ട്രില്യണ്‍ രൂപ യുപിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിമാസം, ഇടപാടുകളുടെ അളവ് 7.16 ശതമാനവും മൂല്യം 4.76 ശതമാനവുമായി ഉയര്‍ന്നു. വര്‍ഷം തോറും ഇടപാടുകളുടെ അളവ് ഏകദേശം ഇരട്ടിയായി. ഇടപാടുകളുടെ മൂല്യം 75 ശതമാനം ഉയര്‍ന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
ലോഞ്ച് ചെയ്ത് ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഒക്ടോബറിലാണ് യുപിഐ ആദ്യമായി ഒരു ബില്യണ്‍ ഇടപാടുകള്‍ കടന്നത്. 2020 ഒക്ടോബറില്‍ യുപിഐ 2 ബില്ല്യണിലധികം ഇടപാടുകള്‍ നടത്തി. അടുത്ത പത്ത് മാസത്തിനുള്ളില്‍ യുപിഐ 3 ബില്യണ്‍ ഇടപാടുകള്‍ എന്ന വളര്‍ച്ച നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: