തിരുവനന്തപുരം: ശബളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയില്‍ സിഐടിയു പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസിന്റെ റൂട്ടുകളില്‍ ഇന്ന് മുതല്‍ സ്വിഫ്റ്റിന്റെ ഇലക്ട്രിക് ബസുകള്‍ ഇറങ്ങുന്നതിനെതിരെയാണ് യൂണിയന്റെ പ്രതിഷേധം. സ്വിഫ്റ്റ് ബസ് എടുക്കാന്‍ വന്ന ഡ്രൈവറെയും പ്രവര്‍ത്തകര്‍ തടഞ്ഞു.
ഇന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസ് തടയുമെന്ന് സിഐടി യു നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി നടത്തിയ ചര്‍ച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സിഐടിയു ഇലക്ട്രിക് ബസ് സര്‍വ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.
ഹ്രസ്വദൂര സര്‍വീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകള്‍ പറയുന്നത്. സ്വിഫ്റ്റ് നഷ്ടത്തിലാണെന്നും യൂണിയന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ശമ്പളം മുടങ്ങി പ്രതിസന്ധിയില്‍ നില്ക്കുന്ന ജീവനക്കാരോടുള്ള വെല്ലുവിളിയാണ് ഇന്നത്തെ ഉദ്ഘാടനമെന്നും യൂണിയന് കൂട്ടിച്ചേര്‍ത്തു.
സിറ്റി സര്‍ക്കുലറിലെ എട്ടാമത്തെ സര്‍ക്കിളായ എയര്‍ റെയില്‍ സിറ്റി സര്‍ക്കിളായാണ് ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ഇന്ന് തുടങ്ങുന്നത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിക്ക് തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ വച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ളാഗ്ഓഫ് ചെയ്യും. ഇതിനോടൊപ്പം ബാക്കി സര്‍ക്കിളുകളിലും ഇലക്ട്രിക് ബസുകള്‍ അവതരിപ്പിക്കും.യാത്രക്കാര്‍ കുറവുള്ള ബ്ലൂ സര്‍ക്കളില്‍ നാല് ബസുകളും, ബാക്കി സര്‍വ്വീസുകളില്‍ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. ക്ലോക്ക് വൈസും ആന്റി ക്ലോക്ക് വൈസുമായി ഈ ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് ഇലക്ട്രിക് ബസുകള്‍ ചാര്‍ജിങ്ങിന് വേണ്ടി ഉപയോഗിക്കും. സര്‍വ്വീസ് നടത്തുന്ന ബസുകളില്‍ ചാര്‍ജ് തീരുന്ന മുറയ്ക്ക് ചാര്‍ജ് ചെയ്യുന്ന ബസുകള്‍ മാറ്റി നല്‍കും.
സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ തിരുവനന്തപുരത്ത് ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്നലെ യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത്. കഴിഞ്ഞ ദിവസവും ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: