ബംഗാള്‍: സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകരെ നിയമിക്കുന്നതിന് കൈക്കൂലി വാങ്ങിയതില്‍ തൃണമൂല്‍ പാര്‍ട്ടിയുടെ ഹൈക്കമാന്റിനും പങ്കുണ്ടെന്ന് രാജിവെച്ച മുന്‍ തൃണമൂല്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി. ഇദ്ദേഹത്തിന്റെ അടുത്ത അനുചരയായ അര്‍പ്പിത മുഖര്‍ജിയുടെ രണ്ട് ഫ്ലാറ്റുകളില്‍ നിന്നായി ഇഡി 50 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇപ്പോള്‍ ഈ പണം തന്റേതല്ലെന്ന വെളിപ്പെടുത്തലാണ് പാര്‍ത്ഥാ ചാറ്റര്‍ജി നടത്തുന്നത്. ഈ പണം തന്റേതല്ലെന്ന് കഴിഞ്ഞ ദിവസം അര്‍പ്പിത മുഖര്‍ജിയും വെളിപ്പെടുത്തിയിരുന്നു.
ആവശ്യം വരുമ്പോള്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് പാര്‍ത്ഥാ ചാറ്റര്‍ജി. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്നു പാര്‍ത്ഥാ ചാറ്റര്‍ജി. തൃണമൂല്‍ സര്‍ക്കാരിലെ മൂന്ന് പ്രധാനവകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ആദ്യം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുകളുടെ മന്ത്രിയായി. തൃണമൂല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, മറ്റ് മൂന്ന് പ്രധാനചുമതലകള്‍ എന്നിവ പാര്‍ത്ഥ ചാറ്റര്‍ജി വഹിച്ചിരുന്നു. ഇതില്‍ നന്നെല്ലാം അദ്ദേഹത്തെ ഒഴിവാക്കി. മന്ത്രിസ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പാര്‍ത്ഥ ചാറ്റര്‍ജിയെ ഒഴിവാക്കിയെങ്കിലും തൃണമൂല്‍ പാര്‍ട്ടിയുടെ ഉന്നതര്‍ക്ക് ഈ അഴിമതിപ്പണത്തിലുള്ള ബന്ധം ഒറ്റയടിക്ക് നിഷേധിക്കാന്‍ മമത വിഷമിക്കും.
“ഈ പണം കൈവശം വെച്ചു എന്ന് മാത്രമാണ് അദ്ദേഹം പറയുന്നത്. അധ്യാപകജോലിക്ക് ഏതെങ്കിലും ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും വാങ്ങിയ പണമാണോ ഇതെന്ന് അദ്ദേഹം സമ്മതിച്ചിട്ടില്ല. പാര്‍ട്ടി തിട്ടൂരമുണ്ട്. അത് പിന്തുടരുക മാത്രമാണ് ചെയ്തതെന്ന് പറയുന്നു. മറ്റുള്ളവര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പുവെയ്ക്കുക മാത്രമാണ് ചെയ്തതെന്ന് പാര്‍ത്ഥ പറയുന്നു. “- പേര് വെളിപ്പെടുത്താത്ത ഒരു ഇഡി ഉദ്യോഗസ്ഥന് പറയുന്നു. അഴിമതി പുറത്തുവരികയും പണം പിടിച്ചെടുക്കുകയും ചെയ്തതോടെ തിടുക്കപ്പെട്ടാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും മമത ബാനര്‍ജി നീക്കം ചെയ്തത്. ഈ തിടുക്കം സംശയത്തിനിടയാക്കുന്നുണ്ട്.
തൃണമൂലില്‍ നിന്നും പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കുന്ന പ്രഖ്യാപനം നടത്തിയത് മമതയുടെ മരുമകന് അഭിഷേക് ബാനര്‍ജിയാണ്. “ആരെങ്കിലും കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അവരെ വെറുതെ വിടില്ല. “- ഇതാണ് അഭിഷേക് ബാനര്‍ജി പറഞ്ഞത്. മമതയുടെ അതിവിശ്വസ്തനാണ് പാര്‍ത്ഥ ചാറ്റര്‍ജി. മമതയും അഭിഷേക് ബാനര്‍ജിയും കഴിഞ്ഞാല്‍ തൃണമൂലിലെ മൂന്നാം സ്ഥാനക്കാരനായ നേതാവാണ് ഇദ്ദേഹം. പിന്നെ എവിടെയാണ് തൃണമൂലിന് പിഴച്ചത്. ഇദ്ദേഹത്തിന് മാത്രമായി മമതയും അഭിഷേക് ബാനര്‍ജിയും അറിയാതെ ഇത്രയ്ക്കും വലിയ തുക സൂക്ഷിക്കാന്‍ കഴിയില്ലെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ത്ഥാ ചാറ്റര്‍ജിയെ ഇഡി പൊക്കിയെന്ന് അറിഞ്ഞതിന് ശേഷം മമത പാര്‍ത്ഥയുടെ ഫോണ്‍വിളികള്‍ എടുത്തില്ലെന്നതും ദുരൂഹമായി അവശേഷിക്കുന്നു. നാല് തവണ വിളിച്ചെങ്കിലും എടുത്തില്ലെന്നാണ് പാര്‍ത്ഥ ഇഡിയോട് പറഞ്ഞത്.
“മറ്റുള്ളവര്‍ ശേഖരിച്ച പണം സൂക്ഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഉത്തരവുണ്ടായിരുന്നു. ഇതിലെ നൂറുകണക്കിന് കോടികള്‍ പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് എടുത്തുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലെ ഒരു ചെറിയ പങ്ക് മാത്രമാണ് പിടിച്ചത്. ഇത്രയുമാണ് ഇതുവരെ പാര്‍ത്ഥ വെളിപ്പെടുത്തിയിരിക്കുന്നത്. “- ഇഡി ഉദ്യോഗസ്ഥന് പറയുന്നു.
അനര്‍ഹര്‍ക്ക് ജോലി നല്‍കിയതില്‍ മറ്റ് വകുപ്പുകള്‍ ഇടപെട്ടിട്ടുണ്ടെന്നും പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞതായും ഇഡി വെളിപ്പെടുത്തുന്നു. “പണം കൊടുത്താണ് പലരും റെയില്‍വേ ജോലി നേടിയിരിക്കുന്നത്. മജേര്‍ഹട്ടില്‍ ഇതിന് വേണ്ടി മാത്രം ഒരു ഓഫീസ് പ്രവര്‍ത്തിച്ചിരുന്നു. തന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പാര്‍ട്ടി വൈകിയെന്നും അതിനുള്ളില്‍ മറ്റ് മന്ത്രിമാര്‍ അവരുടെ വീടുകള്‍ വൃത്തിയാക്കിയെടുത്തെന്നും പാര്‍ത്ഥ പറയുന്നു.”- ഇഡി പറയുന്നു.
പാര്‍ട്ടിക്ക് പണം സൂക്ഷിക്കാന്‍ അര്പ്പിതയെപ്പോലെ ഒരു നടി ആവശ്യമായിരുന്നുവെന്നും പാര്‍ത്ഥ പറഞ്ഞതായി ഇഡി ഉദ്യോഗസ്ഥന് വെളിപ്പെടുത്തുന്നു. അതേ സമയം ഈസ്റ്റ് മെഡിനിപ്പൂരിലെ സ്കൂളില്‍ തന്റെ സുരക്ഷാ ജീവനക്കാരുടെ ബന്ധുക്കളായ യോഗ്യതയില്ലാത്ത 10 പേര്‍ക്ക് വ്യാജസര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ ജോലി നല്‍കിയിരുന്നതായും പാര്‍ത്ഥ ചാറ്റര്‍ജി സമ്മിതിച്ചിട്ടുണ്ട്. സ്വന്തമായി അഴിമതി നടത്തിയിട്ടുണ്ടെങ്കിലും പിടിച്ചെടുത്ത തുകയിലും മറ്റുമായി തൃണമൂലിലെ ഉന്നതരായ പലര്‍ക്കും ബന്ധമുണ്ടെന്നും പാര്‍ത്ഥ വെളിപ്പെടുത്തുന്നു. ഇഡി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുകയാണ്. ഇതില്‍ നിന്നും പുറത്തുകടക്കാനും സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താനും മമത പാടുപെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: