മുംബൈ : കെട്ടിട നിര്‍മാണ അഴിമതിയുമായി ബന്ധപ്പെട്ട് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍. കൊറേഗാവ് ഭവന നിര്‍മാണവുമായി ബന്ധ പത്ര ചൗള്‍ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണു നടപടി.
ഗോരെഗാവ് മേഖലയിലെ പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള 1,034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് സഞ്ജയ് റാവുത്തിന്റെ കൂട്ടാളിയായ പ്രവീണ്‍ റാവത്ത് നേരത്തെ അറസ്റ്റിലായിരുന്നു. ഇയാള്‍ ഇപ്പോഴും ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. ഏപ്രിലില്‍ സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ, ഇയാളുടെ കൂട്ടാളി സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന എന്നിവരുടെ 11.5 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
കൂടാതെ വര്‍ഷയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ എത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റാവത്തിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ റാവത്തിന്റെ മുംബൈയിലെ ബാന്‍ഡുപ്പിലുള്ള വസതിയില്‍ ചോദ്യം ചെയ്യലിനും തെരച്ചിലും നടത്തിയ ശേഷമാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇഡി സഞ്ജയ് റാവുത്തിന്റെ വസതിയില്‍ എത്തിയത്.
ജൂലൈ 20നും 27നും ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ അതുകഴിഞ്ഞുമാത്രമെ ഹാജരാകാന്‍ കഴിയൂവെന്നാണ് റാവത്ത് അറിയിച്ചത്. കഴിഞ്ഞ ജൂലൈ ഒന്നിന് ഇഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീണ്‍ റാവത്ത്, സുജിത് പട്കര്‍ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: