കണ്ണൂര്‍: വിവാഹ വീടുകളിലുള്‍പ്പെടെ സ്വകാര്യ ചടങ്ങുകള്‍ക്ക് പോലീസുകാരെ ഡ്യൂട്ടിക്ക് നിശ്ചയിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ തീരുമാനത്തിനെതിരെ സേനയില്‍ അമര്‍ഷം. ഇതു സംബന്ധിച്ച് 2022 ജൂണ്‍ 15 നാണ് 117/2022 നമ്പര്‍ പ്രകാരം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എആര്‍ ക്യാമ്പില്‍ നിന്നുള്ള സേനാംഗങ്ങളെയാണ് ഇത്തരത്തില്‍ ആവശ്യക്കാര്‍ക്ക് ദിവസ വേതന നിരക്കില്‍ നല്‍കുന്നത്. അപേക്ഷയോടൊപ്പം 0055-00-102-99-00 പോലീസ് സപ്ലൈഡ് ടു അദര്‍ പാര്‍ട്ടീസ് എന്ന ശീര്‍ഷകത്തില്‍ ഒരു പോലീസുകാരന് 1400 രൂപ വീതം ട്രഷറിയിലടച്ച് ചലാന്‍ കോപ്പി നല്കിയാല് സേവനം ലഭിക്കും. ചടങ്ങുകളിലേക്ക് പോലീസുകാരെ നിയമിക്കുന്നതിനുള്ള വിവേചനാധികാരം മേലുദ്യോഗസ്ഥനാണ്.
കഴിഞ്ഞ ദിവസം പാനൂര്‍ പുത്തൂരിലെ വീട്ടില്‍ കല്ല്യാണച്ചടങ്ങില് നാല് പോലീസുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍ അഞ്ച് മണിവരെയാണ് പോലീസുകാര്‍ കല്ല്യാണ വീട്ടില്‍ സുരക്ഷയുടെ ഭാഗമായി പാറാവ് ജോലി ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് സൂചന. ഉത്തരവ് നടപ്പിലാക്കിയതോടെ കല്ല്യാണ വീടുകളിലും മറ്റ് സ്വകാര്യ ചടങ്ങുകളും നടക്കുന്നിടത്ത് യൂണിഫോമില്‍ത്തന്നെ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകും.
സേനാംഗങ്ങളുടെ ശമ്പള നിരക്കിന്റെ അടിസ്ഥാനത്തിലാണ് ആവശ്യക്കാരന് പണം അടയ്ക്കേണ്ടത്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയുള്ള സേവനത്തിന് ഒരു പോലീസുകാരന് 1400 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും സമാന രീതിയില്‍ പോലീസ് സേനാംഗങ്ങളുടെ സേവനം സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു നല്‍കാറുണ്ടെങ്കിലും സേനാഗത്തിന്റെ ഒരു ദിവസത്തെ ശമ്പളത്തിന്റെ മൂന്നിരട്ടി വരെ തുക ഈടാക്കാറുണ്ട്. ചടങ്ങ് നടക്കുന്ന സ്ഥലം ദൂരെയാണെങ്കില്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന് നല്‍കേണ്ട അലവന്‍സ് കഴിച്ചാല്‍ സര്‍ക്കാരിന് വലിയ നേട്ടമില്ലാത്ത സാഹചര്യമുണ്ടാകും.
ഇത്തരത്തില്‍ സ്വകാര്യ ചടങ്ങുകളിലേക്ക് പോലീസുകാരെ വിട്ടു നല്‍കുന്നത് തങ്ങളുടെ ആത്മവീര്യം തകര്‍ക്കുമെന്ന് സേനയ്ക്കകത്ത് നിന്ന് തന്നെ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സമ്പന്ന വിഭാഗം തങ്ങളുടെ ആഡംബരവും പ്രമാണിത്തവും കാണിക്കാന്‍ ഈ രീതി അവലംബിച്ചാല്‍ പോലീസുകാര്‍ വീടുകളില്‍ ചെന്ന് അവര്‍ പറയുന്ന ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. മേലുദ്യോഗസ്ഥന് തന്റെ വിവേചനാധികാരം വച്ച് തനിക്ക് അതൃപ്തിയുള്ള പോലീസുകാരനെ ബോധപൂര്‍വ്വം പ്രയാസപ്പെടുത്താനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: