തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളും അതിന് ഇരയാവുന്നവരും നിരവധിയാണ്. നമ്മള്‍പോലും അറിയാതെ നമ്മള് വില്ക്കപ്പെടുകയാണ് സോഷ്യല്‍മീഡിയകളില്‍. നമ്മള് ലൈക്ക് ചെയ്യുന്ന പല പേജുകളും ലക്ഷങ്ങള്‍ക്കാണ് വില്പന നടത്തുന്നത്. പ്രമുഖ നടിയുടേയോ നടന്റേയോ രാഷ്ട്രീയ പ്രമുഖരുടേയോ ഒക്കെ ചിത്രങ്ങളുള്ള പേജുകളാകും നമ്മുടെ ഫേസ് ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഇന്‍വൈറ്റ് ചെയ്ത് കൊണ്ട് നോട്ടിഫിക്കേഷന്‍ വരിക. നമ്മള് ലൈക്ക് ചെയ്യുകയും ചെയ്യും. അതോടെ അക്കാര്യം മറക്കും. ഇങ്ങനെ നിരവധി പേര് ലൈക്ക് ചെയ്ത് ഭാഗമാകുന്നതോടെ ആ പേജ് വില്‍ക്കും.
കമ്പനികള്‍, റീല്‍സ് ചെയ്യുന്നവര്‍, വിവിധ പ്രോഡക്ടുകള്‍ വില്‍ക്കുന്നതിന് ഉള്‍പ്പെടെ ഈ പേജുകള്‍ വാങ്ങിക്കൂട്ടും. പേജുകള്‍ ലൈക്ക് ചെയ്യുമ്പോള്‍ നടിയുടേയോ നടന്റെയോ സിനിമാ ക്ലിപ്പിങ്ങുകള്‍ ആണ് ആദ്യം വരിക. എന്നാല്‍ പേജ് വില്‍ക്കുന്നതോടെ അത് മാറും. അവരുടെ പേജ് ആകുന്നതോടെ വാങ്ങുന്ന കമ്പനിയുടേതോ ആളുടേതോ ആയ വീഡിയോകളാകും പിന്നെ ദൃശ്യമാകുക. സോഷ്യല്‍മീഡിയയില്‍ സ്ക്രോള്‍ ചെയ്ത് പോകുമ്പോള്‍ കാണുന്ന ഒരു വീഡിയോയോ പരസ്യമോ ആയി പേജ് കടന്നുപോകും. അവര്‍ക്ക് അതില്‍ നിന്നും വരുമാനവും ഉണ്ടാകും. ഓരോ നടീനടന്മാരുടെ പേരിലും ലക്ഷക്കണക്കിന് ഗ്രൂപ്പുകളാണ് ഓരോ ദിവസവും ക്രിയേറ്റ് ചെയ്യുന്നത്. ഫാന്‍സുകാരും അല്ലാത്തവരുമായി നിരവധിപേര്‍ ലൈക്ക് ചെയ്യും. ലൈക്കിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പേജിന് വിലയേറുന്നത്. നടീനടന്മാര്ക്കെല്ലാം അവരുടെ ഒഫീഷ്യല്‍ പേജുകളുണ്ട്. അതില്‍ നീല ടിക് മാര്‍ക്കും ഉണ്ടാകും. എന്നാല്‍ അവരുടെ പേരിനൊപ്പം ഒഫീഷ്യല്‍, ഫാന്‍സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് പേജുകള്‍ തുടങ്ങുന്നത്.
നിരവധി കുട്ടികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നുണ്ട്. രാജ്യേദ്രാഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വരെ ഇത്തരത്തിലുള്ള പേജുകള്‍ വാങ്ങി തങ്ങളുടെ ആശയം ഇതുവഴി പ്രചരിപ്പിക്കുന്നു. സോഷ്യല്‍മീഡിയയില്‍ സ്ക്രോള്‍ ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ വീഡിയോകള്‍ കടന്നുപോകും. നമ്മള് കാണുകയും ചെയ്യും. അശ്ലീല പരസ്യങ്ങളുടെ വീഡിയോ അടക്കം വരുന്നതും ഇത്തരം പേജുകള്‍ വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: