ടി. പി. മോഹന്‍
അനവധി ന്യായ വാദങ്ങള്‍ നിരത്തി ഭരതന്‍ അതീവ സ്‌നേഹത്തോടെ ജ്യേഷ്ഠനെ അയോധ്യ യിലേക്ക് മടങ്ങി വരാന്‍ പ്രേരിപ്പിച്ചുവെങ്കിലും സത്യ നിഷ്ഠനും ആദര്‍ശധീരനുമായ ശ്രീരാമന്‍ അതിനൊന്നിനും വഴങ്ങാതായപ്പോള്‍ ഭരതന്‍ ജീവന്‍ വെടിയാന്‍ ഒരുങ്ങുന്നു. ആ ദയനീയ സാഹചര്യത്തില്‍ ഭരതനെ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ രാമന്‍ കുലഗുരുവായ വസിഷ്ഠന്റെ സഹായം തേടുന്നു. ഗുരുവിന്റെ ശക്തമായ താക്കീതും ഉപദേശവും ഭരതന്‍ സ്വീകരിക്കേണ്ടതായി വരുന്നു.
രാമന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ ഒടുവില്‍ ഭരതന്‍ മുട്ടു മടക്കുന്നു. അയോധ്യയിലേക്ക് ഭരതന്‍ മടങ്ങി പോകുന്നത് രാമന്‍ ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയതിനു ശേഷം മാത്രം :
‘മന്വബ്ദ പൂര്‍ണേ പ്രഥമ ദിനേ ഭവാന്‍
വന്നതില്ലെന്നു വന്നീടുകില്‍
പിന്നെ ഞാന്‍ അന്യദിവസ
മുഷസി ജ്വലിപ്പിച്ച വഹ്‌നിയില്‍
ചാടി മരിക്കുന്നതുണ്ടല്ലോ
എന്നതു കേട്ടു രഘുപതിയും നിജ
കണ്ണുനീരും തുടച്ചന്‍പോടു ചൊല്ലിനാന്‍’
‘അങ്ങനെ തന്നെയൊരന്തരമില്ലതിനങ്ങു
ഞാനന്നുതന്നെ വരും നിര്‍ണയം’
ദാമ്പത്യാദര്‍ശത്തിന്റെ പൊരുള്‍
‘മുന്നില്‍ നടപ്പന്‍ വനത്തിന്നു ഞാന്‍
മമ പിന്നാലെ വേണമെഴുന്നെള്ളുവാന്‍ ഭവാന്‍’
‘വല്ലഭോച്ഛിഷ്ടമെനിക്കമൃതോപമം’
‘ഉണ്ടോ പുരുഷന്‍ പ്രകൃതിയെ വേറിട്ടു?
രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്കിലോ’
‘പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?’
ഏതു ദുരനുഭവങ്ങളും സമചിത്തതയോടെ നേരിടുന്ന ശ്രീരാമന്‍ തന്റെ പ്രിയ പത്‌നിയോട് താന്‍ വനവാസത്തിനു പോകേണ്ടിവരുന്ന സാഹചര്യം വര്‍ണിച്ചതിനു ശേഷം അതിനു സീത മുടക്കം പറയരുതെന്ന് അപേക്ഷിക്കുന്ന രംഗം. അതോടൊപ്പം, രാജധാനിയില്‍ താന്‍ മടങ്ങി വരുവോളം അല്ലലില്ലാതെ അവിടെ കഴിയണം എന്നും നിസ്വാര്‍ത്ഥ സ്‌നേഹത്തോടെ സൂചിപ്പിക്കുന്നു. (പതിവ്രതാരത്‌നമായ സീതയുടെ മറുപടികള്‍ ഭാര്യാ -ഭര്‍തൃ ബന്ധത്തിന്റെ പൊരുള്‍ മാനവകുലത്തിനാകെ അതി ശക്തമായ ഭാഷയില്‍ പകര്‍ന്നു കൊടുക്കുന്നു). എത്ര തന്നെ നിര്‍ബന്ധിച്ചിട്ടും സീത തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെ നിന്നു.
പില്‍ക്കാലത്ത് ലങ്കയില്‍ ശിംശിപാവൃക്ഷച്ചുവട്ടില്‍ രാവണന്റെ ഘോരമായ മാനസിക പീഡനങ്ങള്‍ എല്ലാം സഹിച്ചും ഭക്തിയോടെ അനുനിമിഷം രാമനാമം ജപിച്ചു ജീവിച്ച സീത എക്കാലത്തെയും സ്ത്രീരത്‌നങ്ങളില്‍ അഗ്രഗണ്യയായി ഇന്നും വാഴ്‌ത്തപ്പെടുന്നു.
‘എങ്കിലോ വല്ലഭേ പോരിക വൈകാതെ
സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ട’
അങ്ങനെ, അതീവ ദുര്‍ഘടമായ, പതിനാലു വര്‍ഷങ്ങള്‍ നീണ്ട വനയാത്രയ്‌ക്ക് സീത ഭര്‍ത്താവിനോടൊപ്പം പോകാനുള്ള അനുമതി നേടുന്നു. പില്‍ക്കാലത്ത്, മായാസീതയെ രാവണന്‍ അപഹരിച്ചു കൊണ്ടുപോയ വിവരം അറിഞ്ഞ് വിരഹതാപത്താല്‍ വെന്തുരുകുന്ന രാമന്റെ വിലാപം ഹൃദയഭേദകമാണ്. പരസ്പര ത്യാഗത്തിന്റയും അര്‍പ്പണത്തിന്റെയും എക്കാലത്തെയും ജ്വലിക്കുന്ന ദൃഷ്ടാന്തമായി രാമന്റെയും സീതയുടെയും ദാമ്പത്യം നിലകൊള്ളുന്നു.
ഗുരു ശിഷ്യ ബന്ധത്തിന്റെ തീവ്രത
കുട്ടിക്കാലത്ത് യാഗരക്ഷയ്‌ക്കായി വിശ്വാമിത്ര മഹര്‍ഷി കൊണ്ട് പോകുമ്പോഴും പിന്നീട് യൗവനത്തില്‍ രാജഗുരു വസിഷ്ഠമുനിയുടെ നിതാന്ത മാര്‍ഗദര്‍ശനത്തിലും രാമനും സഹോദരങ്ങളും ഗുരു ശിഷ്യ ബന്ധത്തിന്റെ ഉന്നതങ്ങളിലേക്കെത്തുകയാണ്. പില്‍ക്കാലത്ത് വാല്മീകി മഹര്‍ഷി, ഭരദ്വാജ മുനി തുടങ്ങിയ അനേകം മഹാപുരുഷന്മാരുമായി ശ്രീരാമന്‍ അഭേദ്യമായ ബന്ധം പുലര്‍ത്തിയതായും ചരിത്രം. അതേ വാല്മീകി ആദി മഹാകാവ്യമായ രാമായണം മനുഷ്യ കുലത്തിനു പകര്‍ന്നു നല്‍കി എന്നത് ഇവിടെ സ്മരണീയം.
‘രാജ്യമരാജകമാം, ഭവാനാലിനി
ത്യാജ്യമല്ലെന്നു ധരിക്ക കുമാരാ നീ’
രാമാഭിഷേക വിഘ്‌നത്തെ പറ്റിയും ജ്യേഷ്ഠന്റെ വനയാത്രയെ പറ്റിയും ഒന്നും അറിയാതെ രാജധാനിയില്‍ മടങ്ങിയെത്തിയ ഭരതന്‍ അതീവ ദുഃഖിതനും നിരാശനുമായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുമ്പോള്‍ വസിഷ്ഠമുനിയുടെ അനുകമ്പാപൂര്‍വമായ സാന്ത്വനവും മാര്‍ഗദര്‍ശനവും രാജ്യഭരണം യാതൊരു തരത്തിലുള്ള വിഘ്‌നങ്ങളും കൂടാതെ മുന്നോട്ടു കൊണ്ടുപോകുവാന്‍ ഭരതനെ ഒട്ടൊന്നുമല്ല സഹായിച്ചത്.
പ്രജാവാല്‍സല്യവും രാജഭക്തിയും
‘പൗര ജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീരാമനെ പ്രശംസിക്കുന്നിതെപ്പോഴും
ഓരോ ഗുണഗണം കണ്ടവര്‍
ക്കുണ്ടകതാരിലാനന്ദമതിനില്ല സംശയം’…
പ്രജകള്‍ക്ക് യുവരാജാവായ രാമനോട് സ്‌നേഹവും മതിപ്പും എത്രയേറെ ഉണ്ടെന്ന് അഭിമാനപൂര്‍വം രാജാ ദശരഥന്‍ കുല ഗുരുവായ വസിഷ്ഠനോട് സൂചിപ്പിക്കുന്നൂ. പ്രസ്തുത പഛാത്തലത്തില്‍ രാമന്റെ അഭിഷേകം താമസം വിനാ നടത്തി അനുഗ്രഹിക്കണം എന്ന് അദ്ദേഹത്തോടഭ്യര്‍ത്ഥിക്കുന്ന സന്ദര്‍ഭം.
‘തിഷ്ഠ! തിഷ്ഠ! പ്രഭോ! രാമാ ദയാനിധേ!
ദൃഷ്ടിയ്‌ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങിനെ ഞങ്ങള്‍ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ മമ ദൈവമേ!’
വനയാത്രയ്‌ക്കു രാമനും കൂട്ടരും ഗമിച്ചതിനു പിന്നാലെ പ്രജകളും പിന്തുടരുന്ന കാഴ്ച. തീരാദുഃഖത്തോടെ അവര്‍ ഇങ്ങനെ വിലപിച്ചു കൊണ്ട് അവരുടെ ‘ദൃഷ്ടിയ്‌ക്കമൃതമായൊരുതിരുമേനിയെ’ പിന്തുടര്‍ന്നു പോയി. ശ്രീരാമന്‍ എന്ന മഹാപുരുഷന്റെ ചൈതന്യവത്തായ മറ്റൊരു ഗുണം.
‘അക്കരെ ചെന്നിറങ്ങിപ്പോയ് മറവോള
മിക്കരെ നിന്നു ശവശരീരം പോലെ’
ശ്രീരാമനെ വനത്തിലേക്ക് യാത്രയാക്കിയശേഷം മടങ്ങി എത്തിയ മന്ത്രി സുമന്ത്രരോട്, ദുഃഖപരവശനായ ദശരഥന്‍ മക്കളുടെ അവസ്ഥയെക്കുറിച്ചു അന്വേഷിക്കുന്നു. രാമനും കൂട്ടരും ഗംഗാനദി കടക്കുന്നതു താന്‍ ‘മൃത ശരീരം’ കണക്കെ നോക്കി നിന്നു എന്നായിരുന്നു മറുപടി. (ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും തമ്മിലുള്ള ആത്മബന്ധം രാമായണത്തില്‍ അന്യാദൃശമായ ചാരുതയോടെ വിവരിക്കപ്പെടുന്നു) നിസ്സീമമായ ത്യാഗത്തിന്റെ, അചഞ്ചലമായ നീതിബോധത്തിന്റെ, നിഷ്‌കാമകര്‍മ്മത്തിന്റെയെല്ലാം ആള്‍രൂപമായ ശ്രീരാമദേവന്റെ നാമം എന്നെന്നും മോക്ഷദായകം. ആധുനിക കാലത്തെ സങ്കീര്‍ണമായ ജീവിത സമസ്യകള്‍ മിക്കതിനുമുള്ള പരിഹാരങ്ങള്‍ രാമായണം ശ്രദ്ധയോടെ പാരായണം ചെയ്യുന്ന ഓരോ വ്യക്തിക്കും പകര്‍ന്നു കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: