കോട്ടയം: ഇലവീഴാപൂഞ്ചിറയില്‍ നിന്നും തിരികെ പോകാനാകാതെ കുടുങ്ങിയ 25ഓളം വിനോദസഞ്ചാരികളെ പുറത്തെത്തിച്ചു. ശക്തമായ മഴയും ഉരുള്‍ പൊട്ടലും ഉണ്ടായതോടെയാണ് മലയാളികളായ 25 ഓളം സഞ്ചാരികള്‍ കുടുങ്ങിയത്. മേച്ചാല്‍ ഗവണ്‍മെന്റ് എല്‍പിഎസ് സ്‌കൂളിലും തൊട്ടടുത്ത വീടുകളിലുമായി സുരക്ഷിതരായി കഴിയുകയായിരുന്നു ഇവര്‍.
മേലുകാവ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കാഞ്ഞിരംകവല മേച്ചാല്‍ റോഡില്‍ വാളകം ഭാഗത്തും, നെല്ലാപ്പാറ മൂന്നിലവ് റോഡില്‍ വെള്ളറ ഭാഗത്തും, കടവ്പുഴ മേച്ചാല്‍ റോഡിലും മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സഞ്ചാരികള്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെയായത്. ഇലക്ട്രിക് ലൈനുകള്‍ റോഡില്‍ പൊട്ടി വീണതും പോസ്റ്റുകള്‍ ഒടിഞ്ഞു നിന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
ശക്തമായ മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി തടഞ്ഞു. തീക്കോയിൽ നിന്നും മുകളിലേക്ക് വാഹനം നിലവിൽ കടത്തിവിടുന്നില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ശക്തമായ മഴ തുടരുമ്പോൾ മണ്ണിടിച്ചിൽ അടക്കമുള്ള അപായ സാധ്യതകൾ നിലവിലുള്ളതിനാലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
ചക്കിക്കാവ് കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങള്‍ കടത്തി വിടാനുള്ള മാര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: